Friday, April 26, 2024
HomeIndiaഓഗസ്റ്റ് മുതല്‍ കര്‍ണാടകയില്‍ വീട്ടമ്മമാര്‍ക്ക് ₹ 2000, ജൂണ്‍ 11 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

ഓഗസ്റ്റ് മുതല്‍ കര്‍ണാടകയില്‍ വീട്ടമ്മമാര്‍ക്ക് ₹ 2000, ജൂണ്‍ 11 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

ബെംഗളൂരു : കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഈ സാമ്ബത്തിക വര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ സര്‍ക്കാര്‍.

സൗജന്യ വൈദ്യുതി, സൗജന്യ ബസ് യാത്ര, ഗൃഹനാഥകള്‍ക്കുള്ള പ്രതിമാസ വേതനം തുടങ്ങിയ അഞ്ചിന വാഗ്ദാനങ്ങളാണ് നടപ്പാക്കുന്ന്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിശദമായ ചര്‍ച്ചനടത്തി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഈ സാമ്ബത്തിക വര്‍ഷത്തില്‍ നടപ്പിലാക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

അധികാരത്തില്‍ വന്ന് രണ്ടാമത്തെ മന്ത്രിസഭാ യോഗത്തിലാണ് കോണ്‍ഗ്രസ് അഞ്ചിന വാഗ്ദാനങ്ങള്‍ പ്രാബല്യത്തില്‍ വരുത്താൻ തീരുമാനിച്ചിരിക്കുന്നത്. ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഈ വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.

ഗൃഹലക്ഷ്മി പദ്ധതി ഓഗസ്റ്റ് 15നാണ് പ്രാബല്യത്തില്‍ വരിക. എല്ലാ വീടുകളിലേയും ഗൃഹനാഥമാര്‍ക്ക് പ്രതിമാസം 2000 രൂപ വീതമാണ് ഈ പദ്ധതി പ്രകാരം ലഭിക്കുക. ജൂണ്‍ 15 മുതല്‍ ജൂലായ് 15 വരെ ഓണ്‍ലൈനിലൂടെ ഇതിനായി അപേക്ഷകള്‍ നല്‍കാം. ആധാറും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമാണ് ഗുണഭോക്താക്കള്‍ നല്‍കേണ്ടത്. ഇത് ബിപിഎല്ലുകാര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ലഭ്യമാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇതിനകം ഏതെങ്കിലും സാമൂഹിക പെൻഷനുകള്‍ കൈപ്പറ്റുന്ന ഗൃഹനാഥകള്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നതില്‍ തടസ്സമില്ലെന്നും അദ്ദേഹം അറിയിച്ചു.

അന്നഭാഗ്യ പദ്ധതി ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ബിപിഎല്‍ കാര്‍ഡുകളിലെ ഓരോ അംഗത്തിനും പത്ത് കിലോ അരി വീതം മാസം സൗജന്യമായി ഈ പദ്ധതിയിലൂടെ ലഭിക്കും.

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര വാഗ്ദാനം നല്‍കുന്ന പദ്ധതി ജൂണ്‍ 11 മുതലാണ് പ്രാബല്യത്തില്‍ വരിക. സ്ത്രീ യാത്രക്കാര്‍ക്ക് കര്‍ണാടകയില്‍ മാത്രമേ സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. അന്തര്‍സംസ്ഥാന യാത്രകള്‍ ഈ പദ്ധതി പ്രകാരം അനുവദിക്കില്ല. എസി ബസുകളില്‍ ഈ ആനുകൂല്യം അനുവദിക്കില്ല. വിദ്യാര്‍ഥിനികള്‍ക്കും സൗജന്യ യാത്ര ആനുകൂല്യം ലഭിക്കും. കര്‍ണാടക ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയ്ക്കായി മാറ്റിവെയ്ക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ബാക്കി 50 ശതമാനം സീറ്റുകള്‍ പുരുഷൻമാര്‍ക്കായിരിക്കും. സ്ത്രീകള്‍ക്ക് സംവരണം ചെയ്ത സീറ്റുകളില്‍ ആളില്ലെങ്കില്‍ പുരുഷൻമാര്‍ക്ക് അത് ഉപയോഗിക്കാമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

യുവനിധി പദ്ധതി: 2022-23ല്‍ ബിരുദം നേടിയ തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് 3000 രൂപയും ഡിപ്ലോമയുള്ളവര്‍ക്ക് 1500 രൂപയും രജിസ്റ്റര്‍ ചെയ്ത് 24 മാസം വരെ ലഭിക്കും. അതിനിടയില്‍ ഇവര്‍ ഒരു ജോലി കണ്ടെത്തിയാല്‍ സര്‍ക്കാര്‍ നല്‍കുന്ന ഈ പ്രതിമാസ തൊഴിലില്ലാ വേതനം നിര്‍ത്തും.

200 യൂണിറ്റ് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്ന ഗൃഹജ്യോതി പദ്ധതി ജൂലായ് ഒന്ന് മുതല്‍ തുടങ്ങും. ജൂലായ് വരെയുള്ള കുടിശ്ശിക ഉപഭോക്താക്കള്‍ തിരിച്ചടയ്ക്കേണ്ടതുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഗാര്‍ഹിക തലത്തിലുള്ള വാര്‍ഷിക ഉപഭോഗത്തെ ആശ്രയിച്ചാണ് ഈ ആനൂകല്യം ലഭിക്കുക. പ്രതിമാസ ശരാശരി കണക്കാക്കി അതില്‍ 10 ശതമാനം അധികമായി ചേര്‍ക്കും, അന്തിമ കണക്ക് 200 യൂണിറ്റില്‍ താഴെയാണെങ്കില്‍ ഒരാള്‍ക്ക് വൈദ്യുതി ബില്‍ നല്‍കേണ്ടതില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular