Friday, March 29, 2024
HomeKeralaആരും വന്നില്ല; ഓര്‍മയായി വഴുവാടി എം.ജി.എം. എല്‍.പി. സ്‌കൂള്‍

ആരും വന്നില്ല; ഓര്‍മയായി വഴുവാടി എം.ജി.എം. എല്‍.പി. സ്‌കൂള്‍

മാവേലിക്കര : കളിചിരികളും കൗതുകങ്ങളും സങ്കടങ്ങളുമായി പുതിയ അധ്യയന വര്‍ഷം കുരുന്നുകള്‍ സ്‌കൂളുകളില്‍ എത്തിയപ്പോള്‍ കുട്ടികളുടെയും അധ്യാപകരുടെയും കാല്‍പ്പാദങ്ങള്‍ പതിയാതെ ഒരു പള്ളിക്കൂടം.

പുതിയ അധ്യയന വര്‍ഷം സ്‌കൂളുകള്‍ തുറന്നപ്പോള്‍ ഒരു സ്‌കൂളിന്‌ എന്നന്നേക്കുമായി പൂട്ടുവീണു. മാവേലിക്കര തഴക്കര വഴുവാടി എം.ജി.എം.എല്‍.പി. സ്‌കൂളാണ്‌ വിദ്യാര്‍ഥികളും അധ്യാപകരും ഇല്ലാതെ അടച്ചു പൂട്ടിയത്‌. പുതുതായി സ്‌കൂളിലേക്ക്‌ ഈ അധ്യയന വര്‍ഷം ഒരു കുട്ടി പോലും വന്നില്ല. പ്രഥമാധ്യാപിക മേരി വര്‍ഗീസ്‌ 31 ന്‌ വിരമിച്ചതോടെ അധ്യാപകരും ഇല്ലാതായി. ഇതോടെ അടച്ചുപൂട്ടല്‍ പൂര്‍ണമായി.
112 വര്‍ഷത്തെ പാരമ്ബര്യമുള്ള സ്‌കൂളാണിത്‌. പരുമല തിരുമേനിയുടെ വിയോഗത്തിന്‌ ഒമ്ബത്‌ വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ പേരിലാണ്‌ സ്‌കൂള്‍ ആരംഭിച്ചത്‌. തഴക്കര ഗ്രാമപഞ്ചായത്തിലെ ഇന്നത്തെ രണ്ടു മുതല്‍ അഞ്ചു വരെ വാര്‍ഡുകളിലുള്ളവരായിരുന്നുഇവിടുത്തെ വിദ്യാര്‍ഥികള്‍.
ഉയര്‍ന്ന പ്രദേശത്തുള്ള സ്‌കൂള്‍ മേലേപ്പള്ളിക്കൂടമെന്നുംപൈനുംമൂടിന്റെയും വഴുവാടിയുടെയും അതിരുകള്‍ പങ്കിടുന്നതിനാല്‍ മൂലേപ്പള്ളിക്കൂടമെന്നും അറിയപ്പെട്ടു. ഒരു പ്രദേശത്തിന്‌ വിദ്യാധനം പകര്‍ന്നു നല്‍കിയ സ്‌കൂള്‍ ഉള്‍പ്രദേശത്തായതിനാല്‍ കുട്ടികള്‍ വരാന്‍ മടിച്ചു. കൂടുതല്‍ സൗകര്യങ്ങളുള്ള സ്‌കൂളുകളിലേക്ക്‌ രക്ഷിതാക്കള്‍ വിദ്യാര്‍ഥികളെ അയച്ചു. ഒടുവില്‍ ഒരു കുരുന്നു കാല്‍പ്പാദവും ഈ മുറ്റത്ത്‌ പതിയില്ലെന്ന്‌ ഉറപ്പായതോടെ സ്‌കൂളിന്റെ കതകുകള്‍ കൊട്ടിയടച്ച്‌ പ്രഥമാധ്യാപികയും പടിയിറങ്ങി.

അനില്‍ ചെട്ടികുളങ്ങര

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular