Saturday, July 20, 2024
HomeIndiaആസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ് ഫൈനലിനൊരുങ്ങി ടീം ഇന്ത്യ

ആസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ് ഫൈനലിനൊരുങ്ങി ടീം ഇന്ത്യ

ണ്ടൻ : മൂന്നു മാസത്തെ ഇടവേളക്കുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും അന്താരാഷ്ട്ര മത്സര തിരക്കിലേക്ക്. ഇന്ത്യൻ പ്രീമിയര്‍ ലീഗിന് സമാപനമായതോടെ ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ് ഫൈനലില്‍ ആസ്ട്രേലിയയെ നേരിടാനൊരുങ്ങുകയാണ് രോഹിത് ശര്‍മയും സംഘവും. ജൂണ്‍ ഏഴു മുതല്‍ ഓവലിലാണ് മത്സരം.

ഏകദിന, ട്വന്റി20 ലോകകപ്പുകളില്‍നിന്ന് വ്യത്യസ്തമായി മാരത്തണ്‍ പ്രക്രിയയാണ് ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്. 2013ലും 17ലും നടത്താൻ തീരുമാനിച്ചെങ്കിലും റദ്ദാക്കേണ്ടിവന്നു. 2019-21ലാണ് ആദ്യ ചാമ്ബ്യൻഷിപ് നടക്കുന്നത്. ഈ സൈക്കിളില്‍ ഉള്‍പ്പെടുത്തിയ പല മത്സരങ്ങളും കോവിഡ് ഭീഷണിയില്‍ റദ്ദാക്കേണ്ടിവന്നു.

ന്യൂസിലൻഡ് ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമായി. പിന്നാലെ ഇന്ത്യയും. 2021 ജൂണ്‍ 18 മുതല്‍ 21 വരെ ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ റോസ് ബൗള്‍ സ്റ്റേഡിയത്തിലായിരുന്നു കലാശക്കളി. ആദ്യത്തെയും അവസാനത്തെയും ദിവസം മഴയെടുത്തെങ്കിലും എട്ടു വിക്കറ്റ് ജയത്തോടെ കിവികള്‍ ആദ്യ കിരീടം സ്വന്തമാക്കി. ഇന്ത്യ ഇത്തവണയും ഫൈനലിലെത്തി. എതിരാളികളായി ഓസീസും.

താരങ്ങള്‍ പല ബാച്ചുകളായി ഇതിനകം ഇംഗ്ലണ്ടിലെത്തി. ഐ.പി.എല്‍ ഫൈനല്‍ കളിച്ച ചെന്നൈ സൂപ്പര്‍ കിങ്സ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകളിലുണ്ടായിരുന്ന രവീന്ദ്ര ജദേജ, അജിൻക്യ രഹാനെ, മുഹമ്മദ് ഷമി, ശുഭ്മൻ ഗില്‍, കെ.എസ്. ഭരത് എന്നിവരാണ് വ്യാഴാഴ്ച ടീമിനൊപ്പം ചേര്‍ന്നത്. മുഴുവൻ പേരുമെത്തിയതോടെ പരിശീലനം പൂര്‍ണഘട്ടത്തിലേക്കു കടന്നു.

ക്യാപ്റ്റൻ രോഹിത്, വിരാട് കോഹ്‍ലി തുടങ്ങിയവര്‍ പരിശീലകൻ രാഹുല്‍ ദ്രാവിഡിന്റെ മേല്‍നോട്ടത്തില്‍ ബാറ്റിങ്ങിലും അക്സര്‍ പട്ടേലും മുഹമ്മദ് സിറാജും ശാര്‍ദുല്‍ ഠാകുറും ബൗളിങ്ങിലും ആദ്യ പരിശീലന സെഷനുകള്‍ ഇതിനകം പൂര്‍ത്തിയാക്കി. ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും സാഹചര്യങ്ങള്‍ തീര്‍ത്തും വിഭിന്നമായതിനാലാണ് ഐ.പി.എല്ലില്‍ തങ്ങളുടെ മത്സരങ്ങള്‍ അവസാനിക്കുന്ന മുറക്ക് താരങ്ങള്‍ ലണ്ടനിലേക്കു പറന്നത്.

ഐ.പി.എല്ലിനിടെ പരിക്കേറ്റ മുൻനിര ബാറ്റര്‍ കെ.എല്‍. രാഹുലിന്റെ അഭാവത്തിലും കരുത്തുറ്റ നിരയെയാണ് ഇന്ത്യ അണിനിരത്തുന്നത്. പേസര്‍ ജയദേവ് ഉനദ്കടും പരിക്കു കാരണം ഐ.പി.എല്ലില്‍നിന്ന് പുറത്തായെങ്കിലും പൂര്‍ണാരോഗ്യം വീണ്ടെടുത്ത് ടെസ്റ്റ് ടീമിനൊപ്പം ചേര്‍ന്നു. ചെന്നൈ സൂപ്പര്‍ കിങ്സിനായി ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയ ഓപണര്‍ ഋതുരാജ് ഗെയ്ക്‍വാദ് ടീമിലുണ്ടായിരുന്നു. എന്നാല്‍, വിവാഹം കാരണം പിന്മാറി.

രാജസ്ഥാൻ റോയല്‍സ് സൂപ്പര്‍ താരം യശസ്വി ജയ്സ്വാളാണ് പകരക്കാരൻ. മറ്റു താരങ്ങളെല്ലാം ഐ.പി.എല്ലില്‍നിന്നാണ് എത്തിയതെങ്കില്‍ കൗണ്ടി ക്രിക്കറ്റില്‍ തിളങ്ങിയശേഷമാണ് ബാറ്റര്‍ ചേതേശ്വര്‍ പുജാര ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ഒന്നര വര്‍ഷത്തെ ഇടവേളക്കുശേഷം ബാറ്റര്‍ അജിൻക്യ രഹാനെ തിരിച്ചെത്തിയതാണ് മറ്റൊരു സവിശേഷത.

ഇന്ത്യൻ സംഘം: രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മൻ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോഹ്‍ലി, അജിൻക്യ രഹാനെ, ഇഷാൻ കിഷൻ, കെ.എസ്. ഭരത്, രവീന്ദ്ര ജദേജ, രവിചന്ദ്രൻ അശ്വിൻ, അക്സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാകുര്‍, ജയദേവ് ഉനദ്കട്, ഉമേഷ് യാദവ്.

RELATED ARTICLES

STORIES

Most Popular