Thursday, April 25, 2024
HomeIndiaരാജ്യം പിന്നോട്ടാണ് സഞ്ചരിച്ചത്: പാര്‍ലമെന്റ് ഉദ്ഘാടത്തിലെ പൂജകള്‍ക്കെതിരെ ശരത് പവാര്‍

രാജ്യം പിന്നോട്ടാണ് സഞ്ചരിച്ചത്: പാര്‍ലമെന്റ് ഉദ്ഘാടത്തിലെ പൂജകള്‍ക്കെതിരെ ശരത് പവാര്‍

മുംബൈ : പാര്‍ലമെന്റ് ഉദ്ഘാടനത്തിലെ പൂജകള്‍ രാജ്യത്തെ പിന്നോട്ടാണ് നയിച്ചതെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത കാര്യങ്ങള്‍ ഒട്ടും ശരിയായില്ലെന്നും, ദശാബ്ദങ്ങള്‍ പിറകോട്ട് രാജ്യം പോയെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ ഗുണവിശേഷമുള്ള ഒരു സമൂഹത്തെയാണ് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വാര്‍ത്തെടുത്തത്. എന്നാല്‍ പുതിയ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങ് അതിന്റെ നേര്‍വിപരീതമാണെന്നും പവാര്‍ പറഞ്ഞു.

ഗണപതി പൂജകള്‍ അടക്കം നടത്തിയാണ് പാര്‍ലമെന്റ് പ്രധാനന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ചെങ്കോല്‍ പാര്‍ലമെന്റില്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളെ ഇതിനെ വ്യാപകമായി വിമര്‍ശിച്ചിരുന്നു.

രാജ്യത്തെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആധുനിക ഇന്ത്യയെ കുറിച്ച്‌ സങ്കല്‍പ്പിച്ചതും. ഇപ്പോള്‍ പുതിയ പാര്‍ലമെന്റിന്റെ പുതിയ സമുച്ചയത്തില്‍ പൂജകള്‍ നടത്തിയതും തമ്മില്‍ വലിയ അന്തരമുണ്ട്. ഞാനതില്‍ ഭയക്കുന്നുണ്ട്. കാരണം ദശാബ്ദങ്ങള്‍ പിറകിലേക്ക് നമ്മള്‍ പോകുന്നതെന്നാണ് കരുതുന്നത്.

ഒരു രാജ്യം ഒരിക്കലും ശാസ്ത്രത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ പാടില്ല. ശാസ്ത്ര ഗുണവിശേഷമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു നെഹ്‌റു. ആ നെഹ്‌റുവിന്റെ സ്വപ്‌നങ്ങളെ ഇല്ലാതാക്കുന്ന നടപടികളാണ് പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ നടന്നതെന്നും പവാര്‍ വിമര്‍ശിച്ചിരുന്നു. നേരത്തെ എന്‍സിപിയും പാര്‍മെന്റ് ഉദ്ഘാടനം ബഹിഷ്‌കരിച്ചിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ പോകാതിരുന്നതിനെ കുറിച്ചും പവാര്‍ വിശദീകരിച്ചിരുന്നു. രാവിലെ ഉദ്ഘാടന ചടങ്ങ് ടിവിയില്‍ കണ്ടിരുന്നു. അവിടെ പോകാതിരുന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ കണ്ട കാഴ്ച്ചയില്‍ ആശങ്കയുണ്ടെന്നും എന്‍സിപി അധ്യക്ഷന്‍ പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും ചടങ്ങില്‍ പങ്കെടുക്കാത്തതിനെയും പവാര്‍ വിമര്‍ശിച്ചു.

രാഷ്ട്രപതിയെയും, ഉപരാഷ്ട്രപതിയെയും ചടങ്ങിലേക്ക് ക്ഷണിക്കുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ചടങ്ങിനുണ്ടായിരുന്നു. എന്നാല്‍ രാജ്യസഭാ ചെയര്‍മാനായ ഉപരാഷ്ട്രപതിയില്ല. ഇത് കുറച്ച്‌ പേര്‍ക്ക് മാത്രമായിട്ടുള്ള പരിപാടിയായിട്ടാണ് തോന്നുന്നതെന്നും പവാര്‍ പറഞ്ഞു.

നേരത്തെ ഗുസ്തി താരങ്ങളെ ബലംപ്രയോഗിച്ച്‌ നേരിട്ട ഡല്‍ഹി പോലീസിനെതിരെയും ശരത് പവാര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. വളരെ വേദനാജനകമായ കാര്യങ്ങളാണ് രാജ്യ തലസ്ഥാനത്ത് നടന്നതെന്ന് പവാര്‍ പറഞ്ഞു. ഡല്‍ഹി പോലീസിന്റെ ഇത്തരമൊരു നടപടിയെ ശക്തമായി അപലപിക്കുന്നു.

രാജ്യത്തിന്റെ അഭിമാനമായ അത്‌ലറ്റുകള്‍ക്കെതിരെയാണ് അവര്‍ അതിക്രമം കാണിച്ചിരിക്കുന്നത്. നമ്മുടെ ജനാധിപത്യ മൂല്യങ്ങള്‍ ഇന്ന് നാണിച്ച്‌ തലതാഴ്ത്തും. അത്ര വലിയ ക്രൂരതയാണ് ഡല്‍ഹി പോലീസില്‍ നിന്നുണ്ടായതെന്നും പവാര്‍ ട്വീറ്റ് ചെയ്തു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ മറുപടി പറഞ്ഞേ തീരൂ എന്ന് സുപ്രിയ സുലെയും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular