Saturday, April 20, 2024
HomeKeralaമരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം; കൂട്ടിക്കലില്‍ മരണം 12 ആയി

മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം; കൂട്ടിക്കലില്‍ മരണം 12 ആയി

തിരുവനന്തപുരം: കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഒന്‍പത് പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ 12 എട്ടായി ഉയര്‍ന്നു. ഇനി കാണാതായ ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. ഇടുക്കി കൊക്കയാറില്‍ എട്ട് പേര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു.

സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യു മന്ത്രി കെ. രാജന്‍. രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ കാണാതായൊ എന്ന് അന്വേഷിക്കും. ദുരന്ത നിവാരണ സേന, ആര്‍മി എന്നിവരുടെ സേവനം ഉപയോഗിക്കും. മലയോര മേഖലയില്‍ രാത്രി യാത്ര ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്കാണ് സാധ്യത. 60 കിലോ മീറ്റര്‍ വരെ വേഗതിയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റുമുണ്ടായേക്കുമെന്നാണ് വിവരം.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി കാണാതായ 17 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇടുക്കി കൊക്കയാറിലും കോട്ടയം കൂട്ടിക്കലിലുമാണ് ഇന്നലെ ഉരുള്‍പൊട്ടലുണ്ടായത്. കൂട്ടിക്കലില്‍ ഒന്‍പത് പേരെയും കൊക്കയാറില്‍ എട്ട് പേരെയുമായിരുന്നു കാണാതായത്. കൊക്കയാറില്‍ കാണാതായവരില്‍ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നു.

കോട്ടയം മണിമലയാറില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. മണിമലയാര്‍ ഉള്‍പ്പടെ ഒറ്റപ്പെട്ട പോയ പ്രദേശങ്ങളില്‍ ഹെലിക്കോപ്റ്ററില്‍ ഭക്ഷണം എത്തിക്കും. ആലപ്പുഴയില്‍ അപ്പര്‍ കുട്ടനാടും പ്രളയ ഭീതിയിലാണ്. തലവടി, എടത്വ, വിയ്യപുരം എന്നീ മേഖലകളില്‍ ജല നിരപ്പ് ഉയര്‍ന്നു. ഓതറ, ഇടനാട്, മംഗലം, മുളക്കഴ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.

മഴ ശക്തമായി തന്നെ തുടരുന്ന പത്തനംതിട്ടയില്‍ ജില്ലാ സ്റ്റേഡിയത്തിലടക്കം വെള്ളം പൊങ്ങി. ആറന്മുള- ചെങ്ങന്നൂര്‍ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടങ്ങളിലും ഗതാഗത തടസവും സംഭവിച്ചിട്ടുണ്ട്. അതേസമയം വടക്കന്‍ ജില്ലകളില്‍ മഴ നേരിയ തോതില്‍ ശമിച്ചു തുടങ്ങി. തിരുവനന്തപുരം ജില്ലയുടെ കിഴക്കന്‍ ഭാഗത്തും നഗരത്തിലും മഴ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular