Friday, April 26, 2024
HomeIndiaബ്രിജ്ഭൂഷണ് കുരുക്ക് മുറുകുന്നു; ഗുസ്തി താരങ്ങളുടെ ആവശ്യത്തോട് കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയതായി സൂചന

ബ്രിജ്ഭൂഷണ് കുരുക്ക് മുറുകുന്നു; ഗുസ്തി താരങ്ങളുടെ ആവശ്യത്തോട് കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയതായി സൂചന

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന് അധ്യക്ഷൻ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിന് കുരുക്ക് മുറുകുന്നു. ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന താരങ്ങളുടെ നിര്‍ബന്ധത്തിന് കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയതായി സൂചന.

ബി.ജെ.പിയില്‍ തുടരുന്ന അഭിപ്രായ ഭിന്നതയാണ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിന് വിനയായത്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്‌ കര്‍ഷക സംഘടനകളുമായി ഗുസ്തി താരങ്ങള്‍ ഇന്ന് മുതല്‍ ചര്‍ച്ചകള്‍ ആരംഭിക്കും.

കൈസര്‍ഗഞ്ചില്‍ നിന്നുള്ള എംപി കൂടിയായ ബ്രിജ്ഭൂഷണെ കൈവിടാൻ ബിജെപി ഒരുങ്ങുന്നു എന്ന സൂചനയാണ് ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത താരം ഉള്‍പ്പടെ പരാതിക്കാര്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ്. ബിജെപി കേന്ദ്ര നേതൃത്വത്തിനുള്ളിലും ഉത്തര്‍പ്രദേശ് ബിജെപിക്ക് ഉള്ളിലും ബ്രിജ്ഭൂഷണ്‍ വിഷയത്തില്‍ തുടരുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് ഗുസ്തി ഫെഡറേഷന് അധ്യക്ഷൻ്റെ അറസ്റ്റിനുള്ള സാഹചര്യം ഒരുക്കുന്നത്.

വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനും ഒളിംപിക്സിനും താരങ്ങളെ സജ്ജമാക്കാൻ വേണ്ടിയാണ് പ്രശ്ന പരിഹാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് അവകാശവാദം. അതേസമയം, ജൂണ്‍ പതിനഞ്ച് വരെ സമരം ഉണ്ടാകില്ല എന്ന് പ്രഖ്യാപിച്ച ഗുസ്തി താരങ്ങള്‍ സമരം അവസാനിക്കുന്നില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ച ഫോര്‍മുലകള്‍ കര്‍ഷക സംഘടനാ നേതാക്കളുമായും ഖാപ് നേതാക്കളുമായും താരങ്ങള്‍ ചര്‍ച്ച ചെയ്യും. ഞായറാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച മഹാ പഞ്ചായത്ത് ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് താരങ്ങള്‍ മാറ്റി വെച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular