Sunday, May 26, 2024
HomeGulfദൗത്യം പാതി പിന്നിട്ട് സുല്‍ത്താന്‍ നിയാദി

ദൗത്യം പാതി പിന്നിട്ട് സുല്‍ത്താന്‍ നിയാദി

ദുബൈ: ബഹിരാകാശത്ത് പുതു ചരിതമെഴുതി യു.എ.ഇയുടെ സുല്‍ത്താൻ അല്‍ നിയാദി ദൗത്യം തുടങ്ങിയിട്ട് മൂന്ന് മാസം. ബഹിരാകാശത്ത് ഏറ്റവുമധികം കാലം ചെലവഴിക്കുന്ന അറബ് പൗരൻ എന്ന ലക്ഷ്യം ഇതിനകം മറികടന്ന നിയാദി ഇനിയൊരു മൂന്ന് മാസം കൂടി ആകാശത്ത് നീന്തിത്തുടിക്കും.

ആറ് മാസം ദൈര്‍ഘ്യമേറിയ ദൗത്യവുമായി മാര്‍ച്ച്‌ മൂന്നിനാണ് സുല്‍ത്താൻ നിയാദി ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. അമേരിക്കയിലെ ഫ്ലോറിഡ കെന്നഡി ബഹിരാകാശ നിലയത്തില്‍ നിന്നാണ് സ്പേസ് എക്‌സ് റോക്കറ്റില്‍ നിയാദിയും ‘നാസ’യുടെ മിഷൻ കമാൻഡര്‍ സ്റ്റീഫൻ ബോവൻ, പൈലറ്റ് വാറൻ ഹോബര്‍ഗ്, റഷ്യൻ ബഹിരാകാശ യാത്രികൻ ആൻഡ്രേ ഫെഡ് യാവേവ് എന്നിവരും യാത്ര തുടങ്ങിയത്.

ഈ കാലയളവിനിടെ ഒരുപിടി നേട്ടവും നിയാദി സ്വന്തം പേരില്‍ എഴുതിചേര്‍ത്തു. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് വംശജൻ എന്ന നേട്ടമായിരുന്നു ഇതില്‍ പ്രധാനം. സ്റ്റീഫൻ ബോവനൊപ്പം പുറത്തിറങ്ങിയ നിയാദി ആറ് മണിക്കൂറോളം ബഹിരാകാശത്ത് കൂടി നടന്നു. 1998ല്‍ ബഹിരാകാശ നിലയം സ്ഥാപിച്ച ശേഷം ഇതുവരെ 259 ബഹിരാകാശയാത്രികര്‍ മാത്രമാണ് ബഹിരാകാശത്ത് ഒഴുകിനടന്നിട്ടുള്ളത്. നാസയാണ് നിയാദിയെ ദൗത്യത്തിന് തെരഞ്ഞെടുത്തത്. ഇതിന് പുറമെ, ഡ്രാഗണ്‍ ക്യാപ്സൂള്‍ റീ ലൊക്കേറ്റ് ചെയ്യാനുള്ള ദൗത്യവും നിയാദി വിജയകരമായി പൂര്‍ത്തിയാക്കി.

സമൂഹമാധ്യമങ്ങളിലൂടെ ബഹിരാകാശവുമായി ബന്ധപ്പെട്ട വിവരങ്ങളും വിശേഷങ്ങളും നിയാദി പങ്കുവെക്കാറുണ്ട്. ഭാവി തലമുറക്കും യു.എ.ഇക്കും ഉപകാരപ്പെടുന്ന ശാസ്ത്ര വിവരങ്ങള്‍ കണ്ടെത്താനും നിയാദിയുടെ യാത്രക്ക് കഴിയുമെന്നാണ് കരുതുന്നത്. ഇതിനകം നിരവധി വിവരങ്ങള്‍ നിയാദിയുടെ സംഘം കൈമാറിയിട്ടുണ്ട്. ആയോധന കലയായ ജിയോ ജിത്സുവും ബഹിരാകാശത്ത് പരിശീലിച്ചു. ആദ്യമായാണ് ഒരാള്‍ ബഹിരാകാശത്ത് ജിയോ ജിത്സു പരിശീലിക്കുന്നത്. മനുഷ്യനെ വഹിച്ചുള്ള ചാന്ദ്ര യാത്രകള്‍ക്കായി തയാറെടുക്കാൻ സഹായിക്കുന്നതുള്‍പ്പെടെ 250 ഗവേഷണ പരീക്ഷണങ്ങള്‍ സംഘം ഈ കാലയളവില്‍ പൂര്‍ത്തിയാക്കും.

ഇവയില്‍ 20 പരീക്ഷണങ്ങള്‍ നിയാദി തന്നെയാണ് നിര്‍വഹിക്കുക. ദുബൈയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി തത്സമയ വാര്‍ത്തസമ്മേളനവും ഒരുക്കിയിരുന്നു. ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറിലെത്തിയ മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ഥികളും ബഹിരാകാശത്തുള്ള നിയാദിയുമായി തത്സമയം സംവദിച്ചു.

ബഹിരാകാശത്ത് നിന്ന് നിരവധി ചിത്രങ്ങളും നിയാദി പങ്കുവെച്ചിരുന്നു. മക്ക, മദീന, യു.എ.ഇ അടക്കമുള്ളവയുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്‍റെ പല ട്വീറ്റുകളും ബഹിരാകാശ വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കും അറിവ് പകരുന്നതാണ്. കഴിഞ്ഞ ദിവസം ബഹിരാകാശത്തെത്തി മടങ്ങിയ ആദ്യ അറബ് വനിത സൗദിയുടെ റയാന അലി അല്‍ ബര്‍ഖവിയുമായും നിയാദി കൂടിക്കാഴ്ച നടത്തി. സ്പേസ് ബയോളജി പരീക്ഷണങ്ങളില്‍ റയാനയെ സഹായിക്കുകയും ചെയ്തു. നിയാദിയുടെ ജന്മദിനവും ബഹിരാകാശത്ത് ആഘോഷിച്ചു.

അള്‍ട്രാസൗണ്ട് സ്കാൻ, കാഴ്ച പരിശോധന, കേള്‍വി പരിശോധന എന്നിവയുള്‍പ്പെടെ നിരവധി ഗവേഷണ പ്രവര്‍ത്തനങ്ങളിലും നിയാദി പങ്കെടുത്തു. ആഗസ്റ്റ് അവസാനമാണ് അദ്ദേഹവും സംഘവും ഭൂമിയിലേക്ക് മടങ്ങുന്നത്. ദൗത്യം പകുതി പിന്നിട്ട നിയാദിയെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍റര്‍ ഡയറക്ടര്‍ ജനറല്‍ സാലിം അല്‍ മര്‍റി പ്രശംസിച്ചു. നിയാദിയുടെ അര്‍പ്പണ ബോധവും കരുത്തും യു.എ.ഇയില്‍ വളര്‍ത്തിയെടുക്കുന്ന ബഹിരാകാശ ദൗത്യങ്ങളുടെ പ്രതിഫലനമാണ്. അടുത്ത മൂന്നു മാസത്തിനിടെ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular