Friday, April 19, 2024
HomeKeralaകേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം ഉണ്ടാകും: സംഭവിച്ചത് രാജ്യത്തെയാകെ നടുക്കിയ ദുരന്തമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം ഉണ്ടാകും: സംഭവിച്ചത് രാജ്യത്തെയാകെ നടുക്കിയ ദുരന്തമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയില്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദാരുണമായ ട്രെയിന്‍ അപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും അതിലേറെ ആളുകള്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തു.

മരിച്ചവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഈ വിഷമഘട്ടത്തില്‍ കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.

വെള്ളിയാഴ്ച രാത്രി 7.20നായിരുന്നു രാജ്യത്തെ നടുക്കിയ അപകടം സംഭവിച്ചത്. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാകിലേക്ക് മറിഞ്ഞ ബെംഗ്ലൂര്‍ ഹൗറ (12864) സൂപര്‍ ഫാസ്റ്റ് എക്‌സ്പ്രസിലേക്ക് കൊല്‍കതയിലെ ഷാലിമാറില്‍നിന്നു ചെന്നൈ സെന്‍ട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു.

മറിഞ്ഞുകിടന്ന കൊറമാണ്ഡല്‍ എക്‌സ്പ്രസിന്റെ കോചുകളിലേക്ക് മറ്റൊരു ട്രാകിലൂടെ വന്ന ഗുഡ്‌സ് ട്രെയിനും ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതമിരട്ടിപ്പിച്ചു. വ്യോമസേന, ദേശീയ ദുരന്തനിവാരണ സേന, റെയില്‍വേ സുരക്ഷാ സേന, ഒഡീഷ ദുരന്തനിവാരണ സേന ഉള്‍പെടെ രക്ഷാപ്രവര്‍ത്തനത്തിനു രംഗത്തുണ്ട്. അപകടത്തില്‍ മരണം 280 കടന്നു. 900 ലേറെ പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണെന്ന റിപോര്‍ടുകളാണ് പുറത്തുവരുന്നത്. രക്ഷാദൗത്യം പൂര്‍ത്തിയായി. ഗതാഗതം പുനഃസ്ഥാപിക്കാന്‍ നടപടി തുടങ്ങിയെന്ന് റെയില്‍വേ അറിയിച്ചു.അപകടകാരണം കണ്ടെത്താന്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ അനുശോചിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി പ്രധാനമന്ത്രി സ്ഥിതിഗതികള്‍ ചര്‍ച ചെയ്തു. അശ്വിനി വൈഷ്ണവും കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നാടിക്കും അപകടസ്ഥലം സന്ദര്‍ശിച്ചു.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരില്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും മറ്റുള്ളവര്‍ക്ക് 50,000 രൂപ വീതവും നല്‍കും. അപകടത്തെ തുടര്‍ന്ന് ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി. ചിലതു വഴി തിരിച്ചുവിട്ടു. ഹെല്‍പ് ലൈന്‍ 044 25330952, 044 25330953, 044 25354771 (മൂന്നും ചെന്നൈ), 033 26382217 (ഹൗറ), 8972073925 (ഖരഗ്പുര്‍), 82495 91559 (ബാലസോര്‍), 080 22356409 (ബെംഗ്ലൂര്‍).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular