Tuesday, April 23, 2024
HomeIndiaകോണ്‍ഗ്രസ്‌ നേതാവിന്റെ വധം: മുഖ്‌താര്‍ അന്‍സാരിക്ക്‌ ജീവപര്യന്തം

കോണ്‍ഗ്രസ്‌ നേതാവിന്റെ വധം: മുഖ്‌താര്‍ അന്‍സാരിക്ക്‌ ജീവപര്യന്തം

ന്യൂഡല്‍ഹി: 32 വര്‍ഷം മുമ്ബ്‌ കോണ്‍ഗ്രസ്‌ നേതാവിനെ വധിച്ചകേസില്‍ മുന്‍ എം.എല്‍.എയും മാഫിയാത്തലവനുമായ മുഖ്‌താര്‍ അന്‍സാരിക്ക്‌ ജീവപര്യന്തം. തടവുശിക്ഷയ്‌ക്കു പുറമേ ഒരു ലക്ഷം രൂപ പിഴയടയ്‌ക്കാനും ഉത്തര്‍പ്രദേശിലെ വാരാണസി കോടതി വിധി.

കോണ്‍ഗ്രസ്‌ നേതാവും മുന്‍ എം.എല്‍.എ: അജയ്‌ റായിയുടെ സഹോദരനുമായ അവദേഷ്‌ റായി വെടിയേറ്റു മരിച്ച കേസിലാണ്‌ മുഖ്‌താര്‍ അന്‍സാരിയെ ശിക്ഷിച്ചത്‌. 1991 ഓഗസ്‌റ്റ്‌ മൂന്നിനാണു കേസിനാസ്‌പദമായ സംഭവം നടന്നത്‌. വാരാണസിയിലെ അജയ്‌ റായിയുടെ വീടിനു പുറത്തുവച്ച്‌ അവദേഷ്‌ റായിയെ മുഖ്‌താര്‍ അന്‍സാരി വെടിവച്ചു കൊലപ്പെടുത്തിയെന്നാണു കേസ്‌. സംഭവം നടക്കുമ്ബോള്‍ അന്‍സാരി എം.എല്‍.എ. ആയിരുന്നില്ല. മുഖ്‌താര്‍ അന്‍സാരിക്കു പുറമേ ഭീം സിങ്‌, മുന്‍ എം.എല്‍.എ. അബ്‌ദുള്‍ കലീം തുടങ്ങിയവരുടെയും പേരുകള്‍ എഫ്‌.ഐ.ആറിലുണ്ടായിരുന്നു. വിധി പ്രഖ്യാപിക്കുന്നത്‌ കണക്കിലെടുത്ത്‌ വന്‍ സുരക്ഷയാണ്‌ വരാണസി കോടതി പരിസരത്ത്‌ ഒരുക്കിയിരുന്നത്‌. തങ്ങളുടെ 32 വര്‍ഷത്തെ നിയമപോരാട്ടം വിജയിച്ചെന്ന്‌ അവദേഷ്‌ റായിയുടെ സഹോദരന്‍ അജയ്‌ റായ്‌ പറഞ്ഞു.

തന്റെയും കുടുംബാംഗങ്ങളുടെയും ജീവന്‌ ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക്‌ എന്തെങ്കിലും സംഭവിച്ചാല്‍ ബി.ജെ.പി. സര്‍ക്കാരായിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചു തവണ എം.എല്‍.എയായ മുഖ്‌താര്‍ അന്‍സാരിക്കെതിരേ 61 കേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. ഇതില്‍ ആറാമത്തെ കേസിലാണ്‌ ഇയാള്‍ ശിക്ഷിക്കപ്പെടുന്നത്‌. യു.പിയിലെ വിവിധ കോടതികളിലായി 20 കേസുകളില്‍ വിചാരണാ നടപടികള്‍ പുരോഗമിക്കുകയാണ്‌. കൊലപാതകക്കേസില്‍ പത്തു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട മുഖ്‌താര്‍ അന്‍സാരി നിലവില്‍ ജയിലിലാണ്‌. ഉത്തര്‍പ്രദേശിലെ മാവു മണ്ഡലത്തെ മുഖ്‌താര്‍ അന്‍സാരി അഞ്ചുവട്ടം നിയമസഭയില്‍ പ്രതിനിധാനം ചെയ്‌തിട്ടുണ്ട്‌. ഇതില്‍ രണ്ടുതവണ ബി.എസ്‌.പി. ടിക്കറ്റിലാണ്‌ മത്സരിച്ചത്‌. ബി.എസ്‌.പിയില്‍നിന്നു പുറത്താക്കിയതോടെ സഹോദരങ്ങളായ അഫ്‌സല്‍, സിബ്‌കത്തിള്ള എന്നിവര്‍ക്കൊപ്പം ചേര്‍ന്ന്‌ മുഖ്‌താര്‍ അന്‍സാരി ക്വാമി ഏകതാ ദള്‍ എന്ന പാര്‍ട്ടി രൂപീകരിച്ച്‌ പ്രവര്‍ത്തനം തുടര്‍ന്നു. മുന്‍ ഉപരാഷ്‌ട്രപതി ഹാമിദ്‌ അന്‍സാരിയുടെ ബന്ധുകൂടിയാണ്‌ മുഖ്‌താര്‍ അന്‍സാരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular