ഹോണോലുലു: ഹവായ് ദ്വീപിലെ കിലോയ അഗ്നിപര്‍വതം മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും സജീവമായി. അഗ്നിപര്വത്തിനു ചുറ്റും തീയും പുകയുമാണ്.
കിലോയയിലെ ഹലേമൗമൗ ഗര്‍ത്തത്തിനുള്ളിലെ വിള്ളലുകളില്‍നിന്ന് ലാവ പുറത്തേക്ക് ഒഴുകുകയാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ ഹവായിയൻ അഗ്നിപര്‍വത നിരീക്ഷണാലയം അറിയിച്ചു.
ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപര്‍വതം എന്ന പേരുള്ള കിലോയ 1983 മുതല്‍ കൃത്യമായ ഇടവേളകളില്‍ തീതുപ്പുന്നുണ്ട്. മൂന്നു ലക്ഷം മുതല്‍ ആറു ലക്ഷം വരെ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് കിലോയ.
നാലായിരത്തിലധികം അടി ഉയരമുള്ള പര്‍വതത്തിന്റെ പേരിന്റെ അര്‍ഥം ‘എപ്പോഴും പ്രവഹിക്കുന്നത്’ എന്നാണ്. 1990ലുണ്ടായ ഒരു പൊട്ടിത്തെറിയില്‍ ഹവായിയിലുള്ള കാലാപന എന്ന പട്ടണം പൂര്‍ണമായി ലാവാപ്രവാഹത്തില്‍ നശിച്ചിരുന്നു.