Saturday, July 27, 2024
HomeKeralaക്ലാസ്മുറിയിലേക്കൊരു ചുമരകലം: സഞ്ജനക്ക് ഇത്തവണയും സ്കൂള്‍ തന്നെ വീട്

ക്ലാസ്മുറിയിലേക്കൊരു ചുമരകലം: സഞ്ജനക്ക് ഇത്തവണയും സ്കൂള്‍ തന്നെ വീട്

തിരുവനന്തപുരം : പുത്തനുടുപ്പും പുസ്തക സഞ്ചിയുമില്ലാതെ നാലാം ക്ലാസിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് സഞ്ജന എന്ന ഒമ്ബതു വയസ്സുകാരി.

കൂട്ടുകാരെല്ലാം ഓട്ടോയിലോ ബസിലോ വരുമ്ബോള്‍ അവള്‍ക്ക് ക്ലാസ് മുറിയിലേക്കുള്ളത് ചുമരകലം. വീടിനെക്കുറിച്ചുള്ള കൂട്ടുകാരുടെ വര്‍ണനയെല്ലാം അതിശയോക്തി.

മുറ്റവും പൂന്തോട്ടവുമെല്ലാം കേട്ടറിവ്. അടുക്കളയെന്നാല്‍ സ്കൂളിലെ കഞ്ഞിപ്പുരക്കപ്പുറം പോകില്ല ഭാവന. വീട്ടിലെ കക്കൂസും കുളിമുറിയും എങ്ങനെയിരിക്കുമെന്നറിയാൻ സഹപാഠികളുടെ വാക്കിന് കാതോര്‍ക്കും, ആശ്ചര്യത്തോടെ. വലിയതുറ ഗവ. യു.പി സ്കൂളില്‍ നാലാം ക്ലാസിലാണ് സഞ്ജന. ഒന്നാം ക്ലാസ് മുതല്‍ ഇതേ സ്കൂളില്‍. കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടമായതിനെ തുടര്‍ന്ന് രക്ഷാകര്‍ത്താക്കള്‍ക്കും സഹോദരനുമൊപ്പം നാലാം വയസ്സിലാണ് ആദ്യമായി ഈ സ്കൂളിന്‍റെ പടി ചവിട്ടുന്നത്. പക്ഷേ, അന്നവള്‍ വിദ്യാര്‍ഥിയായിരുന്നില്ല.

വീടും ജീവിതവും സമ്ബാദ്യവുമെല്ലാം കടലെടുത്ത് പരിഭ്രാന്തിയോടെ ഓടിരക്ഷപ്പെടുന്ന അമ്മയുടെ ഒക്കത്ത് വാവിട്ടുകരയുന്ന കൈക്കുഞ്ഞ്. കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അന്ന് ദുരിതാശ്വാസ ക്യാമ്ബായതാണ് വലിയതുറയിലെ ആ പഴയ ജി.യു.പി സ്കൂള്‍. അഭയാര്‍ഥികളായെത്തിയ 28 കുടുംബങ്ങളിലൊന്നായിരുന്നു സഞ്നയുടേതും. അവള്‍ക്കൊപ്പം സഹോദരൻ സഞ്ജയും. 11കാരൻ സഞ്ജയ് ഇതേ സ്കൂളില്‍ ആറാം ക്ലാസില്‍.

നാല് വയസ്സുമുതല്‍ അന്തിയുറങ്ങിയ, മണ്ണപ്പം ചുട്ടുകളിച്ച അതേ സ്കൂള്‍ മുറ്റത്തേക്ക് സഞ്ജന യൂനിഫോമിട്ട് വിദ്യാര്‍ഥിയായി പോയ ദിവസം ഇന്നും ഓര്‍ക്കുന്നതായി അമ്മ സൂസി പറയുന്നു. കിടപ്പാടം നഷ്ടമായതിന്‍റേതായിരിക്കാം, സൂസി എന്ന യുവതിയുടെ കണ്‍തിളക്കത്തിലേക്ക് ഇടവച്ചൂടിന്‍റെ വിയര്‍പ്പുതുള്ളി കലര്‍ന്നിരുന്നു. ‘ഏഴുവരെ ഞാനും ഇതേ സ്കൂളിലാണ് പഠിച്ചത്. അന്ന് പഠിച്ച ആറാം ക്ലാസിലാണ് നാലു വര്‍ഷമായി ഞാനും മക്കളും അന്തിയുറങ്ങുന്നത്.

വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഈ ക്ലാസ് മുറികളിലുയര്‍ന്ന കളിചിരിയും കുസൃതികളും ഓര്‍ക്കുമ്ബോള്‍ ഉറക്കം നഷ്ടമാകും’- സൂസി പറഞ്ഞു. ഇതേ സ്കൂളിലെ പി.ടി.എ പ്രസിഡന്‍റാണിപ്പോള്‍ എസ്. സൂസി. അടുത്തവര്‍ഷമെങ്കിലും സഞ്ജനക്ക് സ്വന്തം വീട്ടില്‍നിന്ന് സ്കൂളില്‍ വരാനാകുമെന്നാണ് അവളെ മിടുമിടുക്കി എന്ന് വിശേഷിപ്പിച്ച പ്രധാനാധ്യാപിക കവിതയുടെ പ്രതീക്ഷ.

RELATED ARTICLES

STORIES

Most Popular