Friday, April 26, 2024
HomeKeralaറബറിനെ പിടിച്ചുലച്ച്‌ ടയര്‍ ലോബി

റബറിനെ പിടിച്ചുലച്ച്‌ ടയര്‍ ലോബി

കൊച്ചി: കാലവര്‍ഷത്തിന്‍റെ വരവ് മുന്നില്‍ക്കണ്ടു ടയര്‍ ലോബി റബര്‍ വിപണിയെ പിടിച്ചുലച്ചു. പരിഭ്രാന്തരായ ഒരു വിഭാഗം സ്റ്റോക്കിസ്റ്റുകള്‍ ചരക്ക് വിറ്റു.
സുഗന്ധവ്യഞ്ജന സംഭരണം കുറിച്ച്‌ ഉത്പാദകന്‍റെ പള്‍സറിയാൻ ഉത്തരേന്ത്യൻ വ്യവസായികള്‍ ശ്രമം നടത്തുന്നു. ഭക്ഷ്യയെണ്ണകളുടെ വില കുറയ്ക്കണമെന്ന കേന്ദ്ര തീരുമാനം നാളികേര കര്‍ഷകര്‍ക്കു പുതിയ പ്രഹരമാവും.

മണ്‍സൂണ്‍ രാജ്യത്തു പ്രവേശിച്ചിട്ടില്ലെങ്കിലും സംസ്ഥാനത്തു കാലാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങള്‍ അവസരമാക്കി മാറ്റുകയാണു വ്യവസായികള്‍. പല ഭാഗങ്ങളിലും മഴ അനുഭവപ്പെട്ടതും പകല്‍ താപനിലയിലുണ്ടായ മാറ്റവും മണ്‍സൂണിന്‍റെ വരവ് വിളിച്ചോതിയതോടെ ക്വട്ടേഷൻ നിരക്ക് താഴ്ത്തി ടയര്‍ കന്പനികള്‍ ഓഫര്‍ ഇറക്കി.

ന്യൂനമര്‍ദ്ദ ഫലമായി ശ്രീലങ്കൻ ഭാഗത്തു രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ ഭാഗമായുള്ള മഴയാണ് ഇപ്പോള്‍ സംസ്ഥാനത്തു ലഭ്യമാവുന്നത്. അതേസമയം, മണ്‍സൂണ്‍ മേഘങ്ങള്‍ ആൻഡമാൻ നിക്കോബാര്‍ ദ്വീപ് സമൂഹവും കടന്ന് ലക്ഷദ്വീപിലേക്കു പ്രവേശിച്ചു. കാലാവസ്ഥ മാറ്റങ്ങള്‍ക്കിടയില്‍ ഒരു വിഭാഗം ചെറുകിട റബര്‍ കര്‍ഷകര്‍ റബര്‍ മരങ്ങളില്‍ റെയിൻ ഗാര്‍ഡുകള്‍ ഇട്ടു തുടങ്ങി. അടുത്ത വാരത്തോടെ ഇതു പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണു പലരും. മഴയ്ക്കിടയില്‍ ഒരു പരിധിവരെ റബര്‍ ടാപ്പിംഗ് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകര്‍.

അതേസമയം, ഒട്ടുമിക്ക വൻകിടതോട്ടങ്ങളും നിശ്ചലമാണ്. താഴ്ന്ന ഷീറ്റ് വിലയും ഉയര്‍ന്ന കാര്‍ഷികച്ചെലവുകളും തോട്ടങ്ങളെ റെയിൻ ഗാര്‍ഡില്‍നിന്നു പിന്തിരിപ്പിക്കുന്നു. പല തോട്ടങ്ങളും വളപ്രയോഗങ്ങളില്‍നിന്നു വിട്ടുനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ റബര്‍ ഉത്പാദനം കുറയാം. എന്നാല്‍ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്. ഓഫ് സീസണിലെ വിലക്കയറ്റം സ്വപ്നംകണ്ട കേരളത്തിലെ റബര്‍ ഉത്പാദകരെ മൊത്തതില്‍ നിരാശയിലാക്കി ടയര്‍ ലോബി റബര്‍ വില ചുരുങ്ങിയ ദിവസങ്ങളില്‍ ക്വിന്‍റലിന് 500 രൂപ ഇടിച്ചു. ആഭ്യന്തര റബര്‍ ഉത്പാദനം 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ച്ചയിലെത്തിയതാണു നിരക്കിടിക്കാൻ ടയര്‍ ലോബിയെ പ്രേരിപ്പിച്ചത്. പിന്നിട്ട വര്‍ഷം റബര്‍ ഉത്പാദനം 8.39 ലക്ഷം ടണ്ണില്‍ എത്തിയെന്നാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്സ്യല്‍ ഇന്‍റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്‍റെ വിലയിരുത്തല്‍.

വിപണിവില ഇടിക്കാൻ തക്കം പാത്തുനിന്ന ടയര്‍ ലോബിക്കു ലഭിച്ച കച്ചിത്തുരുന്പ് നേട്ടമാക്കി അവര്‍ നാലാം ഗ്രേഡ് ഷീറ്റ് വില 15,600ലേക്കു താഴ്ത്തി. അഞ്ചാം ഗ്രേഡിന് 300 രൂപ കുറഞ്ഞ് 14,700-15,300 നിലവാരത്തില്‍ വ്യാപാരം നടന്നു. ഒട്ടുപാല്‍ വില 8900ലേക്കു താഴ്ന്നു. ലാറ്റക്സ് വില 11,500ല്‍നിന്നും 11,100 രൂപയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular