Friday, May 3, 2024
HomeAustraliaഒരു വര്‍ഷം നഷ്ടപ്പെട്ടത് 12 സിനിമകള്‍!; പകരമെത്തിയത് താര പുത്രന്‍മാര്‍; സുശാന്തിന്റെ കരിയറില്‍ സംഭവിച്ചത്

ഒരു വര്‍ഷം നഷ്ടപ്പെട്ടത് 12 സിനിമകള്‍!; പകരമെത്തിയത് താര പുത്രന്‍മാര്‍; സുശാന്തിന്റെ കരിയറില്‍ സംഭവിച്ചത്

ബോളിവുഡിനെ പിടിച്ചു കുലുക്കിയ സംഭവമാണ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ. ഹിന്ദി സിനിമാ രംഗത്തോട് ഇന്ന് പ്രേക്ഷകര്‍ മുഖം തിരിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് സുശാന്തിന്റെ മരണമാണ്.

നടൻ മരിച്ചിട്ട് മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടു. ഇന്നും സുശാന്തിന്റെ പേരില്‍ ഫാൻ പേജുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഇതുവരെ കെട്ടടങ്ങിയിട്ടില്ല.

മൃതദേഹത്തില്‍ പരുക്കുകളുണ്ടായിരുന്നെന്നാണ് അടുത്തിടെ വന്ന വെളിപ്പെടുത്തല്‍. ബി ടൗണിലെ പ്രമുഖര്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്ന് ആരാധകര്‍ക്ക് ആക്ഷേപമുണ്ട്. ബോളിവുഡിന്റെ അണിയറയിലെ അപ്രിയ സത്യങ്ങള്‍ സുശാന്തിന്റെ മരണത്തോടെ പുറത്തേക്ക് വന്നു. താര കുടുംബം വാഴുന്ന ബോളിവുഡില്‍ സിനിമാ പാരമ്ബര്യമില്ലാത്തവര്‍ നേരിടുന്ന അവഗണന മറനീക്കി പുറത്തു വന്നു.

കരിയറില്‍ മികച്ച തുടക്കം ലഭിച്ച സുശാന്തിന് പിന്നീട് നല്ല അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ബോളിവുഡിലെ സ്വജനപക്ഷപാതമാണ് ഇതിന് കാരണമെന്ന സൂചനകള്‍ പുറത്ത് വരുകയും ചെയ്തു. ഇതോടെ വര്‍ഷങ്ങളോളം ബോളിവുഡ് കരിയറിന് വേണ്ടി അധ്വാനിച്ചിട്ടും തഴയപ്പെട്ടവര്‍ തുറന്ന് പറച്ചിലുകള്‍ നടത്തി. സോഷ്യല്‍ മീഡിയയില്‍ കരണ്‍ ജോഹര്‍, ആലിയ ഭട്ട്, മഹേഷ് ഭട്ട് തുടങ്ങിയവര്‍ വ്യാപക വിമര്‍ശനത്തിന് ഇരയായി.

കരണ്‍ ജോഹറാണ് ഇതിലേറ്റവും കൂടുതല്‍ കുറ്റപ്പെടുത്തലുകള്‍ കേട്ടത്. സിനിമാ താരങ്ങളുടെ മക്കളായ ആലിയ ഭട്ട്, അര്‍ജുൻ കപൂര്‍, വരുണ്‍ ധവാൻ തുടങ്ങിയവര്‍ക്ക് അവസരങ്ങള്‍ നല്‍കാൻ വേണ്ടി മറ്റുള്ളവരെ തഴഞ്ഞെന്ന വിമര്‍ശനം കരണിന് കേള്‍ക്കേണ്ടി വന്നു.

സുശാന്തിന് നഷ്ടമായ സിനിമകള്‍ ചെറുതല്ല. ഒരു വര്‍ഷം മാത്രം 12 സിനിമകള്‍ നടന് നഷ്ടപ്പെട്ടു. അതേസമയം ഈ നഷ്ടങ്ങള്‍ക്ക് കാരണം സ്വജനപക്ഷപാതം മാത്രമല്ല. സുശാന്ത് ഡേറ്റില്ലാത്തത് കൊണ്ടും കൂടിയാണ്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത മൂന്ന് സിനിമകളില്‍ സുശാന്തിനെ നായകനായി പരിഗണിച്ചിരുന്നു. രാം ലീല, ബാജിരാവോ മസ്താനി, പദ്മാവത് എന്നീ സിനിമകളായിരുന്നു അത്.

ആദ്യ രണ്ട് സിനിമകളില്‍ സുശാന്തിന് പകരം രണ്‍വീര്‍ സിംഗാണ് അഭിനയിച്ചത്. പദ്മാവതില്‍ ഷാഹിദ് കപൂറും. സുശാന്തിന്റെ ആത്മഹത്യക്കേസ് അന്വേഷിക്കുന്ന ഘട്ടത്തില്‍ സംവിധായകൻ സഞ്ജയ് ലീല ബൻസാലി പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. മൂന്ന് സിനിമകളും വൻ ഹിറ്റായിരുന്നു.

അഭിഷേക് കപൂറിന്റെ ഫിത്തൂര്‍ എന്ന സിനിമയിലും ആദ്യം പരിഗണിച്ചത് സുശാന്തിനെയാണ്. എന്നാല്‍ ഈ റോള്‍ ആദിത്യ റോയ് കപൂറിന് ലഭിച്ചു. ഹാഫ് ഗേള്‍ഫ്രണ്ട് എന്ന സിനിമയില്‍ സുശാന്തിന് പകരം അര്‍ജുൻ കപൂര്‍ നായകനായി. കബീര്‍ സിംഗ് എന്ന സിനിമയില്‍ ഷാഹിദ് കപൂറിന് പകരം ആദ്യം പരിഗണിച്ചത് സുശാന്തിനെയാണ്. ഈ സിനിമകളില്‍ മിക്കതും സുശാന്തിന് നഷ്ടപ്പെട്ടതിന് കാരണം നടൻ കൊടുത്ത വാക്കാണ്.

ശേഖര്‍ കപൂറിന്റെ പാനി എന്ന സിനിമയില്‍ അഭിനയിക്കാൻ സുശാന്ത് ഡേറ്റ് നല്‍കിയിരുന്നു. വൻ ബഡ്ജറ്റില്‍ എടുക്കാനിരുന്ന സിനിമയില്‍ പ്രതീക്ഷയര്‍പ്പിച്ച സുശാന്ത് മറ്റ് സിനിമകള്‍ വേണ്ടെന്ന് വെച്ചു. എന്നാല്‍ പാനി എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയില്ല. അന്ന് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയില്‍ സുശാന്തിനെ നായകനാക്കാൻ പ്രൊഡക്ഷൻ ഹൗസായ യഷ് രാജ് ഫിലിംസ് മടിച്ചു. ഈ സിനിമ പിന്നീട് നടന്നതുമില്ല.

ഒരു സിനിമയ്ക്ക് വേണ്ടി കാത്തിരുന്ന സുശാന്തിന് നിരവധി നല്ല അവസരങ്ങള്‍ നഷ്ടപ്പെട്ടത് ആരാധകരെയും നിരാശയിലാക്കി. സുശാന്തിന്റെ ആത്മഹത്യക്ക് കാരണമെന്തെന്ന് ഇന്നും വ്യക്തമല്ല. നടൻ വിഷാദരോഗിയായിരുന്നെന്നാണ് അന്ന് പുറത്ത് വന്ന വിവരം.

അഭിനന്ദ് ചന്ദ്രൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular