Saturday, July 27, 2024
HomeGulf2024ല്‍ എ.എക്സ്.എല്‍ അബൂദബിയിലും ദുബൈയിലും കാര്‍ നിര്‍മാണ പ്ലാന്‍റ് സ്ഥാപിക്കും

2024ല്‍ എ.എക്സ്.എല്‍ അബൂദബിയിലും ദുബൈയിലും കാര്‍ നിര്‍മാണ പ്ലാന്‍റ് സ്ഥാപിക്കും

ദുബൈ: അടുത്ത വര്‍ഷം ആദ്യപാദത്തില്‍ അബൂദബിയിലും ദുബൈയിലും പുതിയ ഇലക്ട്രിക് കാര്‍ നിര്‍മാണ പ്ലാന്‍റുകള്‍ ആരംഭിക്കാൻ ആലോചിക്കുന്നതായി പ്രമുഖ കനേഡിയൻ കമ്ബനിയായ എ.എക്സ്.എല്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ (സി.ഇ.ഒ) അലി ഇസ്ലാമി പറഞ്ഞു.

ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇതു സംബന്ധിച്ച്‌ വെളിപ്പെടുത്തല്‍ നടത്തിയത്. പുതിയ പ്ലാന്‍റ് വരുന്നതോടെ രാജ്യത്ത് നൂറിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

യൂറോപ്പിലേക്കും ഏഷ്യയിലേക്കും എളുപ്പത്തില്‍ എത്തിപ്പെടാൻ കഴിയുന്ന ഇടമെന്ന നിലയില്‍ യു.എ.ഇയില്‍ നിര്‍മിക്കുന്ന കാര്‍ അസംബ്ലി പ്ലാന്‍റ് ഏറെ പ്രതീക്ഷ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിവര്‍ഷം 50,000 യൂനിറ്റ് ഉല്‍പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്‍റാണ് നിര്‍മിക്കുക. സുസ്ഥിരതയിലേക്കുള്ള രാജ്യത്തിന്‍റെ ദീര്‍ഘയാത്രക്കും സുസ്ഥിര ഗതാഗതത്തിനും ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ ശക്തിപകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ കമ്ബനിയുടെ പ്രീമിയം മോഡല്‍ ഇലക്ട്രിക് വാഹനമായ മിഡ്-സൈസ്ഡ് എസ്.യു.വി ഷാര്‍ക്സ്-5 ദുബൈയില്‍ പുറത്തിറക്കിയിരുന്നു.

അതേസമയം, 2022ല്‍ എം ഗ്ലോറി ഗ്രൂപ്പും ദുബൈ ഇൻഡസ്ട്രിയല്‍ സിറ്റിയില്‍ പ്രതിദിനം 10,000 ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്ന പ്ലാന്‍റ് തുറന്നിരുന്നു. ചൈനീസ് കമ്ബനിയായ ബി.വൈ.ഡി, സ്വീഡിഷ് കമ്ബനിയായ പോള്‍സ്റ്റര്‍ എന്നിവയുമായി ചേര്‍ന്ന് രാജ്യത്ത് 30,000 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് അടുത്തിടെ അല്‍ ഫുട്ടെയിം ഇലക്ട്രിക് മൊബിലിറ്റി കമ്ബനിയും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി യു.എ.ഇയില്‍ ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുന്നതിനുള്ള പൊതുജന താല്‍പര്യം വര്‍ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

RELATED ARTICLES

STORIES

Most Popular