Thursday, April 25, 2024
HomeIndiaആരോഗ്യമേഖലയിൽ സുവർണ അദ്ധ്യായം എഴുതാൻ യുപി; ഏഴ് മെഡിക്കൽ കോളേജുകൾ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും

ആരോഗ്യമേഖലയിൽ സുവർണ അദ്ധ്യായം എഴുതാൻ യുപി; ഏഴ് മെഡിക്കൽ കോളേജുകൾ പ്രധാനമന്ത്രി നാടിന് സമർപ്പിക്കും

ലക്‌നൗ : ആരോഗ്യമേഖലയിൽ അതിവേഗം മുന്നേറി ഉത്തർപ്രദേശ്. നിർമ്മാണം പൂർത്തിയായ ഏഴ് മെഡിക്കൽ കോളേജുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. ഈ മാസം 25 നാണ് മെഡിക്കൽ കോളേജുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കുക.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. സിദ്ധാർത്ഥ് നഗർ, ദിയോറ, ഇറ്റ, ഹർദോയ്, ഗാസിപൂർ, മിർസാപൂർ, പ്രതാപ്ഗഡ് എന്നിവിടങ്ങളിലാണ് പുതിയ മെഡിക്കൽ കോളേജുകൾ നിർമ്മിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് നഗറിൽ എത്തിയാണ് അദ്ദേഹം മെഡിക്കൽ കോളേജുകളുടെ ഉദ്ഘാടനം നിർവ്വഹിക്കുക. പ്രധാനമന്ത്രിയെ വരവേൽക്കാനുള്ള മുന്നൊരുക്കങ്ങൾ സിദ്ധാർത്ഥ് നഗറിൽ ഏറെക്കുറെ പൂർത്തിയായി.

ഇന്നലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിദ്ധാർത്ഥ് നഗറിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പുതുതായി ആരംഭിക്കുന്ന ഏഴ് മെഡിക്കൽ കോളേജുകളും ഉത്തർപ്രദേശിന്റെ ആരോഗ്യമേഖലയിലെ സുവർണ അദ്ധ്യായങ്ങൾ ആകുമെന്ന് അദ്ദേഹം പറഞ്ഞു.

ആളുകളുടെ ആരോഗ്യ സംരക്ഷണത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് തന്നെ മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ഉദ്ഘാടന ശേഷം മെഡിക്കൽ കോളേജുകളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും. വരും വർഷങ്ങളിൽ സംസ്ഥാനത്ത് ഡോക്ടർമാർക്ക് ക്ഷാമം നേരിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular