Saturday, July 27, 2024
Homeഅണക്കെട്ട് തകര്‍ച്ച: 17,000 പേരെ ഒഴിപ്പിച്ചു

അണക്കെട്ട് തകര്‍ച്ച: 17,000 പേരെ ഒഴിപ്പിച്ചു

കീവ്: കഖോവ്ക അണക്കെട്ട് തകര്‍ക്കപ്പെട്ടതുമൂലം വെള്ളത്തിനടിയിലായ പ്രദേശങ്ങളില്‍നിന്ന് 17,000 പേരെ ഒഴിപ്പിച്ചുമാറ്റിയതായി യുക്രെയ്ൻ അറിയിച്ചു.
നിപ്രോ നദീതീരത്തെ 24 ഗ്രാമങ്ങളില്‍ പ്രളയമുണ്ടായി. 40,000 പേര്‍ അപകടം നേരിടുകയാണ്. ഖേര്‍സണ്‍ നഗരത്തിന്‍റെ പലഭാഗങ്ങളിലും വെള്ളമുയര്‍ന്നു. റഷ്യൻ അധിനിവേശ ഖേര്‍സണില്‍ 25,000 പേര്‍ കുടുങ്ങിയിട്ടുണ്ട്.

ജലവൈദ്യുതി പദ്ധതിയിലെ യന്ത്രങ്ങളില്‍നിന്ന് 150 ടണ്‍ എൻജിൻ ഓയില്‍ ചോര്‍ന്നത് വലിയ പരിസ്ഥിതി നാശമുണ്ടാക്കിയേക്കും. വെള്ളപ്പൊക്കത്തില്‍ 12 ലക്ഷം ഏക്കര്‍ ഭൂമിയിലെ കൃഷി നശിക്കുമെന്ന് അനുമാനിക്കുന്നതായി കൃഷിമന്ത്രി മൈക്കോള സോള്‍സ്കി പറഞ്ഞു.

‌അധിനിവേശ റഷ്യയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ട് ചൊവ്വാഴ്ച പുലര്‍ച്ചെ തകര്‍ന്നതില്‍ യുക്രെയ്നും റഷ്യയും പരസ്പരം കുറ്റപ്പെടുത്തല്‍ തുടരുകയാണ്. യുക്രെയ്ൻ ആസൂത്രണം ചെയ്തിരിക്കുന്ന പ്രത്യാക്രമണം തടസപ്പെടുത്താനായി റഷ്യ അണക്കെട്ടു തകര്‍ത്തതാണെന്നു പ്രസിഡന്‍റ് സെലൻസ്കി ആരോപിച്ചു. പ്രത്യാക്രമണം ഉദ്ദേശിച്ച രീതിയില്‍ത്തന്നെ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുക്രെയ്ൻ സേന ഒട്ടനവധി ആക്രമണങ്ങളിലൂടെ അണക്കെട്ട് തകര്‍ക്കുകയായിരുന്നുവെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ആരോപിച്ചു.

യൂറോപ്യൻ യൂണിയൻ നേതാക്കള്‍ റഷ്യക്കു നേര്‍ക്കു വിരല്‍ചൂണ്ടുകയാണുണ്ടായത്. അന്വേഷണത്തിലൂടെ സ്ഥിരീകരിച്ചശേഷം പറയാമെന്നാണ് അമേരിക്കയും ബ്രിട്ടനും പ്രതി കരിച്ചത്.

RELATED ARTICLES

STORIES

Most Popular