ന്യൂഡെല്‍ഹി: ഒപെക് പ്ലസ് രാജ്യങ്ങള്‍ തമ്മിലുള്ള മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം എണ്ണ വിലയിടിവ് തടയുന്നതിനായി പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ എണ്ണ ഉല്‍പാദനം കുറയ്ക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചതിന് പിന്നാലെ തിങ്കളാഴ്ച എണ്ണ വില ബാരലിന് ഒരു ഡോളറിലധികം ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 77.64 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
നേരത്തെ ഒപെക് പ്ലസ് അംഗരാജ്യങ്ങള്‍ ഉല്‍പാദനം രണ്ടുതവണ വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ ഇതിന് എണ്ണവില കുറയുന്നത് നിയന്ത്രിക്കാനായില്ല. ഇതിന് പിന്നാലെയാണ് സൗദി അറേബ്യ നടപടി സ്വീകരിച്ചത്. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയാണ് ഒപെക് പ്ലസ്. സൗദി അറേബ്യ പ്രഖ്യാപിച്ച പ്രതിദിനം ഒരു ദശലക്ഷം ബാരല്‍ കുറവ് ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരും.
ഒപെക് പ്ലസ് അംഗരാജ്യങ്ങളാണ് ലോകത്തിലെ ക്രൂഡിന്റെ 40% വിതരണം ചെയ്യുന്നത്. ലോകമെമ്ബാടുമുള്ള സമ്ബദ്‌വ്യവസ്ഥയെ തകര്‍ത്ത യുക്രൈനിലെ റഷ്യൻ അധിനിവേശത്തിനിടയില്‍ എണ്ണ ഉല്‍പ്പാദകര്‍ വിലയിടിവും വിപണിയിലെ ചാഞ്ചാട്ടവും നേരിടുകയാണ്. ഏപ്രിലില്‍ എണ്ണ വില ഏകദേശം 10 ശതമാനം ഇടിഞ്ഞു ബ്രെന്റ് ക്രൂഡ് ബാരലിന് 70 ഡോളറായി കുറഞ്ഞിരുന്നു.
അതിനിടെ നിലവിലെ ഉല്‍പാദന വെട്ടിക്കുറവ് 2024 അവസാനം വരെ നീട്ടുകയാണെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടര്‍ നൊവാക് അറിയിച്ചിട്ടുണ്ട്. യുക്രൈനിലെ യുദ്ധം തുടരുകയും പാശ്ചാത്യ ഉപരോധം രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥയെ ബാധിക്കുകയും ചെയ്യുന്നതിനാല്‍ റഷ്യ കൂടുതലും എണ്ണ വരുമാനത്തെയാണ് ആശ്രയിക്കുന്നത്. ആഗോളതലത്തിലുള്ള എണ്ണ വില വര്‍ധനവ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.