Thursday, April 25, 2024
HomeGulfപുരാതന കെട്ടിടങ്ങളുടെ ചരിത്രം തേടി വാസ്തുവിദ്യ വിദ്യാര്‍ഥികള്‍

പുരാതന കെട്ടിടങ്ങളുടെ ചരിത്രം തേടി വാസ്തുവിദ്യ വിദ്യാര്‍ഥികള്‍

റാസല്‍ഖൈമ: ഗതകാല ചരിത്ര സംരക്ഷണം ലക്ഷ്യമാക്കി റാസല്‍ഖൈമയിലെ പുരാതന കെട്ടിടങ്ങളുടെ രേഖകള്‍ ശേഖരിച്ച്‌ റാക് അമേരിക്കന്‍ യൂനിവേഴ്സിറ്റിയിലെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍.

ചരിത്രപരമായ കെട്ടിടങ്ങളുടെ കണക്കെടുപ്പിലൂടെ പൂര്‍വികരുടെ പ്രൗഢ ജീവിതരീതികള്‍ അണയാതെ നിലനിര്‍ത്താന്‍ കഴിയുമെന്ന് യൂനിവേഴ്സിറ്റി വൃത്തങ്ങളും വിവരശേഖരണത്തിന് പിന്തുണ നല്‍കുന്ന അല്‍ഖാസിമി ഫൗണ്ടേഷന്‍ അധികൃതരും വ്യക്തമാക്കി.

പഴക്കമേറിയ, തകര്‍ന്ന നിലയിലുള്ള കെട്ടിടങ്ങളുടെ സാംസ്കാരിക പ്രാധാന്യത്തെക്കുറിച്ച്‌ പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ വിദ്യാര്‍ഥികളുടെ പൈലറ്റ് പ്രോജക്ടിലൂടെ കഴിയും. കെട്ടിടങ്ങള്‍ സന്ദര്‍ശിച്ച്‌ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ പ്രത്യേക സോഫ്റ്റ് വെയറുകളില്‍ കൃത്യമായ അളവുകളില്‍ രൂപകല്‍പന പൂര്‍ത്തിയാക്കി ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതാണ് പദ്ധതി.

ഓള്‍ഡ് റാസല്‍ഖൈമയിലെ തീരപ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങളുടെ സ്ഥിതിവിവരങ്ങള്‍ ശേഖരിച്ച വിദ്യാര്‍ഥികള്‍ ഇവ 60 വര്‍ഷങ്ങള്‍ക്ക് മുമ്ബ് നിര്‍മിച്ച കെട്ടിടമാണെന്ന് വിലയിരുത്തി. ആറു മാസം ദൈര്‍ഘ്യമെടുത്താണ് ഓള്‍ഡ് റാസല്‍ഖൈമയിലെ ആറു കെട്ടിടങ്ങളുടെ ഡോക്യുമെന്‍റേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. ഈ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് സാമ്ബത്തിക മൂല്യമില്ലെങ്കിലും ഇവിടെ നിലനിന്ന പൈതൃകം വിലമതിക്കാനാകാത്തതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

കെട്ടിടങ്ങളുടെ അകവും പുറവും കാമറയില്‍ പകര്‍ത്തി ചുവരുകളിലെയും മേല്‍ക്കൂരകളിലെയും അലങ്കാരങ്ങള്‍ അളന്ന് തിട്ടപ്പെടുത്തിയ വിദ്യാര്‍ഥികള്‍ യൂനിവേഴ്സിറ്റി ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോയിലെത്തിച്ച്‌ ഡിജിറ്റലൈസ് ചെയ്യുകയായിരുന്നു. വാസ്തുവിദ്യയിലും സമാന വിഷയങ്ങളിലും പാഠ്യവിഷയമായി ഇവ ഉള്‍പ്പെടുത്താന്‍ പദ്ധതിയുണ്ടെന്ന് റാക് എ.യു റിസര്‍ച്ച്‌ ആൻഡ് കമ്യൂണിറ്റി സര്‍വിസ് അസോസിയേറ്റ് ഡോ. മുഹമ്മദ് അല്‍സറൂണി പറഞ്ഞു. നാടിന്‍റെ പൈതൃകത്തിലേക്കും അതിന്‍റെ സംരക്ഷണ പ്രാധാന്യത്തിലേക്കും കണ്ണുതുറക്കാന്‍ ഡോക്യുമെന്‍റേഷന്‍ ശേഖരണം തങ്ങള്‍ക്ക് വഴിതുറന്നതായി വിദ്യാര്‍ഥികള്‍ അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular