Saturday, July 20, 2024
HomeUSAരാഹുൽ ഗാന്ധിയെ എതിരേൽക്കാൻ ന്യു യോർക്ക് ഒരുങ്ങി : സമ്മേളനം 4-നു ജാവിറ്റ്സ് സെന്ററിൽ

രാഹുൽ ഗാന്ധിയെ എതിരേൽക്കാൻ ന്യു യോർക്ക് ഒരുങ്ങി : സമ്മേളനം 4-നു ജാവിറ്റ്സ് സെന്ററിൽ

ന്യു യോർക്ക് :  ഇന്ത്യയെ ഇളക്കി മറിച്ച ഭാരത് ജോഡോ യാത്രയുടെ തുടർച്ചയെന്നോണം പ്രവാസി സമൂഹവുമായി സംവദിക്കാൻ കോൺഗ്രസ് മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി എത്തുമ്പോൾ സ്നേഹാദരവുമായി വരവേൽക്കാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) സജീവമായി രംഗത്ത്.

ജൂൺ നാല് (അടുത്ത  ഞായർ) ഉച്ചക്ക് രണ്ട് മണിക്ക് ന്യു യോർക്ക് സിറ്റിയിലെ പ്രശസ്തമായ ജാവിറ്റ്   സെന്ററിൽ രാഹുൽജി സംസാരിക്കുകയും ജനങ്ങളുമായി ഇടപഴകുകയും ചോദ്യങ്ങൾക്കു മറുപടി പറയുകയും ചെയ്യുമ്പോൾ ഭാരതത്തിന്റെ നാളത്തെ സാരഥിയുടെ ജനങ്ങളോടുള്ള കാപട്യമില്ലാത്ത സ്നേഹമാണ്  തെളിയുകയെന്ന്  ഐ.ഒ.സി  സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ വൈസ് ചെയർ ജോർജ് എബ്രഹാം ചൂണ്ടിക്കാട്ടി. മറ്റൊരു നേതാവിനും ഇതുപോലെ ജനങ്ങളിലൊരുവനായി മാറാനാവില്ല.

വിഭജന രാഷ്ട്രീയത്തിന്റെയും മതധ്രുവീകരണത്തിന്റെയും ഇടയിൽ നിന്ന്, ഇന്ത്യൻ ജനതയെ പ്രചോദിപ്പിക്കാനും ഏകീകരിക്കാനും അവരുടെ ഹൃദയതാളം കേട്ടറിയുന്നതിനും ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള കന്യാകുമാരി മുതൽ വടക്കേ അറ്റമായ കാശ്മീർ വരെ 2500 മൈൽ നടന്നുകൊണ്ട്  ഭാരത് ജോഡോ എന്ന ചരിത്രപരമായ യാത്ര നടത്തിയ ശേഷമുള്ള സന്ദർശനം എന്നതുകൊണ്ടുതന്നെ ഇതിന് ഏറെ പ്രാധാന്യമുണ്ട്.-അദ്ദേഹം പറഞ്ഞു

ലോംഗ് ഐലൻഡിലെ മിനിയോളയിൽ ജാസി റെസ്റ്റോറന്റിൽ നടത്തിയ പത്രസമ്മേളനത്തിൽ ഇംഗ്ലീഷിലും ഇന്ത്യയുടെ വിവിധ പ്രാദേശിക ഭാഷകളിലുമുള്ള പ്രിന്റ്-ടിവി മാധ്യമ പ്രവർത്തകർ പങ്കെടുത്തു.

താൻ ഭാരത് ജോഡോ  യാത്രയിൽ രണ്ടാഴ്ച പങ്കെടുത്തതും അത് ജനഹൃദയങ്ങളെ എങ്ങനെ ആകർഷിച്ചുവെന്നും കണ്ടറിഞ്ഞതാണെന്ന് ഐ.ഓ.സി പ്രസിഡന്റ മൊഹിന്ദർ  സിംഗ് ഗിൽസിയൻ  പറഞ്ഞു. ഇതുപോലൊരു നേതാവ് ഇന്ത്യയിലില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുമ്പോഴും ഇന്ത്യയെ പതിനെട്ടാം നൂറ്റാണ്ടിലേക്കു കൊണ്ട് പോകുന്ന നേതാക്കൾക്ക് വിപരീതമാണ് രാഹുലിന്റെ ശൈലി.

ജാവിറ്റ്സ് സെന്ററിൽ ഉള്ളിൽ 3500 പേർക്കും പുറത്ത് അത്രയും പേർക്കും സമ്മേളനത്തിൽ പങ്കെടുക്കാം.  എന്തുകൊണ്ടും വ്യത്യസ്തമായിരിക്കും ഈ സമ്മേളനം.

ഇന്ന് (തിങ്കൾ) കാലിഫോര്ണിയയിലെത്തുന്ന രാഹുൽ ഗാന്ധി നാളെ സിലിക്കോൺ വാലിയിലെ സാന്താ ക്ലാരയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്. അവിടെ 2000 പേര് പങ്കെടുക്കുമെന്ന് കരുതുന്നു. ന്യു യോർക്കിലേതാണ്  പ്രധാന സമ്മേളനം-അദ്ദേഹം പറഞ്ഞു.

സാൻഫ്രാൻസിസ്കോ, വാഷിംഗ്ടൺ ഡിസി,   എന്നിവിടങ്ങളിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത്  സർവ്വകലാശാലകൾ, ടെക് സംരംഭകർ, സിവിൽ സൊസൈറ്റി, ബിസിനസ്സ്, മാധ്യമങ്ങൾ, രാഷ്ട്രീയക്കാർ, നേതാക്കൾ എന്നിവരുമായി  ആശയവിനിമയം നടത്തിയ ശേഷമാണ് രാഹുൽ  ന്യു യോർക്കിൽ എത്തുന്നത്.  ഇവിടെയെല്ലാം പ്രിയ നേതാവുമായി സംസാരിക്കാൻ ജനങ്ങൾക്ക് അവസരം ലഭിക്കുമെന്ന് മൊഹിന്ദർ സിംഗ് പറഞ്ഞു.

സമ്മേളനത്തിന് ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ലോജിസ്റ്റിക്സ് കൈകാര്യം  ചെയ്യുന്ന സമ്മേളനത്തിന്റെ ജനറൽ കൺവീനർ  പ്രദിപ് സമലാ (വർക്കിംഗ് പ്രസിഡന്റ് -നോർത്ത് ഈസ്റ്റ്) പറഞ്ഞു.

https://www.rgvisitusa.com/ എന്ന വെബ് സൈറ്റിൽ പോയി രജിസ്റ്റർ ചെയ്യണം. അത് വളരെ എളുപ്പമാണ്. അനാവശ്യമായ സെക്യൂരിറ്റി  കടമ്പകളൊന്നുമില്ല. സൈറ്റിൽ തന്നെ മാധ്യമ പ്രവർത്തകർക്ക്  പ്രത്യേക രജിസ്ട്രേഷന് സൗകര്യമുണ്ട്.

രാഹുലിന്റെ വരവിൽ എല്ലാ ജനാധിപത്യ വിശ്വാസികളും ആവേശഭരിതരാണ്. ഈ സന്ദർശനം വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും-അദ്ദേഹം പറഞ്ഞു.

രാഹുലിനെ പപ്പു എന്ന് വിളിക്കുന്നവർ അദ്ദേഹം ബാപ്പുവിനെപ്പോലെ ജനങ്ങളുടെ സ്നേഹം  കൈവരിച്ചുവെന്നത് മറക്കേണ്ടതില്ലെന്ന് വൈസ്  പ്രസിഡന്റ് ജോൺ  ജോസഫ് പറഞ്ഞു.

ക്യുൻസ്, ഫ്‌ളഷിംഗ്‌, വെസ്റ്ചെസ്റ്റർ, റോക്ക് ലാൻഡ്, ന്യു ജേഴ്‌സി, ഫിലാഡൽഫിയ എന്നിവിടങ്ങളിൽ നിന്നൊക്കെ പ്രത്യേക ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഐ.ഓ.സി കേരള ചാപ്ടർ പ്രസിഡന്റ് ലീലാ മാരേട്ട് പറഞ്ഞു. ട്രാൻസ്‌പോർട്ടേഷൻ ആവശ്യമുള്ളവർ ബന്ധപ്പെടണം-അവർ അറിയിച്ചു. ലീല മാരേട്ടിന്റെ നമ്പർ: 646-539-8443

ജനറൽ സെക്രട്ടറി  ശർമ, ആന്ധ്ര ചാപ്ടർ ചെയർ പവൻ ദരിസി, തെലങ്കാന  ചാപ്ടർ ചെയർ രാജേശ്വരി റെഡ്ഢി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കർണാടക ഇലെക്ഷൻ വിജയത്തിന് ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്ക സന്ദർശനത്തിന് മുൻപുമാണ് രാഹുൽ വരുന്നത്. എന്നാൽ രാഹുലിന്റെ സന്ദർശനം ഏറെക്കാലമായി ചിന്തിച്ചു കൊണ്ടിരുന്നതാണെന്നും ഇപ്പോൾ വരുന്നതിൽ പ്രത്യേകതയൊന്നും ഇല്ലെന്നും ജോർജ് എബ്രഹാമും മൊഹിന്ദർ സിംഗും പറഞ്ഞു.

കർണാടക തെരെഞ്ഞെടുപ്പോടുകൂടി ഇന്ത്യയിൽ മാറ്റങ്ങൾ ആരംഭിച്ചുവെന്നും രാഹുല്ജിയുടെ നേതൃത്വത്തിൽ മാറ്റങ്ങൾ ത്വരിതമാകുമെന്നും അതിൽ പങ്കു കൊള്ളാൻ  പ്രവാസികൾക്കും അവസരം ലഭിക്കുന്നതാണ് ഈ സന്ദർശനമെന്നും ഐ.ഓ.സി. ജനറൽ സെക്രട്ടറി ഹാർബച്ചൻ  സിംഗ് പറഞ്ഞു.

ജനാധിപത്യത്തിന്റെ യഥാർത്ഥ മൂല്യങ്ങളും കാഴ്ചപ്പാടുകളും പ്രോത്സാഹിപ്പിക്കുന്നതിനായി അമേരിക്കയിലും വിദേശത്തുമുള്ള  ഇന്ത്യക്കാർ  ഉൾപ്പെടെ വിവിധ വ്യക്തികളുമായും സ്ഥാപനങ്ങളുമായും മാധ്യമങ്ങളുമായും കൂടിക്കാഴ്‌ച നടത്തുന്നതിനും  സംവദിക്കുന്നതിനും വേണ്ടിയാണ് ഈ സന്ദർശനമെന്ന്   ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡ പറഞ്ഞു.

മനുഷ്യാവകാശങ്ങൾ, സ്വാതന്ത്ര്യം, നീതി, വൈവിധ്യം, അഹിംസ, സുസ്ഥിരത എന്നീ സാർവത്രിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നേതാവ് എന്ന സ്ഥാനം രാഹുൽ ഗാന്ധിക്ക് ജനം  കല്പിച്ചുകൊടുത്തിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും  യുവാക്കളെയും  പ്രതിനിധീകരിക്കാൻ  അശ്രാന്തമായി പ്രവർത്തിക്കുന്ന അദ്ദേഹം, മെച്ചപ്പെട്ട തൊഴിൽചെയ്ത് ജീവിത സാഹചര്യങ്ങൾ  മെച്ചപ്പെടുത്തണമെന്നുള്ള പുതുതലമുറയുടെ അഭിലാഷങ്ങൾ പതിവായി ശ്രദ്ധയിൽ കൊണ്ടുവരുന്നു. ജാതി, വംശം, മതം, ഭാഷ, പ്രദേശം എന്നീ വിഭാഗീയതയില്ലാതെ, എല്ലാ സമുദായങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്കും സമാധാനപരമായ സഹവർത്തിത്വത്തിനും രാഷ്ട്രീയവും സാമൂഹികവുമായ സ്ഥിരതയിലുമാണ് അദ്ദേഹം  വിശ്വസിക്കുന്നത്.

ജൂൺ 4 ഞായറാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് ന്യൂയോർക്ക് സിറ്റിയിലെ ജാവിറ്റ്സ് സെന്ററിൽ, 429 11th Ave-ൽ പൊതുയോഗം നടക്കും.

കൂടുതൽ വിവരങ്ങൾക്ക്:  646-732-5119, 917-749-8769, 848-256-3381, 201-421-5303, 917-544-4137 എന്ന നമ്പറിലൂടെയോ  iocusaorg@gmail.com എന്ന ഇ-മെയിലിലൂടെയോ  ബന്ധപ്പെടുക.

RELATED ARTICLES

STORIES

Most Popular