Thursday, March 28, 2024
HomeKeralaഅതീവ ജാഗ്രത വേണം; ബാധിക്കപ്പെട്ട ജില്ലകളില്‍ കൂടുതല്‍ സേനയെ വിന്യസിക്കും: മുഖ്യമന്ത്രി

അതീവ ജാഗ്രത വേണം; ബാധിക്കപ്പെട്ട ജില്ലകളില്‍ കൂടുതല്‍ സേനയെ വിന്യസിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചതോടെ അധികൃതര്‍ക്ക് നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാമ്പുകള്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധ ചെലുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാരീരിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആവശ്യമെങ്കില്‍ ക്യാമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കും. മാസ്ക്, സാനിറ്റൈസർ എന്നിവ ക്യാമ്പുകളിൽ ഉറപ്പുവരുത്തണം. ശൗചാലയങ്ങൾ വൃത്തിയാക്കാൻ പ്രത്യേക സംവിധാനം ഒരുക്കണം. ആവശ്യത്തിന് ശുദ്ധജലം ലഭ്യമാക്കണം. ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധ ക്യാമ്പുകളിൽ ഉണ്ടാകണം. വാക്സിൻ എടുക്കാത്തവരുടെയും അനുബന്ധ രോഗികളുടെയും കാര്യത്തിൽ പ്രത്യേക കരുതല്‍ വേണമെന്നും പിണറായി വിജയന്‍ നിര്‍ദേശിച്ചു.

സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ആവശ്യം വന്നാൽ കൂടുതൽ ക്യാംപുകൾ അതിവേഗം തുടങ്ങാൻ സജ്ജീകരണമൊരുക്കിയിട്ടുമുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓരോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ അഞ്ച് ടീമിനെക്കൂടി ഇടുക്കി, കോട്ടയം, കൊല്ലം, കണ്ണൂരും, പാലക്കാട് ജില്ലകളിൽ വിന്യസിക്കാനായി നിർദ്ദേശം നൽകിയിട്ടുണ്ട് മുഖ്യമന്ത്രി അറിയിച്ചു.

ഇന്ത്യൻ ആർമിയുടെ രണ്ടു ടീമുകളിൽ ഒരു ടീം തിരുവനന്തപുരത്തും, ഒരെണ്ണം കോട്ടയത്തും വിന്യസിച്ചിട്ടുണ്ട്. ഡിഫെൻസ് സെക്യൂരിറ്റി കോർപ്സിന്റെ (DSC) ടീമുകൾ ഒരെണ്ണം കോഴിക്കോടും ഒരെണ്ണം വയനാടും വിന്യസിച്ചിട്ടുണ്ട്. എയർഫോഴ്സ്നേയും നേവിയെയും അടിയന്തിര സാഹചര്യം നേരിടാൻ സജ്ജരായിരിക്കാൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. സന്നദ്ധസേനയും സിവിൽ ഡിഫെൻസും അടിയന്തര സാഹചര്യങ്ങൾ അഭിമുഖീകരിക്കാൻ സജ്ജമായിട്ടുണ്ട്. എൻജിനിയർ ടാസ്ക് ഫോഴ്സ് ടീം ബാംഗ്ലൂർ നിന്നും മുണ്ടക്കയത്തേക്ക് തിരിച്ചു. എയർ ഫോഴ്സിന്റെ രണ്ട് ചോപ്പറുകൾ കോയമ്പത്തൂരിനടുത്തുള്ള സുളൂരിൽ നിന്നും തിരുവനന്തപുരത്ത് എത്തി.

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിക്ക് സമീപം ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും എയർ ലിഫ്റ്റിങ് വേണ്ടി വന്നേക്കാം എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശത്തെ തുടർന്ന് എയർ ഫോഴ്സ് ഹെലികോപ്റ്റർ നിയോഗിച്ചു. നേവിയുടെ ഹെലികോപ്റ്റർ കൂട്ടിക്കൽ, കൊക്കയാർ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളിൽ ഭക്ഷണപ്പൊതി വിതരണം ചെയ്യാനായി നിയോഗിച്ചു.

സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം കൂടുതൽ സജീവമാക്കി. ഡാമുകളിലെ സ്ഥിതിഗതികൾ വിലയിരുത്തുവാൻ കെ എസ് ഇ ബി , ജലസേചന വകുപ്പ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രത്തിൽ 24 മണിക്കൂറും വിന്യസിച്ചു. പോലീസ്, ഫയർ ഫോഴ്സ്, ലാൻഡ് റെവന്യു കണ്ട്രോൾ റൂമുകളുമായും സംസ്ഥാന അടിയന്തരഘട്ട കാര്യനിർവഹണ കേന്ദ്രം ആശയവിനിമയം നടത്തി വരുന്നു. ബന്ധപ്പെട്ട എല്ലാ വകുപ്പ് മേധാവികളോടും ഏതു വിധത്തിലുള്ള അടിയന്തര സാഹചര്യങ്ങളെയും നേരിടാൻ സുസജ്ജമായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ കാസര്‍ഗോഡ് ജില്ലയിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular