Friday, April 26, 2024
HomeKeralaതടവുകാരുടെ ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടി പൂജപ്പുര ജയില്‍: മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്കും മതിയായ ചികിത്സയില്ല

തടവുകാരുടെ ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടി പൂജപ്പുര ജയില്‍: മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്കും മതിയായ ചികിത്സയില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ജയിലുകളിലൊന്നായ പൂജപ്പുര സെൻട്രല്‍ ജയില്‍ തടവുകാരുടെ ബാഹുല്യത്തെ തുടര്‍ന്ന് വീര്‍പ്പുമുട്ടുന്നു.

727 പേരെ പാര്‍പ്പിക്കാവുന്ന ജയിലില്‍ ശിക്ഷിക്കപ്പെട്ടവരും വിചാരണത്തടവുകാരും റിമാൻഡ് പ്രതികളുമടക്കം 1250 തടവുകാരാണുള്ളത്. പത്തനംതിട്ടയില്‍ പുതിയ ജയിലിന്റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ അവിടത്തെ തടവുകാരെയും പൂജപ്പുരയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കൻ ജില്ലകളില്‍ പുതിയൊരു ജയില്‍ അത്യാവശ്യമാണെന്ന് അധികൃതര്‍ പറയുന്നു. ഈ ജയിലുകളിലെല്ലാം കൂടി പരാമാവധി ശേഷിയെക്കാള്‍ 1100 പേര്‍ കൂടുതലാണെന്നാണ് കണക്ക്.പുതിയ ജയില്‍ സ്ഥാപിക്കാൻ ഉചിതമായ സ്ഥലം ലഭിക്കാത്തതും പ്രശ്നമാണ്.ജയില്‍ മാനുവല്‍ പ്രകാരമുള്ള രീതിയില്‍ ജയില്‍ നിര്‍മ്മിക്കണമെങ്കില്‍ കൂടുതല്‍ സ്ഥലം വേണ്ടിവരും.

 ജീവനക്കാര്‍ക്കും ക്ഷാമം

പൂജപ്പുരയില്‍ ഉദ്യോഗസ്ഥരും മെഡിക്കല്‍,ടെക്നിക്കല്‍,വെല്‍ഫെയര്‍,കറക്ഷണല്‍ സ്റ്റാഫ് അടക്കം 273 ജീവനക്കാരാണുള്ളത്. ഇതില്‍ 205 പേര്‍ ഗാര്‍ഡിംഗ് സ്റ്റാഫാണ്. ഇത് അപര്യാപ്തമാണ്. പ്രിസണ്‍ മാനുവല്‍ പ്രകാരം ആറ് തടവുകാര്‍ക്ക് ഒരു ഷിഫ്റ്റില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ വീതമാണ് വേണ്ടത്. ജീവനക്കാരും തടവുകാരും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത് സ്ഥിരം സംഭവമാണ്. മട്ടൻ കറി കുറഞ്ഞുപോയെന്നു പറഞ്ഞ് മയക്കുമരുന്ന് കേസിലെ പ്രതി ഉദ്യോഗസ്ഥരെ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്തതും ദിവസങ്ങള്‍ക്ക് മുൻപാണ്. ഇത്തരം സംഘര്‍ഷങ്ങള്‍ നിത്യസംഭവമാണെങ്കിലും ജയില്‍ അധികൃതര്‍ രഹസ്യമാക്കി വയ്ക്കാറാണ് പതിവ്. ഇങ്ങനെ അക്രമകാരികളായ നിരവധി തടവുകാര്‍ ഇവിടെയുണ്ട്.

229 പേര്‍ക്ക് മാനസികാസ്വാസ്ഥ്യം
തടവുപുള്ളികളില്‍ 229 പേര്‍ പലവിധ മാനസിക പ്രശ്നങ്ങളുള്ളവരാണ്. എന്നാല്‍ ഇവര്‍ക്കുള്ള സൗകര്യങ്ങള്‍ ജയിലില്‍ അപര്യാപ്തമാണ്. വിഷാദരോഗം, അമിതമായ ഉത്കണ്ഠ തുടങ്ങിയ രോഗങ്ങളാണ് ഇവരെ അലട്ടുന്നത്. ജയിലില്‍ മുഴുവൻ സമയ കൗണ്‍സലറെ നിയമിക്കണമെന്ന ആവശ്യം നാല് വര്‍ഷമായി പേപ്പറില്‍ വിശ്രമിക്കുകയാണ്. ജയില്‍ മാനുവല്‍ പ്രകാരം ക്ളിനിക്കല്‍ സൈക്കോളജിസ്റ്റോ, സൈക്യാട്രിസ്റ്റോ ജയിലില്‍ വേണമെന്നാണ് വ്യവസ്ഥ. നിലവില്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റിന്റെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. ആഴ്ചയിലൊരിക്കല്‍ സൈക്യാട്രിസ്റ്റ് ജയിലിലെത്തി ഇവര്‍ക്ക് ചികിത്സിക്കും.

അതേസമയം 229 പേരെ ചികിത്സിക്കാൻ ഒരു ഡോക്ടര്‍ മതിയാവില്ലെന്നതാണ് വസ്തുത. 2020ല്‍ ഒരു ക്ളിനിക്കല്‍ സൈക്കോളജിസ്റ്റിനെയും കൗണ്‍സലറിനെയും കരാറടിസ്ഥാനത്തില്‍ നിയമിച്ചെങ്കിലും അവര്‍ ജോലി ഉപേക്ഷിച്ചുപോയി. 2020ല്‍ ജയിലില്‍ മാനസികാരോഗ്യ കേന്ദ്രം നിര്‍മ്മിക്കാൻ സര്‍ക്കാര്‍ രണ്ട് കോടി അനുവദിച്ചെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല. മാനസികാരോഗ്യ കേന്ദ്രത്തിനായി ഉചിതമായ സ്ഥലം പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഡി.പി.ആര്‍ പൂര്‍ത്തിയായിട്ടില്ല. ഇതടക്കം പല പദ്ധതികളും ഇപ്പോഴും പേപ്പറിലാണ്. എന്നാല്‍ ഈ രണ്ട് കോടി അപര്യാപ്തമാണെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular