Saturday, July 27, 2024
HomeIndiaഒരു ലക്ഷം ഒന്നിച്ച്‌ കാണാത്ത സാറാക്കുട്ടിയുടെ പേരില്‍ 36 ലക്ഷം വായ്പ

ഒരു ലക്ഷം ഒന്നിച്ച്‌ കാണാത്ത സാറാക്കുട്ടിയുടെ പേരില്‍ 36 ലക്ഷം വായ്പ

പുല്‍പ്പള്ളി : ഒരു ലക്ഷം രൂപ ഒന്നിച്ച്‌ കാണാത്ത സാറാക്കുട്ടിയുടെ പേരില്‍ 36 ലക്ഷം വായ്പ.

പുല്‍പ്പള്ളി സഹ. ബാങ്ക് തട്ടിപ്പിലെ മറ്റൊരു ഇരയാണ് സാറാക്കുട്ടി. പശുവിനെ വളര്‍ത്തിയാണ് സാറയും ഭര്‍ത്താവ് ഡാനിയേലും ജീവിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ വായ്പാ തട്ടിപ്പിനിരയായ കുടുംബങ്ങളുടെ പ്രതിനിധിയാണ് അറുപത്തിയഞ്ചുകാരിയായ വീട്ടമ്മ. രണ്ടുപേരുടെയും പേരിലുള്ള 90 സെന്റ് ഭൂമിയുടെ ആധാരത്തിന്റെ ഈടിലാണ് കെപിസിസി ജനറല്‍ സെകട്ടറി കെ.കെ. അബ്രഹാമിന്റെ നേതൃത്വത്തില്‍ ലക്ഷങ്ങള്‍ തട്ടിയത്.

വീടിന് രണ്ട് മുറികള്‍ കൂടി എടുക്കാന്‍ രണ്ട് ലക്ഷം രൂപ വായ്പക്ക് ഇവര്‍ ബാങ്കിനെ സമീപിച്ചു. അപേക്ഷകളില്‍ ഒപ്പിട്ടു നല്കിയ ശേഷം വീടുപണിത് നല്കാമെന്ന് പറഞ്ഞ് അബ്രഹാമിന്റെ ബിനാമിയാണ് തുക വാങ്ങിയത്. മുറികള്‍ എടുത്തു നല്കിയുമില്ല. ഒരുകൊല്ലം കഴിഞ്ഞപ്പോള്‍ 36 ലക്ഷം രൂപ അടക്കാനുള്ള നോട്ടിസാണ് ഇവര്‍ക്ക് ലഭിച്ചത്. സാറാക്കുട്ടിയുടെ പേരില്‍ 20 ലക്ഷവും ഡാനിയേലിന്റെ പേരില്‍ 16 ലക്ഷവുമാണ് വായ്പ. കെ.കെ. അബ്രഹാമിനെ സമീപിച്ചപ്പോള്‍ അബദ്ധം പറ്റിയതാണെന്ന് പറഞ്ഞു. പിന്നീടാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്.

ബാങ്ക് ഡയറക്ടര്‍മാരുടെ അക്കൗണ്ടിലേക്കാണ് പണം പോയത്. ബാധ്യത തീര്‍ക്കാനായി പലതവണ കെ.കെ. അബ്രഹാമിനെയും ഡിസിസി പ്രസിഡന്റായിരുന്ന ഐ.സി. ബാലകൃഷ്ണനെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ഇവര്‍ പറഞ്ഞു. ഭൂമിയുടെ രേഖ തിരികെ ചോദിച്ചതിന് അബ്രഹാമിന്റെ ബിനാമിയും സംഘവും ചേര്‍ന്ന് നടുറോഡില്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു.

RELATED ARTICLES

STORIES

Most Popular