Friday, April 19, 2024
HomeIndiaപ്രവർത്തകസമിതി യോഗത്തിൽ സോണിയ ഗാന്ധി

പ്രവർത്തകസമിതി യോഗത്തിൽ സോണിയ ഗാന്ധി

ന്യൂഡൽഹി: താൻ മുഴുവൻ സമയ കോൺഗ്രസ് പ്രസിഡന്റാണെന്ന് സോണിയ ഗാന്ധി. ന്യൂഡൽഹിയിൽ നടന്ന പാർട്ടി പ്രവർത്തകസമിതി യോഗത്തിൽ പാർട്ടിയിലെ ജി-23 നേതാക്കളിൽ നിന്നും ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായാണ് സോണിയ ഗാന്ധിയുടെ വിശദീകരണം.

കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെ കുറിച്ച് ചില ജി-23 നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. കോൺഗ്രസിന് ഒരു സജീവ അധ്യക്ഷൻ വേണമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു അതിനുള്ള മറുപടിയാണ് സോണിയ ഗാന്ധി ഇന്ന് നൽകിയത്.

“കഴിഞ്ഞ രണ്ട് വർഷമായി, നമ്മുടെ സഹപ്രവർത്തകരിൽ വലിയൊരു വിഭാഗം, പ്രത്യേകിച്ച് ചെറുപ്പക്കാർ പാർട്ടി നയങ്ങളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്, കർഷക പ്രക്ഷോഭം, കോവിഡ് സമയത്ത് ആശ്വാസം നൽകൽ, യുവാക്കൾക്കും സ്ത്രീകൾക്കും ഉള്ള ആശങ്കകൾ, ദലിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരായ അതിക്രമങ്ങൾ, വിലക്കയറ്റം, പൊതുമേഖലയുടെ നാശം തുടങ്ങിയ ഉയർത്തിക്കാട്ടുന്നതിൽ ശ്രദ്ധിച്ചിട്ടുണ്ട്,” സോണിയ ഗാന്ധി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

“പൊതു പ്രാധാന്യമുള്ള ആശങ്കയുലവാക്കുന്ന പ്രശ്നങ്ങൾ ഒരിക്കലും ഉയർത്തിക്കാണിക്കാതെ പോയിട്ടില്ല. മൻമോഹൻ സിങിനെയും രാഹുൽ ജിയെയും പോലെ ഞാനും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യുന്നുണ്ടെന്ന് നിങ്ങൾക്കറിയാം. സമാന ചിന്താഗതിക്കാരായ രാഷ്ട്രീയ പാർട്ടികളുമായും ഞാൻ ഇടപഴകാറുണ്ട്. ഞങ്ങൾ ദേശീയ വിഷയങ്ങളിൽ സംയുക്ത പ്രസ്താവനകൾ പുറപ്പെടുവിക്കുകയും പാർലമെന്റിൽ ഞങ്ങളുടെ തന്ത്രങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.” സോണിയ ഗാന്ധി കൂട്ടിച്ചേർത്തു.

“സത്യസന്ധതയെ ഞാൻ എപ്പോഴും വിലമതിക്കുന്നു. മാധ്യമങ്ങളിലൂടെ എന്നോട് സംസാരിക്കേണ്ട ആവശ്യമില്ല. നമുക്കെല്ലാവർക്കും സ്വതന്ത്രവും സത്യസന്ധവുമായ ഒരു ചർച്ച നടത്താം. എന്താണ് ഈ മുറിയുടെ നാല് ചുവരുകൾക്ക് പുറത്ത് ചർച്ച ചെയ്യേണ്ടത് എന്നത് പ്രവർത്തക സമിതിയുടെ കൂട്ടായ തീരുമാനമാണ്.” കോൺഗ്രസ് അധ്യക്ഷ വ്യക്തമാക്കി.

ജി-23 നേതാക്കളിൽ ഒരാളായ കപിൽ സിബൽ കഴിഞ്ഞ മാസം ഒരു വാർത്താസമ്മേളനത്തിൽ കോൺഗ്രസിൽ പ്രസിഡന്റിലെന്നും ആരാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് അറിയില്ലെന്നും പറഞ്ഞിരുന്നു.

“കോൺഗ്രസിന്റെ പുനരുജ്ജീവനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഇതിന് ഐക്യവും പാർട്ടിയുടെ താൽപര്യങ്ങളും നിലനിർത്തേണ്ടതുണ്ട്. എല്ലാത്തിനുമുപരി, അതിന് ആത്മനിയന്ത്രണവും അച്ചടക്കവും ആവശ്യമാണ്. ” പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള സംഘടനാ തിരഞ്ഞെടുപ്പിനെ പരാമർശിച്ചുകൊണ്ട് സോണിയ ഗാന്ധി പറഞ്ഞു.

“പ്രവർത്തക സമിതി മുതൽ ഞാൻ താൽക്കാലിക കോൺഗ്രസ് പ്രസിഡന്റായിരുന്നെന്നും, 2019 ൽ ഈ സ്ഥാനത്തേക്ക് മടങ്ങിവരാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു എന്ന വസ്തുതയെക്കുറിച്ചും ഞാൻ ബോധവാനാണ്. 2021 ജൂൺ മുപ്പതിന് മുൻപ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നു എന്നാൽ കോവിഡ് രണ്ടാം തരംഗം വന്നതിനാൽ മെയ് 10ന് നടന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടി.

ഇന്ന് അതിനു വ്യക്തയുണ്ടാക്കാനുള്ള സമയമാണ്. ഒരു സമ്പൂര്‍ണ്ണ സംഘടനാ തിരഞ്ഞെടുപ്പിനുള്ള സമയക്രമം മുന്നിലുണ്ട്.” പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിച്ചതായി വ്യക്തമാക്കി കൊണ്ട് സോണിയ ഗാന്ധി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular