Friday, July 26, 2024
HomeGulfസുഡാന്‍ പ്രതിസന്ധി ചര്‍ച്ചക്കില്ലെന്ന് സൈന്യം,ശ്രമം തുടരുമെന്ന് സൗദി

സുഡാന്‍ പ്രതിസന്ധി ചര്‍ച്ചക്കില്ലെന്ന് സൈന്യം,ശ്രമം തുടരുമെന്ന് സൗദി

റിയാദ്: വെടിനിര്‍ത്തലിനിടയിലും ഒറ്റപ്പെട്ട സ്ഫോടനങ്ങളും അക്രമങ്ങളും തുടരുന്ന സുഡാനില്‍ പ്രശ്നപരിഹാരത്തിനുള്ള സൗദി, അമേരിക്ക സംയുക്ത ശ്രമം തുടരുമെന്ന് വ്യക്തമാക്കി സൗദി വിദേശകാര്യ മന്ത്രാലയം.

ജിദ്ദയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഭാഗഭാക്കാകുന്നത് തുടരില്ലെന്ന സൈന്യത്തിന്റെ നിലപാടിനെ തുടര്‍ന്നാണ് സൗദി അറേബ്യയുടെ പ്രസ്താവന. സുഡാനിലെ സായുധസേനയുടെയും റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സിന്റെയും പ്രതിനിധികള്‍ തമ്മിലുള്ള ഔപചാരിക ചര്‍ച്ച പുനരാരംഭിക്കാനാണ് സൗദി അറേബ്യയും അമേരിക്കയും ആഗ്രഹിക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.

‘സൗദിയും യു.എസും സുഡാനിലെ ജനങ്ങളോടുള്ള പ്രതിബദ്ധതയില്‍ ഉറച്ചുനില്‍ക്കുകയും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാനും ഫലപ്രദമായി നടപ്പാക്കാനും പാര്‍ട്ടികളോട് ആവശ്യപ്പെടുകയും ചെയ്യുന്നു’ -പ്രസ്താവനയില്‍ പറയുന്നു. സുഡാനില്‍ ഏറ്റുമുട്ടുന്ന സൈനികവിഭാഗങ്ങളുടെ പ്രതിനിധികള്‍ ഇപ്പോഴും ജിദ്ദയിലുണ്ടെന്നും ദൈനംദിന ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. മാനുഷിക സഹായം സുഗമമാക്കുന്നതിലും ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനു മുമ്ബ് സ്വീകരിക്കേണ്ട നടപടികളില്‍ ധാരണയിലെത്തുന്നതിലുമാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

സിവിലിയന്മാരെ സംരക്ഷിക്കുന്നതിലുള്ള പ്രതിജ്ഞാബദ്ധത പാലിക്കണമെന്നും കരാര്‍ വ്യവസ്ഥകള്‍ നടപ്പാക്കണമെന്നും സുഡാനിലെ സൈനികകക്ഷികളെ പ്രസ്താവന ആവര്‍ത്തിച്ച്‌ ഓര്‍മിപ്പിച്ചു. അബ്ദുല്‍ ഫത്താഹ് ബുര്‍ഹാന്റെ സായുധസേനയും മുഹമ്മദ് ഹംദാൻ ദഗ് ലുവിന്റെ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മില്‍ ഏപ്രില്‍ 15ന് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധം സുഡാനെ വലിയ അരാജകത്വത്തിലേക്കാണ് തള്ളിവിട്ടത്. സൗദി യു.എസ് സംയുക്ത ശ്രമത്തില്‍ ജിദ്ദയില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ മേയ് 21ന് ഒരു ഹ്രസ്വകാല വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചിരുന്നു. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന് ആവശ്യമായ മാനുഷിക സഹായം എത്തിക്കുന്നതിന് ഈ കരാര്‍ ഏറെ സഹായകമായി. എന്നാല്‍, ജിദ്ദയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ ഇനി പങ്കെടുക്കില്ലെന്ന് സൈന്യം ബുധനാഴ്ച പ്രഖ്യാപിച്ചത് സൗദി, യു.എസ് ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം മധ്യസ്ഥശ്രമം തുടരുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

പോരാട്ടം തലസ്ഥാനമായ ഖര്‍ത്തൂമിനെയും മറ്റു നഗരപ്രദേശങ്ങളെയും യുദ്ധക്കളങ്ങളാക്കി മാറ്റിയിട്ടുണ്ടെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തുടനീളം വ്യാപകമായ കൊള്ളയും നശീകരണവുമുണ്ടായി. ജനങ്ങള്‍ വൻതോതില്‍ അയല്‍രാജ്യങ്ങളിലേക്കും സുരക്ഷിത മേഖലകളിലേക്കും പലായനം ചെയ്തു. 17 ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായാണ് യു.എന്നിന്റെ കണക്ക്.

RELATED ARTICLES

STORIES

Most Popular