Thursday, March 28, 2024
HomeUSAറിപ്പബ്ലിക്കൻ പോരാട്ടത്തിനു മൈക്ക് പെൻസും ക്രിസ് ക്രിസ്റ്റിയും ഡൗ ബർഗമും കൂടി വരുന്നു

റിപ്പബ്ലിക്കൻ പോരാട്ടത്തിനു മൈക്ക് പെൻസും ക്രിസ് ക്രിസ്റ്റിയും ഡൗ ബർഗമും കൂടി വരുന്നു

2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ മത്സരത്തിൽ പ്രമുഖ സ്ഥാനാർത്ഥികളുടെ എണ്ണം കൂടി വരുന്നു. ഡൊണാൾഡ് ട്രംപിന്റെ വൈസ് പ്രസിഡന്റ് ആയിരുന്ന മൈക്ക് പെൻസ്, ന്യൂ ജേഴ്‌സി മുൻ ഗവർണർ ക്രിസ് ക്രിസ്റ്റി, നോർത്ത് ഡക്കോട്ട ഗവർണർ ഡൗ ബെർഗം എന്നിവർ കൂടി ഈയാഴ്ച മത്സരത്തിനു ഇറങ്ങും. പാർട്ടിയിലെ പ്രബലനായി തുടരുന്നത് ട്രംപ് തന്നെ.

പെൻസ് മത്സരിക്കാനുള്ള കടലാസ് ജോലികൾ പൂർത്തിയാക്കി കഴിഞ്ഞു. പ്രഖ്യാപനം ബുധനാഴ്ച പ്രതീക്ഷിക്കുന്നു.

ക്രിസ്റ്റി ചൊവാഴ്ച തന്നെ ഇറങ്ങുമെന്നാണ് സൂചന. ന്യൂ ഹാംഷെയറിലാണ് പ്രഖ്യാപനം ഉണ്ടാവുക. ട്രംപിന്റെ വലം കൈ ആയിരുന്ന അദ്ദേഹം ഇന്നു കടുത്ത വിമർശകനാണ്‌. ഇതു രണ്ടാം മത്സരം. ബെർഗമും ചൊവാഴ്ച്ച തന്നെ ഇറങ്ങുമെന്നു സൂചനയുണ്ട്. പെൻസ് (63) പ്രഖ്യാപനം നടത്തുന്നത് വീഡിയോ വഴിയാവും. അയോവയിൽ ടൗൺഹാൾ പരിപാടിയും വച്ചിട്ടുണ്ട്.  “ക്രിസ്ത്യാനിയും യാഥാസ്ഥിതികനും റിപ്പബ്ലിക്കാനുമാണ്” താനെന്നു പെൻസ് പറയുന്നു. അദ്ദേഹത്തിന്റെ രംഗപ്രവേശത്തോടെ ജനുവരി 6 സംഭവങ്ങൾ റിപ്പബ്ലിക്കൻ പ്രൈമറികളിൽ വിഷയമാകും എന്നാണ് കരുതപ്പെടുന്നത്. ട്രംപ് തോറ്റ 2020 തിരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കാൻ പെൻസ് അധ്യക്ഷത വഹിച്ച കോൺഗ്രസ് കൂടിയപ്പോൾ “പെൻസിനെ തൂക്കിലേറ്റുക” എന്ന ആക്രോശവുമായി ട്രംപ് അനുയായികൾ ക്യാപിറ്റോളിലേക്കു തള്ളിക്കയറിയിരുന്നു. പെൻസ് തന്നെ നിരാശപ്പെടുത്തിയെന്നു ട്രംപ് പറയുകയും ചെയ്തു.

ശാന്തനും മൃദുഭാഷിയുമായ പെൻസ് റേഡിയോ അവതാരകനായാണ് തുടങ്ങിയത്. 2000ൽ യുഎസ് ഹൗസിലേക്കു ജയിച്ച അദ്ദേഹം ഇന്ത്യാനയിൽ 2013 മുതൽ 2017 വരെ ഗവർണർ ആയിരുന്നു. അക്കാലത്തു നികുതികൾ കുത്തനെ കുറച്ചു, ഗർഭഛിദ്രം നിരോധിച്ചു, മത സ്വാതന്ത്ര്യം സംരക്ഷിച്ചു എന്നൊക്കെയാണ് അവകാശ വാദങ്ങൾ.

2016ൽ റിപ്പബ്ലിക്കൻ മത്സരത്തിൽ ട്രംപിനോടു തോറ്റ ക്രിസ്റ്റി 2020ൽ ജോ ബൈഡനെ നേരിടാൻ ട്രംപിനു പല തലത്തിലും സഹായം നൽകി. എന്നാൽ ജനുവരി 6നു ശേഷം ക്രിസ്റ്റി ട്രംപുമായി പിരിഞ്ഞു.

ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസാണ് മത്സരത്തിൽ ട്രംപിന്റെ പിന്നിൽ നിൽക്കുന്നത്. ട്രംപിനു പക്ഷെ ലീഡ് ഏറെയുണ്ട്. യുഎന്നിൽ അംബാഡർ ആയിരുന്ന നിക്കി ഹെയ്‌ലിയാണ് മറ്റൊരു സ്ഥാനാർഥി. അവരെപ്പോലെ ഇന്ത്യൻ അമേരിക്കനായ വിവേക് രാമസ്വാമിയുമുണ്ട് രംഗത്ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular