Friday, April 19, 2024
HomeKeralaഎല്ലാത്തിനും കാരണം ദ്രാവിഡ്! ഉടന്‍ പുറത്താക്കണം, നെഹ്‌റയെ കോച്ചാക്കൂ

എല്ലാത്തിനും കാരണം ദ്രാവിഡ്! ഉടന്‍ പുറത്താക്കണം, നെഹ്‌റയെ കോച്ചാക്കൂ

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യദിനം തന്നെ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യന്‍ ടീം ബാക്ക് ഫൂട്ടിലായതോടെ കോച്ച്‌ രാഹുല്‍ ദ്രാവിഡിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ആരാധകര്‍.

ഇന്ത്യന്‍ ടീമിന്റെ കോച്ചെന്ന നിലയില്‍ ഇത്രയും ദയനീയ പ്രകടനത്തിന്റെ പ്രധാന ഉത്തരവാദിത്വം അദ്ദേഹത്തിനു തന്നെയാണെന്നും ഈ ജോലി തനിക്കു പറ്റില്ലെന്നു ദ്രാവിഡ് തെളിയിച്ചിരിക്കുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ഓസ്‌ട്രേലിയ മൂന്നു വിക്കറ്റിനു 327 റണ്‍സെന്ന ശക്തമായ നിലയിലാണ് ആദ്യദിനം കളി അവസാനിപ്പിച്ചത്. സെഞ്ച്വറിയോടെ ട്രാവിസ് ഹെഡും (146) സെഞ്ച്വറിക്ക് തൊട്ടരികെയായി സ്റ്റീവ് സ്മിത്തുമാണ് (95) ക്രീസിലുള്ളത്. രണ്ടാംദിനം ആദ്യ സെഷനില്‍ തന്നെ ഒന്നോ, രണ്ടോ വിക്കറ്റുകള്‍ വീഴ്ത്താനായെങ്കില്‍ മാത്രമേ ഇന്ത്യക്കു ഇനി മല്‍സരത്തിലേക്കു തിരിച്ചുവരാന്‍ സാധിക്കുകയുള്ളൂ.

അതിനായില്ലെങ്കില്‍ 500-600 റണ്‍സ് വാരിക്കൂട്ടി ഓസീസ് മല്‍സരത്തില്‍ കൂടുതല്‍ ആധിപത്യം നേടുകയും ചെയ്യും. ടീം സെലക്ഷനില്‍ ഇന്ത്യ വലിയ മണ്ടത്തരങ്ങള്‍ കാണിച്ചുവെന്നും അതു കോച്ചായ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും സംഭവിച്ച പിഴവാണെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നു.

രാഹുല്‍ ദ്രാവിഡ് ഒട്ടും അഗ്രസീവായിട്ടുള്ള കോച്ചല്ല. നമുക്ക് അഗ്രസീവായിട്ടുള്ള ഒരു കോച്ചിനെയും ക്യാപ്റ്റനെയുമാണ് വേണ്ടത്. എങ്ങനെ കടുപ്പമേറിയ സാഹചര്യങ്ങളില്‍ കളിക്കണമെന്നും ജയിക്കണമെന്നും നമ്മുടെ മുന്‍ കോച്ച്‌ രവി ശാസ്ത്രിക്കും ക്യാപ്റ്റന്‍ വിരാട് കോലിക്കും അറിയാമായിരുന്നു. പക്ഷെ ഇപ്പോഴത്തെ കോച്ച്‌ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും ഒരുപോലെ തണുപ്പന്‍മാരാണെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ എന്തു ചെയ്യണമെന്നു പോലുമറിയില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

നെറ്റ്‌സില്‍ ഉമേഷ് യാദവിന്റെയും ശര്‍ദ്ദുല്‍ ടാക്കൂറിന്റെയുമൊന്നും ബൗളിങ് പ്രകടനം കോച്ചായ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും ശ്രദ്ധിച്ചില്ലേ? അങ്ങനെ ചെയ്തിരുന്നെങ്കില്‍ അവരെ ഫൈനലില്‍ തീര്‍ച്ചയായും കളിപ്പിക്കില്ലായിരുന്നു. ഡബ്ല്യുടിസി കിരീടം ഇത്തവണയും ഇന്ത്യക്കു നേടാന്‍ കഴിയില്ലെന്നു ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

രാഹുല്‍ ദ്രാവിഡിനെ ഇനിയും പരിശീലക സ്ഥാനത്തു നിലനിര്‍ത്തരുത്. ഫൈനലിനു ശേഷം അദ്ദേഹത്തെ പുറത്താക്കണം. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മികച്ച രീതിയില്‍ പരിശീലിപ്പിക്കുന്ന ആശിഷ് നെഹ്‌റയെ ഇന്ത്യയുടെ കോച്ചാക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

രാഹുല്‍ ദ്രാവിഡിനെ മാറ്റി പകരം ആശിഷ് നെഹ്‌റയെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി നിയമിക്കൂ. എങ്കില്‍ എല്ലാ ട്രോഫികളും നിങ്ങളെ തേടിയെത്തും. ഇന്ത്യയുടെ കോച്ചെന്ന നിലയില്‍ പ്രധാനപ്പെട്ട എല്ലാ ടൂര്‍ണമെന്റുകളിലും രാഹുല്‍ ദ്രാവിഡ് പരാജയമായി മാറിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏഷ്യാ കപ്പ്, ഐസിസിയുടെ ടി20 ലോകകപ്പ് എന്നിവയില്‍ ഇന്ത്യയെ ഫൈനലില്‍ പോലുമെത്തിക്കാന്‍ അദ്ദേഹത്തിനായില്ല.

ഇപ്പോഴിതാ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ പരാജയത്തിന്റെ വക്കിലാണ്. ഈ ഫൈനലിനു ശേഷം ദ്രാവിഡിനെ പരിശീലകസ്ഥാനത്തു നിന്നും മാറ്റണം. വരാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് കൂടി അദ്ദേഹത്തെ ഏല്‍പ്പിക്കരുതെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.

എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീമിന്റെ കോച്ചായി രാഹുല്‍ ദ്രാവിഡ് ഇപ്പോഴും തുടരന്നതെന്നറിയില്ല. ടീം സെലക്ഷനില്‍ നിരന്തരം പിഴവുകള്‍ വരുത്തുന്ന അദ്ദേഹം ഒട്ടും അഗ്രസീവായിട്ടുള്ള കോച്ചുമല്ല. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ നമ്മല്‍ പുറത്താവാന്‍ പ്രധാന കാരണം എല്ലാ മല്‍സരങ്ങളിലും കെഎല്‍ രാഹുലിനെ കളിപ്പിച്ചതാണ്.

20 ബോളില്‍ 18 റണ്‍സെടുക്കുന്ന രാഹുലിനെപ്പോലെയുള്ളവരെയല്ല ഈ ഫോര്‍മാറ്റിനു ആവശ്യമെന്നു ദ്രാവിഡിനു തിരിച്ചറിയാനോ, ടീമില്‍ മാറ്റങ്ങള്‍ കൊണ്ടു വരാനോ സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് ഫൈനല്‍ പോലും കാണാതെ ഇന്ത്യ പുറത്തായത്. ഇപ്പോള്‍ ഡബ്ല്യുടിസി ഫൈനലില്‍ ഒന്നാം നമ്ബര്‍ ബൗളറായ ആര്‍ അശ്വിനെ പുറത്തിരുത്തി മറ്റൊരു മണ്ടത്തരം കൂടി ദ്രാവിഡ് കാണിച്ചിരിക്കുകയാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

Manu D Mykhel

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular