ഭോപ്പാല്‍: മധ്യപ്രദേശിലെ സെഹോറില്‍ മൂന്നു വയസുകാരി കുഴല്‍ക്കിണറില്‍ വീണു. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ രണ്ടാം ദിവസത്തിലേക്ക് കടന്നതായി അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച കളിച്ചുകൊണ്ടിരിക്കെയാണ് പെണ്‍കുട്ടി കുഴല്‍ക്കിണറില്‍ വീണത്.
“രണ്ടാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്,” പെണ്‍കുട്ടിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാതെ സെഹോര്‍ ജില്ലാ ഭരണകൂടം പറഞ്ഞു.ശ്രീസ്തി കുശ്വാഹ എന്ന പെണ്‍കുട്ടിയാണ് 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ്ത്. 22-30 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയാണ് കുട്ടി. കുഞ്ഞിന് ഓക്സിജന്‍ നല്‍കിക്കൊണ്ടിരിക്കുകയും ചലനങ്ങള്‍ ക്യാമറയിലൂടെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. പാറയുടെ സാന്നിധ്യം മൂലമാണ് സമാന്തര കുഴിയെടുക്കാൻ വൈകുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. കുട്ടിയെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ചൊവ്വാഴ്ച ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ മാര്‍ച്ചില്‍ വിദിഷ ജില്ലയില്‍ ഏഴു വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണിരുന്നു. ഇന്ത്യൻ ആര്‍മിയും എസ്ഡിആര്‍എഫ് ടീമും സംയുക്തമായി 24 മണിക്കൂര്‍ ഓപ്പറേഷനുശേഷം കുട്ടിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, എല്ലാ കുഴല്‍ക്കിണറുകളും പരിശോധിച്ച് അവയെല്ലാം മൂടിയിട്ടുണ്ടോയെന്ന് ഉറപ്പാക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവിട്ടിരുന്നു.കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ മധ്യപ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള അരഡസനോളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.