Thursday, April 25, 2024
HomeGulfവിദേശത്ത് മയക്കുമരുന്ന് ഉപയോഗം: പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്

വിദേശത്ത് മയക്കുമരുന്ന് ഉപയോഗം: പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ്

ഷാര്‍ജ: ചില രാജ്യങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം നിയമവിധേയമാണെങ്കിലും അത് വിപണനം നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ സ്ഥിരമായി സന്ദര്‍ശിക്കുന്നതിനെതിരെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ഷാര്‍ജ പൊലീസ് ചീഫ്.

മയക്കുമരുന്ന് വിപണനമുള്ള കഫേകളിലും മറ്റു ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന വേദികളിലും പതിവായി പോകുന്ന യുവാക്കളെ നിരീക്ഷിക്കാനും അവര്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിയെത്തുമ്ബോള്‍ അറസ്റ്റു ചെയ്യാനും മടിക്കില്ലെന്ന് ദുബൈയിലെ പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫും യു.എ.ഇ ഡ്രഗ് കണ്‍ട്രോള്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ലെഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാൻ തമീം വ്യക്തമാക്കി.

‘നമുക്കൊപ്പം ചേരൂ ഇത് നിര്‍ത്താൻ’ എന്ന മുദ്രാവാക്യവുമായി രൂപവത്കരിച്ച ഡ്രഗ് പ്രിവൻഷൻ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷാര്‍ജയിലെ സിറ്റി സെന്‍റര്‍ അല്‍ സാഹിയ മാളില്‍ നടന്ന ചടങ്ങില്‍ ഷാര്‍ജ പൊലീസ് കമാൻഡര്‍ ഇൻ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്റ്റനന്‍റ് ജനറല്‍ ശൈഖ് സായിഫ് ബിൻ സായിദ് ആല്‍ നഹ്യാന്‍റെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന പരിപാടി ഷാര്‍ജ പൊലീസിന്‍റെ സഹകരണത്തോടെ ജനറല്‍ ഡിപ്പാര്‍ട്മെന്‍റ് ഫോര്‍ ഡ്രഗ് കണ്‍ട്രോള്‍ മന്ത്രാലയമായിരുന്നു സംഘടിപ്പിച്ചത്.

സമൂഹത്തിലെ എല്ലാ തലങ്ങളിലും മയക്കുമരുന്നിനെതിരെ ബോധവത്കരണ സന്ദേശം എത്തിക്കുന്നതിനായി വാണിജ്യ സെന്‍ററുകളില്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ പ്രശംസനീയമാണെന്നും ലഫ്. ജനറല്‍ തമീം കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ മയക്കുമരുന്ന് എത്തിക്കാനുള്ള എല്ലാ വഴികളും കുറ്റവാളികള്‍ തേടുന്നുണ്ട്. എന്നാല്‍, അത് തടയാനുള്ള പൊലീസ് നടപടികളും ശക്തമാണെന്ന് പ്രതിഫലിപ്പിക്കുന്നതാണ് അടുത്തിടെ പിടിച്ചെടുത്ത വലിയ അളവിലുള്ള മയക്കുമരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular