Wednesday, October 4, 2023
HomeKeralaവിദ്യാര്‍ഥിനിയുടെ ആത്മഹത്യ: അമല്‍ജ്യോതിയില്‍ വിദ്യാര്‍ഥി മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: അമല്‍ജ്യോതിയില്‍ വിദ്യാര്‍ഥി മാര്‍ച്ചില്‍ സംഘര്‍ഷാവസ്ഥ

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

കെ.എസ്.യു, എ.ബി.വി.പി പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായതോടെ കോളജ് അടച്ചു. ഹോസ്റ്റലുകള്‍ ഒഴിയണമെന്ന് പ്രിൻസിപ്പല്‍ നിര്‍ദേശം നല്‍കി. എന്നാല്‍ നിര്‍ദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. ഹോസ്റ്റലുകളിലും വിദ്യാര്‍ഥി സമരം ശക്തമാകുകയാണ്. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഹോസ്റ്റല്‍ വാര്‍ഡനെ പുറത്താക്കണമെന്നും അവരാണ് ശ്രദ്ധയുടെ മരണത്തിന് കാരണമെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ് (20) കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി ഒമ്ബതോടെയാണ് കോളജ് ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഒപ്പം താമസിക്കുന്ന കുട്ടികള്‍ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചു വരുമ്ബോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ ശ്രദ്ധയെ കാണുകയായിരുന്നു. ഉടൻ കുട്ടികള്‍ വിവരം അറിയിച്ചതനുസരിച്ച്‌ എത്തിയ കോളജ് ജീവനക്കാര്‍ ശ്രദ്ധയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, കുട്ടി തലകറങ്ങി വീണതാണെന്നാണ് കോളജ് അധികൃതര്‍ ഡോക്‌ടറോട് പറഞ്ഞതെന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നെങ്കില്‍ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിക്കുമായിരുന്നെന്നും വിദ്യാര്‍ഥികളും ബന്ധുക്കളും ആരോപിക്കുന്നു.

സംഭവത്തില്‍ മനുഷ്യാവകാശ കമീഷൻ, മുഖ്യമന്ത്രി, ഡി.ജി.പി, കോട്ടയം ജില്ല പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു. പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ച്‌ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയായിരുന്നെന്ന ആരോപണമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്. ഈമാസം ഒന്നിനാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് കോളജിലേക്ക് പോയത്. രണ്ടിന് രാവിലെ വീട്ടില്‍ വിളിച്ച്‌ സംസാരിച്ചു. അപ്പോഴും പ്രശ്നങ്ങളെന്തെങ്കിലും ഉള്ളതായി പറഞ്ഞില്ല. അന്ന് ഉച്ചക്ക് എച്ച്‌.ഒ.ഡി കുട്ടിയുടെ പിതാവിനെ വിളിക്കുകയും ലാബില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതായും ഫോണ്‍ വാങ്ങിവെച്ചതായും അറിയിച്ചു.

ചില പരീക്ഷകളില്‍ കുട്ടിക്ക് മാര്‍ക്ക് കുറവാണെന്നും അടുത്ത ദിവസം കോളജിലെത്താനും പിതാവിനോട് ആവശ്യപ്പെട്ടു. അന്ന് രാത്രി 8.45ന് വിളിച്ച്‌ കുട്ടി ആശുപത്രിയിലാണെന്നും ഉടൻ എത്താനും പറഞ്ഞു. പത്ത് മിനിറ്റ് കഴിഞ്ഞ് കുട്ടി മരിച്ചതായും അറിയിച്ചു. ആത്മഹത്യയായിരുന്നുവെന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് അറിഞ്ഞത്. കോളജ് അധികൃതര്‍ കൃത്യമായ വിവരങ്ങള്‍ തരുന്നില്ല. എപ്പോഴാണ് ആത്മഹത്യ ചെയ്തതെന്നും അറിയില്ല. മൊബൈല്‍ ഫോണ്‍ പൊലീസിന്‍റെ കൈവശമാണെന്നും ബന്ധുക്കള്‍ പറഞ്ഞു.

സംഭവത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കോളജില്‍ ‌പ്രതിഷേധ സമരം ശക്തമാക്കി. എസ്.എഫ്.ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഇന്നലെ കോളജിലേക്ക് തള്ളിക്കയറിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. വിദ്യാര്‍ഥിനിയുടെ മരണത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം വേണമെന്ന ആവശ്യമാണ് വിദ്യാര്‍ഥികളും ബന്ധുക്കളും ഉന്നയിക്കുന്നത്. തങ്ങളുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്നും സത്യാവസ്ഥ അറിയാൻ തങ്ങള്‍ക്കും താല്‍പര്യമുണ്ടെന്നും കോളജ് അധികൃതരും വ്യക്തമാക്കി.

ശ്രദ്ധയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്. കോളജിലെ മുഴുവൻ വിദ്യാര്‍ഥികളും ഒത്തുചേര്‍ന്ന് കോളജ് കാമ്ബസിലാണ് പ്രതിഷേധ സമരം നടത്തിയത്. കോളജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണ്‍ കോളജ് അധികൃതര്‍ പിടിച്ചെടുത്തിരുന്നു. ശ്രദ്ധയെ മാനസികമായി തകര്‍ക്കുന്ന പെരുമാറ്റമാണ് അധികൃതരില്‍നിന്നുണ്ടായത്. അതിനുശേഷം മരിക്കണമെന്ന് ശ്രദ്ധ പറഞ്ഞിരുന്നതായി സഹപാഠികള്‍ ആരോപിക്കുന്നു. എന്നാല്‍, തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കോളജ് മാനേജര്‍ മാത്യു പായിക്കാടും പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular