Friday, April 26, 2024
HomeIndiaട്രെയിന്‍ ദുരന്തം: കൂട്ടിയിട്ട മൃതദേഹങ്ങളില്‍ മകന്റെ കൈ അനങ്ങുന്നു; 230 കി.മീ താണ്ടിയെത്തിയ പിതാവ് ആശുപത്രിയില്‍...

ട്രെയിന്‍ ദുരന്തം: കൂട്ടിയിട്ട മൃതദേഹങ്ങളില്‍ മകന്റെ കൈ അനങ്ങുന്നു; 230 കി.മീ താണ്ടിയെത്തിയ പിതാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്‍ക്കത്ത: മൃതദേഹങ്ങള്‍ക്കിടയില്‍ മരണത്തിന്റെ തണുപ്പറിഞ്ഞ് കിടന്ന മകന്റ ജീവന്റെ തുടിപ്പുകള്‍ വീണ്ടെടുക്കാൻ ദൈവദൂതനായി പറന്നെത്തി പിതാവ്.

കോറമാണ്ഡല്‍ ട്രെയിൻ ദുരന്തത്തില്‍ അധികൃതരുടെ കടുത്ത അനാസ്ഥയുടെ ജീവിക്കുന്ന ഉദാഹരണമായ ബിശ്വജിത്ത് മാലിക് എന്ന 24കാരനാണ് പിതാവിന്റെ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്.

മരിച്ചുവെന്ന് കണക്കാക്കി ബാലസോറിലെ ഹൈസ്കൂള്‍ മുറിയില്‍ കൂട്ടിയിട്ട മൃതദേഹങ്ങള്‍ക്കിടയില്‍നിന്ന് സ്വന്തം പിതാവ് ഹേലാറാം മാലിക്കാണ് ഈ യുവാവിനെ ജീവനുണ്ടെന്ന് കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് വിധേയനായ ബിശ്വജിത്ത് അപകടനില തരണംചെയ്തിട്ടില്ല.

ഹൗറയില്‍ കട നടത്തുകയാണ് ബിശ്വജിത്തിന്റെ പിതാവ് ഹേലാറാം. അപകടദിവസമായ വെള്ളിയാഴ്ച കോറമാണ്ഡല്‍ എക്സ്പ്രസില്‍ യാത്രപോകാൻ ഇദ്ദേഹമാണ് മകനെ ഷാലിമാര്‍ സ്റ്റേഷനില്‍ കൊണ്ടുവിട്ടത്. മകൻ ട്രെയിൻ കയറി മണിക്കൂറുകള്‍ക്കകം ദുരന്തവാര്‍ത്ത ഹേലാറാം അറിഞ്ഞു. ഉടൻ മകനെ ഫോണ്‍വിളിച്ചു. മറുതലക്കല്‍ ഒരു ഞരക്കം മാത്രമായിരുന്നു ഉത്തരം. മകന് സാരമായി എന്തോ സംഭവിച്ചുവെന്ന് മനസ്സിലാക്കിയ അദ്ദേഹം രണ്ടാമതൊന്ന് ആലോചിച്ചില്ല, ഉടൻ തന്നെ നാട്ടിലെ ആംബുലൻസ് ഡ്രൈവറായ പലാഷ് പണ്ഡിറ്റിനെ വിളിച്ചു. ഭാര്യാസഹോദരൻ ദീപക് ദാസിനെയും കൂട്ടി രാത്രി തന്നെ ബാലസോറിലേക്ക് പുറപ്പെട്ടു. 230 കിലോമീറ്ററിലധികം ആംബുലൻസില്‍ യാത്ര ചെയ്ത് ബാലസോറിലെത്തിയ അദ്ദേഹം ആശുപത്രികളായ ആശുപത്രികളിലൊക്കെ മകനെ തിരഞ്ഞ് കയറിയിറങ്ങി. നിരാശയായിരുന്നു ഫലം. എവിടെയും മകനെ കണ്ടെത്താനായില്ല. അവൻൻ മരിച്ചെന്ന് വിശ്വസിക്കാൻ അദ്ദേഹത്തിന്റെ മനസ്സ് സമ്മതിച്ചിരുന്നില്ല.

“ഞങ്ങള്‍ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. പരിക്കേറ്റവരെയും മരിച്ചവരെയും പ്രവേശിപ്പിച്ച മറ്റുള്ള സ്ഥലങ്ങള്‍ എവിടെയാണെന്ന് ആളുകളോട് തിരക്കി. ആശുപത്രിയില്‍ കണ്ടെത്താൻ കഴിയുന്നില്ലെങ്കില്‍, മൃതദേഹങ്ങള്‍ കൂട്ടിയിട്ട ബഹനാഗ ഹൈസ്കൂളില്‍ പോയി നോക്കാൻ ഒരാള്‍ ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ക്ക് അത് ഉള്‍ക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും പോയി നോക്കാൻ തന്നെ തീരുമാനിച്ചു…” -ഹേലാറാമിനൊപ്പം ഉണ്ടായിരുന്ന ബിശ്വജിത്തിന്റെ അമ്മാവൻ ദീപക് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

‘താല്‍ക്കാലിക മോര്‍ച്ചറിയില്‍ നിരവധി മൃതദേഹങ്ങള്‍ കിടത്തിയത് കണ്ടു. എന്നാല്‍, അവ പരിശോധിക്കാൻ അവിടെ ഉണ്ടായിരുന്നവര്‍ ഞങ്ങളെ അനുവദിച്ചില്ല. കുറച്ച്‌ കഴിഞ്ഞ്, മൃതദേഹങ്ങളില്‍ ഒന്നിന്റെ വലതു കൈ വിറയ്ക്കുന്നത് ആരോ പറഞ്ഞു. ഇതേ തുടര്‍ന്ന് അവിടെ ബഹളം ഉടലെടുത്തു. അവിടെയുണ്ടായിരുന്ന ഞങ്ങള്‍ നോക്കിയപ്പോള്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്ന ബിശ്വജിത്തിന്റെതാണ് ഈ കൈ എന്ന് തിരിച്ചറിഞ്ഞു. ഉടൻ തന്നെ ഞങ്ങള്‍ കൊണ്ടുവന്ന ആംബുലൻസില്‍ അവനെ കയറ്റി ബാലസോര്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് ചില കുത്തിവയ്പുകള്‍ നല്‍കി, സ്ഥിതി ഗുരുതരമായതിനാല്‍ കട്ടക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഞങ്ങള്‍ അതിന് സമ്മതിച്ചില്ല. മികച്ച ചികിത്സക്ക് വേണ്ടി ഞങ്ങളുടെ സ്വന്തംറിസ്കില്‍ ബോണ്ടില്‍ ഒപ്പിട്ട് അവനെ ഡിസ്ചാര്‍ജ് ചെയ്തു’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് കൊല്‍ക്കത്ത എസ്‌.എസ്‌.കെ.എം ആശുപത്രിയിലെ ട്രോമ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. അവിടെ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബിശ്വജിത്തിന് ഇന്ന് മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തും. ഗുരുതരമായി പരിക്കേറ്റെങ്കിലും ജീവൻ രക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

തങ്ങള്‍ കൊല്‍ക്കത്തയിലേക്ക് തിരിച്ചുപോകുമ്ബോള്‍ ബിശ്വജിത്ത് അബോധാവസ്ഥയിലായിരുന്നുവെന്ന് ഹേലാറാം മാലിക്കിനൊപ്പം ഒഡീഷയിലെത്തിയ ആംബുലൻസ് ഡ്രൈവര്‍ പലാഷ് പണ്ഡിറ്റ് പറഞ്ഞു. ‘ഇതുവരെ ബോധം തിരിച്ചുകിട്ടിയിട്ടില്ലാത്ത ബിശ്വജിത്തിന് ഞായറാഴ്ച കണങ്കാലിന് ശസ്ത്രക്രിയ നടത്തി. തിങ്കളാഴ്ച കാലില്‍ വീണ്ടും ശസ്ത്രക്രിയ നടത്തും. അവന്റെ വലതു കൈക്ക് ഒന്നിലധികം ഒടിവുകള്‍ ഉണ്ട്’ -അദ്ദേഹം പറഞ്ഞു.

പരിക്കേറ്റവരുടെ എണ്ണക്കൂടുതലും തിരക്കും കാരണം സൂക്ഷ്മമായി പരിശോധിക്കാൻ ഡോക്ടര്‍മാര്‍ക്ക് സമയം ലഭിക്കാത്തതാവാം ബിശ്വജിത്തിന്റെ കാര്യത്തില്‍ സംഭവിച്ചതെന്ന് ബങ്കുര സമ്മിലാനി മെഡിക്കല്‍ കോളജ് ഫോറൻസിക് മെഡിസിൻ ഹെഡ് പ്രഫസര്‍ സോമനാഥ് ദാസ് പറഞ്ഞു. ‘ആരോഗ്യപ്രവര്‍ത്തകരല്ലാത്തവരാണ് രക്ഷാപ്രവര്‍ത്തകരില്‍ ഏറിയ പങ്കും. പരിക്കേറ്റയാള്‍ അബോധാവസ്ഥയിലായപ്പോള്‍ അവര്‍ മരിച്ചതായി തെറ്റിദ്ധരിച്ചതാവും’ -അധികൃതര്‍ പറഞ്ഞു.

രാജ്യംമുഴുവൻ വിറങ്ങലിച്ച ദുരന്തമുഖത്ത് സര്‍ക്കാര്‍ കാണിച്ച അലംഭാവത്തിന്റെ ഉദാഹരണമാണ് ജീവനുള്ളയാളെ മരിച്ചതായി കണക്കാക്കി മൃതദേഹങ്ങളോടൊപ്പം കൂട്ടിയിട്ടതെന്ന് പ്രമുഖര്‍ കുറ്റപ്പെടുത്തി. മകനെ തേടി ആംബുലൻസുമായി കുതിച്ചുപായാൻ ഹേലാറാം മനോധൈര്യം കാണിച്ചിരുന്നില്ലെങ്കില്‍ ബഹനാഗ ഹൈസ്കൂളിലെ മരണമുറിയില്‍ കിടന്ന് ബിശ്വജിത്തും അന്ത്യശ്വാസം വലിച്ചേനേ…

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular