Thursday, April 18, 2024
HomeKeralaഅറ്റകുറ്റപ്പണിയും സുരക്ഷയുമില്ലാതെ അയ്യപ്പന്‍കോവില്‍ തൂക്കുപാലം

അറ്റകുറ്റപ്പണിയും സുരക്ഷയുമില്ലാതെ അയ്യപ്പന്‍കോവില്‍ തൂക്കുപാലം

ട്ടപ്പന: ജില്ലയിലെ ഏറ്റവും നീളവും ഉയരവും കൂടിയ അയ്യപ്പൻകോവില്‍ തൂക്കുപാലത്തില്‍ അറ്റകുറ്റപ്പണിയും സുരക്ഷയുമില്ല. സുരക്ഷക്കായി പൊലീസിനെ പാലത്തില്‍ നിയോഗിക്കണമെന്ന ആവശ്യവും ഉയരുന്നു.

വര്‍ഷങ്ങളുടെ പഴക്കമുണ്ടായിട്ടും സമയത്തിന് അറ്റകുറ്റപ്പണി നടത്താത്തത്തിനാല്‍ തൂക്കുപാലം കടുത്ത അപകട ഭീഷണിയിലാണ്.

അയ്യപ്പൻകോവില്‍, കാഞ്ചിയര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച്‌ ഇടുക്കി ജലാശയത്തിന് കുറുകെ 2012-13 കാല ഘട്ടത്തിലാണ് 2.05 കോടി രൂപ ചെലവഴിച്ച്‌ 200 മീറ്റര്‍ നീളത്തില്‍ ജില്ലാ റിവര്‍ മാനേജ്‌മെന്റ് തൂക്കുപാലം നിര്‍മിച്ചത്. അതിന് ശേഷം അറ്റകുറ്റപ്പണി ഒന്നും നടത്തിയിട്ടില്ല. കൈവരികളിലെ നട്ടും ബോള്‍ട്ടും ഇളകിയും പലസ്‌ഥലത്തും കമ്ബികള്‍ വേര്‍പെട്ടും ആളുകള്‍ കയറുമ്ബോള്‍ പാലം ഇളകിയാടുകയാണ്. പല സ്‌ഥലത്തും ഇരുമ്ബ് കമ്ബികള്‍ തുരുമ്ബെടുത്ത് ബന്ധം വേര്‍പെട്ട് നില്‍ക്കുകയാണ്. പാലത്തില്‍ കയറുന്ന വിനോദസഞ്ചരികള്‍ പാലം കുലുക്കി അഹ്ലാദിക്കുന്നതും അപകട ഭീഷണി വര്‍ധിപ്പിക്കുന്നു.

അയ്യപ്പൻകോവിലില്‍ ഇടുക്കി ജലാശയത്തിന്റെ മറുകരയില്‍ താമസിക്കുന്ന നിരവധി സ്കൂള്‍ കുട്ടികളുടെ യാത്രയും ഈ തൂക്കു പാലത്തിലൂടെ. ജലാശയത്തില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ അയ്യപ്പൻകോവില്‍ പ്രദേശത്ത് ഡാമിന്റെ മറുകരയില്‍ താമസിക്കുന്ന കുടുംബങ്ങളില്‍നിന്നുള്ള സ്കൂള്‍ -കോളേജ് കുട്ടികള്‍ക്ക് ജലാശയം കുറുകെ കടക്കാൻ തുക്കുപാലത്തെ ആശ്രയിച്ചേ മതിയാകൂ. ഒരേ സമയം രണ്ട് പേര്‍ക്ക് കഷ്ടിച്ച്‌ കടന്നു പോകാവുന്ന വീതിമാത്രമാണ് പാലത്തിനുള്ളത്. കോവില്‍മല ആദിവാസി കുടികളില്‍നിന്നുള്ള കുട്ടികളും സ്കൂളില്‍ പോകാൻ ആശ്രയിക്കുന്ന ഏക തൂക്കുപാലമാണിത്. സ്കൂള്‍ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്തു പാലത്തിന്റെ അറ്റകുറ്റ പണികള്‍ ഉടൻ പൂര്‍ത്തിയാക്കി അപകട ഭിഷണി ഒഴിവാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

ഒരേസമയം ഇരു വശത്തുനിന്നുമായി 40 പേര്‍ക്ക് മാത്രമാണ് പാലത്തില്‍ പ്രവേശനം. എന്നാല്‍ മുന്നറിയിപ്പ് അവഗണിച്ച്‌ തിരക്കേറിയ സമയങ്ങളില്‍ ഇതിന്റെ ഇരട്ടിയിലധികം പേരാണ് കയറുന്നത്. തിരക്ക് നിയന്ത്രിക്കാൻ ആരുമില്ല. പലപ്പോഴും നാട്ടുകാരുടെ നിര്‍ദേശങ്ങള്‍ പോലും കണക്കിലെടുക്കാതെ ആളുകള്‍ പാലം ശക്തിയായി കുലുക്കുന്നതായും പരാതിയുണ്ട്. തുരുമ്ബെടുത്ത കൈവരികളില്‍ കയറിനിന്ന് യുവാക്കള്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതും പതിവാണ്.

തൂക്കുപാലം നിര്‍മിച്ച കേരള ഇലക്‌ട്രിക്കല്‍ ആൻഡ് അലൈഡ് എൻജിനിയറിങ് കമ്ബനി ലിമിറ്റഡ്(കെഇഎല്‍) അറ്റകുറ്റപ്പണിക്കായി അയ്യപ്പൻകോവില്‍ പഞ്ചായത്തിനുവേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കുകയും ജില്ലാ റിവര്‍ മാനേജ്‌മെന്റ് 22.5 ലക്ഷം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍നടപടി ഉണ്ടാകാത്തതാണ് അറ്റകുറ്റപ്പണികള്‍ വൈകിക്കുന്നത്.

കാലവര്‍ഷം വരാനിരിക്കെ അടിയന്തരമായി അറ്റകുറ്റപ്പണിള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വലിയ ദുരന്തം വിളിച്ചു വരുത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular