Thursday, June 13, 2024
HomeKeralaപുഴ കവര്‍ന്ന് തീരുന്നു: തേര്‍ലായി ദ്വീപ്

പുഴ കവര്‍ന്ന് തീരുന്നു: തേര്‍ലായി ദ്വീപ്

ശ്രീകണ്ഠപുരം : വീണ്ടും കാലവര്‍ഷം എത്തുമ്ബോള്‍ ചെങ്ങളായി തേര്‍ളായി ദ്വീപുകാര്‍ക്ക് ആധിയാണ്. കരയെ പുഴ കവരാനെത്തുന്നതാണ് ഇവിടുത്തുകാരെ സങ്കടത്തിലാക്കുന്നത്.

മുൻ കാലങ്ങളിലേതിനെക്കാള്‍ വേഗത്തിലാണ് നിലവില്‍ കരയിടിയുന്നത്.

സംരക്ഷണ ഭിത്തി ഒരുക്കാത്ത ദ്വീപിന്റെ ഭാഗങ്ങളിലാണ് കരയിടിയുന്നത്. ഇവിടത്തെ മണ്ണും തെങ്ങും മറ്റ് മരങ്ങളുമെല്ലാം പുഴയെടുത്തു. കരയിടിഞ്ഞ് പുഴയോരത്തെ വീടുകളടക്കം അപകടാവസ്ഥയിലാണ്.

വീട്ടുകാര്‍ അന്തിയുറങ്ങുന്നത് ഭീതിയോടെയാണ്. വീടുകളും പുഴയെടുക്കാനൊരുങ്ങുമ്ബോള്‍ ഇനിയെന്ത് ചെയ്യുമെന്ന് ദ്വീപ് നിവാസികള്‍ ചോദിക്കുന്നു. ചെങ്ങളായി പഞ്ചായത്തിലെ 198 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള പ്രകൃതി രമണീയമായ തേര്‍ലായി ദ്വീപിനെ നാലു ഭാഗവും ചുറ്റി നില്‍ക്കുന്നത് വളപട്ടണം പുഴയാണ്. ഈ പുഴയറിയാതെ തേര്‍ലായി നിവാസികള്‍ പുറത്തിറങ്ങില്ല. സങ്കടവും സന്തോഷവുമെല്ലാം പങ്കുവെക്കാൻ ഈ ദ്വീപുകാര്‍ പുഴയെ ആശ്രയിക്കും. മാലിന്യം വലിച്ചെറിയാതെ സംരക്ഷിച്ചിട്ടും വളപട്ടണം പുഴ മഴക്കാലത്ത് കരകവിഞ്ഞ് മാലിന്യങ്ങളുമായി ദ്വീപിലെത്തുന്നുവെന്ന് ഇവിടുത്തുകാര്‍ സങ്കടത്തോടെ പറയുന്നു. 130 ഓളം കുടുംബങ്ങള്‍ കഴിയുന്ന തേര്‍ലായി ദ്വീപ് കരയിടിച്ചിലിലും വെള്ളപ്പൊക്കത്തിലുംപെട്ട് നാശത്തിന്റെ വക്കിലായതോടെയാണ് പുഴ ഭിത്തിയെന്ന ആവശ്യം ശക്തമായത്.

നാലുഭാഗവും ഒരുപോലെ കരയിടിഞ്ഞുകൊണ്ടിരിക്കുന്ന ഏക ദ്വീപ് ഇതാണ്. കഴിഞ്ഞ പ്രളയക്കെടുതിയില്‍ എല്ലാം പുഴ കവര്‍ന്നപ്പോള്‍ സങ്കടവും ആശങ്കയുമായി കഴിയുകയായിരുന്നു ദ്വീപ് നിവാസികള്‍. ഇനിയും പ്രളയമുണ്ടായാല്‍ ദ്വീപ് രണ്ടായി വിഭജിക്കപ്പെടുമെന്ന സ്ഥിതിയാണുള്ളത്. പുറമ്ബോക്കു ഭൂമിയും സ്വകാര്യ വ്യക്തികളുടെ പറമ്ബും ഉള്‍പ്പെടെ ഇവിടെ പുഴ കവര്‍ന്നിരിക്കയാണ്. 2005ല്‍ തേര്‍ത്തല ഭാഗത്തു നിന്നും തേര്‍ളായി ദ്വീപിലേക്ക് പാലം വന്നതോടെ തോണിയാത്ര മൂന്ന് ഭാഗത്തു മാത്രമായി. നിലവില്‍ മയ്യില്‍ കണ്ടക്കൈ ഭാഗത്തും കുറുമാത്തൂരിലും പെരിന്തലേരി ബോട്ടുകടവ് ഭാഗത്തും എത്തേണ്ടവര്‍ തോണിയാണ് ആശ്രയിക്കുന്നത്. 2019ലെ പ്രളയത്തില്‍ ദ്വീപ് രണ്ട് ദിവസത്തോളം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിക്കിടന്നിരുന്നു. കുടുംബങ്ങളെ കുറുമാത്തൂരിലും ബന്ധുവീടുകളിലുമാണ് അന്ന് മാറ്റിപ്പാര്‍പ്പിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷവും പലയിടങ്ങളിലും വെള്ളം കയറി നിരവധി വീടുകളും കൃഷിയിടങ്ങളും നശിച്ചിരുന്നു. കരയിടിച്ചിലിനെ തുടര്‍ന്ന് നേരത്തെ ദ്വീപിന്റെ കുറുമാത്തൂര്‍ ഭാഗത്ത് പുള്‍ക്കാടികടവ് മുതല്‍ ചിറമ്മല്‍ കടവ് വരെ 220 മീറ്റര്‍ നീളത്തില്‍ കരഭിത്തി നിര്‍മിച്ചു. പുഴ സംരക്ഷണ പദ്ധതിയില്‍ അനുവദിച്ച 60 ലക്ഷം രൂപ ഉപയോഗിച്ചാണ് അന്ന് ഇവിടെ ഭിത്തി നിര്‍മിച്ചത്. പിന്നീട് കെ.സി. ജോസഫ് എം.എല്‍.എ ഇടപെട്ട് സംരക്ഷണ ഭിത്തി കെട്ടാനായി ജലസേചന വകുപ്പില്‍നിന്ന് 1.20 കോടി രൂപ ലഭ്യമാക്കിയിരുന്നു.

ഈ തുക ഉപയോഗിച്ച്‌ പാലംകടവ് മുതല്‍ മൊയ്തീൻ പള്ളി കടവ് വരെയും മാധവി കടവ് ഭാഗത്തും സംരക്ഷണ ഭിത്തി ഒരുക്കി. ഇനി മോലത്തുംകടവ്, കുനിമ്മല്‍ കടവ്, ഓട്ടുവളപ്പ് കടവ് ഉള്‍പ്പെടെ കരിയിടിച്ചില്‍ രൂക്ഷമായ ഒരു കിലോമീറ്റര്‍ വരുന്ന അഞ്ച് ഭാഗങ്ങളില്‍ കൂടി സംരക്ഷണ ഭിത്തി ഒരുക്കേണ്ടതുണ്ട്. കരയിടിഞ്ഞ ഭാഗങ്ങളില്‍ ഭിത്തി നിര്‍മിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡംഗം മൂസാൻ കുട്ടി തേര്‍ളായി മുഖ്യമന്ത്രിക്കും സജീവ് ജോസഫ് എം.എല്‍.എക്കും നിവേദനം നല്‍കിയിരുന്നു.

തുടര്‍ന്ന് ഇതിനെല്ലാംകൂടി അഞ്ച് കോടി രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇതുവരെ ഭരണാനുമതിയായിട്ടില്ല. നിലവില്‍ ദ്വീപില്‍ ഏറ്റവും കൂടുതല്‍ കരയിടിഞ്ഞത് തേര്‍ലായി ശിവക്ഷേത്രത്തിന് താഴെ മോലത്തുംകടവിലാണ്. കരയിടച്ചലിനെ തുടര്‍ന്ന് ദ്വീപിന്റെ വിസ്തൃതി തന്നെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ദ്വീപിന് ചുറ്റും പുഴയോരത്ത് കരിങ്കല്‍ഭിത്തി പണിയുകയല്ലാതെ കരയിടിച്ചിലിന് മറ്റൊരു പരിഹാരവുമില്ലെന്ന് വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.

RELATED ARTICLES

STORIES

Most Popular