Wednesday, October 4, 2023
HomeUncategorized'ബംഗ്ലാവുകള്‍ക്ക് രാത്രി തീ കൊളുത്തി തെരുവിലൂടെ പട്ടികളെപ്പോലെ ഓടിച്ചു'

‘ബംഗ്ലാവുകള്‍ക്ക് രാത്രി തീ കൊളുത്തി തെരുവിലൂടെ പട്ടികളെപ്പോലെ ഓടിച്ചു’

ന്യൂഡല്‍ഹി: വംശീയ വിദ്വേഷത്തിന്റെ കലാപത്തീക്ക് തുടക്കമിട്ട മേയ് മൂന്നിന് രാത്രിയില്‍ മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ കലാപകാരികള്‍ തീകൊളുത്തിയ ബംഗ്ലാവുകളില്‍നിന്നിറങ്ങി വന്ന് ജീവൻ രക്ഷിക്കണമെന്ന് കെഞ്ചിയ തങ്ങളെ തെരുവിലൂടെ പട്ടികളെപ്പോലെ പിന്തുടര്‍ന്ന് ഓടിച്ചുവെന്ന് മണിപ്പൂര്‍ ഗോത്രവര്‍ഗ കമീഷൻ അംഗം ഡോ.

താര മഞ്ചിൻ ഹാങ്സോ. ഇംഫാല്‍ വെസ്റ്റില്‍ കോടികള്‍ ചെലവിട്ട് പണിത നാല് ബംഗ്ലാവുകളിലായി ആഡംബര ജീവിതം നയിച്ച തനിക്കും സഹോദരങ്ങള്‍ക്കും പാര്‍പ്പിടം മാത്രമല്ല, സംസ്ഥാനം തന്നെയും നഷ്ടമായെന്നും കലാപ ഭൂമിയില്‍നിന്ന് എല്ലാം ഉപേക്ഷിച്ച്‌ ഡല്‍ഹിയില്‍ അഭയം തേടിയ താര ‘മാധ്യമ’ത്തോട് പറഞ്ഞു.

മണിപ്പൂര്‍ ഗോത്രവര്‍ഗ കമീഷൻ ചെയര്‍പേഴ്സണ്‍ ആയും നേരത്തെ സേവനമനുഷ്ഠിച്ച ഡോ. താര കലാപം അടങ്ങുന്നില്ലെന്നും മണിപ്പൂര്‍ സുരക്ഷിതമല്ലെന്നും കണ്ടതോടെയാണ് മേയ് ആറിന് ഡല്‍ഹിയിലേക്ക് വന്നത്. മേയ് മൂന്നിന് രാത്രി ഒമ്ബതുമണിയോടെ കലാപകാരികള്‍ ഗോത്രവര്‍ഗക്കാരുടെ വീടുകള്‍ തെരഞ്ഞുപിടിച്ച്‌ തീവെക്കാനെത്തുമ്ബോള്‍ ഇംഫാല്‍ വെസ്റ്റിലെ കുടുംബ ബംഗ്ലാവുകളിലൊന്നിലായിരുന്നു താനെന്ന് ഡോ. താര പറഞ്ഞു. ഒരു വളപ്പില്‍ നാല് ബംഗ്ലാവുകളാണുണ്ടായിരുന്നത്. ഇവക്കും അഞ്ച് കാറുകള്‍ക്കും അവര്‍ തീയിട്ടു.

ജീവൻ രക്ഷിക്കാനായി റോഡിലേക്കിറങ്ങി വന്ന് അവരോട് കെഞ്ചിനോക്കി. എന്നാല്‍, മനുഷ്യരെന്ന പരിഗണന നല്‍കാതെ ആ രാത്രി അവര്‍ ഞങ്ങളെ ഓടിച്ചു. ഓടിയപ്പോള്‍ അവരും പിന്നാലെ വന്നു. ഒരുമിച്ചു കഴിഞ്ഞ മനുഷ്യര്‍ക്കുള്ളിലെ വിദ്വേഷത്തിന്റെ വ്യാപ്തി എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കിയ രാത്രിയായിരുന്നു അത്. രണ്ട് രാവും പകലും നീണ്ട ഓട്ടത്തിനൊടുവിലാണ് ഡല്‍ഹിക്ക് പോരാൻ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു. ആഡംബര ജീവിതം നയിച്ച തങ്ങള്‍ ഇന്ന് പാര്‍പ്പിടം മാത്രമല്ല, സംസ്ഥാനവും നഷ്ടപ്പെട്ടവരായി. താമസിച്ച കോളനിയിലുണ്ടായിരുന്ന രണ്ട് ചര്‍ച്ചുകളും കത്തിച്ചു. അതേസമയം ബിഹാറില്‍നിന്ന് മണിപ്പൂരിലേക്ക് കുടിയേറിയ, കോളനിയില്‍തന്നെയുള്ള സുഹൃദ്ബന്ധമുള്ള ഹിന്ദുകുടുംബങ്ങള്‍ പറഞ്ഞത് അവരുടെ വീടുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ഒന്നും സംഭവിച്ചിട്ടില്ലെന്നാണെന്നും താര പറഞ്ഞു.

ഗോത്രവര്‍ഗക്കാരും മെയ്തേയികളും പൂര്‍ണമായും വിഭജനം സംഭവിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന് മണിപ്പൂര്‍ ട്രൈബല്‍ ഫോറം വക്താവ് ഡോ. ചിൻഖൻലുൻ ഗ്വിറ്റ് പറഞ്ഞു. ഇത് കേവലം വംശീയമായ ഏറ്റുമുട്ടലല്ല, മറിച്ച്‌ വിദ്വേഷത്തില്‍നിന്നും അസൂയയില്‍നിന്നുമുടലെടുത്ത ആക്രമണങ്ങളാണ്. കലാപം പടര്‍ന്നുപിടിച്ചതോടെ ഗോത്രവര്‍ഗക്കാരും ആയുധമെടുത്തു. രണ്ടു ഭാഗത്തും വൻതോതിലുള്ള നാശനഷ്ടങ്ങളുടെ വ്യാപ്തി അറിയണമെങ്കില്‍ സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങണം.

സ്ത്രീകളില്‍പോലും വിദ്വേഷം എന്തുമാത്രം കുത്തിനിറക്കപ്പെട്ടുവെന്ന് കാണിക്കാൻ മണിപ്പൂരിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് വൈറലായ വിഡിയോയിലേക്ക് ചിൻഖൻലുൻ ശ്രദ്ധ ക്ഷണിച്ചു.

രണ്ട് ഗോത്രവര്‍ഗക്കാരായ സ്ത്രീകളെ വളഞ്ഞ ഒരു കൂട്ടം മെയ്തേയ് സ്ത്രീകള്‍ അവരിരുവരെയും ബലാത്സംഗം ചെയ്യാൻ സ്വന്തം സമുദായത്തിലെ പുരുഷന്മാരോട് ആവശ്യപ്പെടുന്ന വിഡിയോ ആയിരുന്നു അത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular