ശ്രീനഗര്‍: രാജ്യത്തിന് വേണ്ടി രക്തസാക്ഷികള്‍ ആയവരോടുള്ള ആദരസൂചകമായി ജമ്മു കശ്മീരിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും വീരമൃത്യു വരിച്ച പട്ടാളക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സി.ആര്‍.പി.എഫ് ജവാന്മാര്‍ എന്നിവരുടെ പേരുകള്‍ നല്‍കും. ഇതുമായി ബന്ധപ്പെട്ട് ജമ്മു, ദോഡ, റിയാസി, പൂഞ്ച്, രജൗരി, കതുവ, സാംബ, റമ്പാന്‍, കിഷ്ത്വാര്‍, ഉധംപൂര്‍ ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ഡിവിഷണല്‍ കമ്മീഷണര്‍ കത്തെഴുതി.
രക്തസാക്ഷികളുടെ പേരുകള്‍ നല്‍കാന്‍ സാധിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ വിവരങ്ങള്‍ കണ്ടെത്തണമെന്നാണ് കത്തില്‍ പറയുന്നത്. ഇതിന് വേണ്ടി വിവര ശേഖരണത്തിന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ജില്ലാതലത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീര്‍ യഥാര്‍ത്ഥ ജനാധിപത്യത്തിനും വികസനത്തിനും സാക്ഷ്യം വഹിച്ചുവെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ട്വീറ്റ് ചെയ്തിരുന്നു.
നേരത്തെ പഞ്ചാബ് സര്‍ക്കാരും ഇത്തരത്തില്‍ വിവിധ ജില്ലകളിലെ സ്‌കൂളുകളുടെ പേരുകള്‍ മാറ്റിയിരുന്നു. 17 സ്‌കൂളുകളുടെ പേരുകളാണ് ഇത്തരത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ മാറ്റിയത്. പതിനാലിലേറെ സ്‌കൂളുകളുടെ പേരുകള്‍ മാറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. രാജ്യത്തിന് വേണ്ടി ചെയ്ത ത്യാഗങ്ങളുടേയും സംഭാവനകളും പരിഗണിച്ചാണ് സ്വാതന്ത്ര്യ സമര സേനാനികളുടെയും മറ്റും പ്രമുഖ വ്യക്തികളുടേയും പേരുകള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നല്‍കിയത്.