Tuesday, April 30, 2024
HomeEuropeറഷ്യന്‍ മേജര്‍ ജനറല്‍ യുക്രെയ്നില്‍ കൊല്ലപ്പെട്ടു

റഷ്യന്‍ മേജര്‍ ജനറല്‍ യുക്രെയ്നില്‍ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്നിലെ സാപോറിഷ്യയിലുണ്ടായ ഏറ്റുമുട്ടലില്‍ റഷ്യൻ മേജര്‍ ജനറല്‍ സെര്‍ജി ഗൊറിയാഷേവ് (52) കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
റഷ്യയുടെ 35-ാം കന്പൈൻഡ് ആംസ് ആര്‍മി മേധാവിയായിരുന്നു. തിങ്കളാഴ്ച മിസൈല്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നു കരുതുന്നു. പ്രമുഖ റഷ്യൻ മിലിട്ടറി ബ്ലോഗറായ അനത്തോളി ഷെരീവ് ആണു മരണവാര്‍ത്ത അറിയിച്ചത്. ഇതു സംബന്ധിച്ച്‌ മോസ്കോ പ്രതികരിച്ചിട്ടില്ല.

ബ്രിട്ടൻ യുക്രെയ്നു നല്കിയ സ്റ്റോംഷാഡോ മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥര്‍ മരിച്ചെന്നും ബ്ലോഗറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്ത ശരിയാണെങ്കില്‍ യുക്രെയ്നില്‍ കൊല്ലപ്പെടുന്ന 11-ാമത് റഷ്യൻ ജനറലായിരിക്കും ഇദ്ദേഹം. പത്തു ജനറല്‍മാരും കഴിഞ്ഞവര്‍ഷമാണു കൊല്ലപ്പെട്ടത്. റഷ്യൻ പാര്‍ലമെന്‍റ് അംഗവും യുക്രെയ്നില്‍ പോരാടുന്ന ചെചൻ സേനയുടെ കമാൻഡറുമായ ആഡം ഡെലിംഖാനോവിനു ഇന്നലെ ഗുരുതരമായി പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

അതേസമയം, റഷ്യൻ അധിനിവേശ പ്രദേശങ്ങള്‍ മോചിപ്പിക്കാനായി യുക്രെയ്ൻ സേന ഉഗ്രയുദ്ധം നടത്തുന്നതായി ഡെപ്യൂട്ടി പ്രതിരോധമന്ത്രി ഹന്ന മാലിയാര്‍ അറിയിച്ചു. യുക്രെയ്ൻ സേന ബാക്മുത് മേഖലയില്‍ അര കിലോമീറ്റര്‍ മുന്നേറിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റഷ്യൻ സേന ബുധനാഴ്ച പുലര്‍ച്ചെ ഒഡേസ നഗരത്തില്‍ നടത്തിയ മിസൈല്‍ – ഡ്രോണ്‍ ആക്രമണങ്ങളില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സൂപ്പര്‍ മാര്‍ക്കറ്റിന്‍റെ ഗോഡൗണ്‍, ബിസിനസ് സെന്‍റര്‍, ഷോപ്പുകള്‍ എന്നിവയാണ് ആക്രമിക്കപ്പെട്ടത്.

ഇതിനിടെ ബലാറൂസിനു നേര്‍ക്ക് ആക്രമണമുണ്ടായാല്‍ യുക്രെയ്നെതിരേ പോരിനിറങ്ങുമെന്ന് പ്രസിഡന്‍റ് അലക്സാണ്ടര്‍ ലൂക്കാഷെങ്കോ ഭീഷണി മുഴക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular