Thursday, May 2, 2024
HomeIndiaപട്നയില്‍ കൈകോര്‍ക്കാന്‍ പ്രതിപക്ഷം; ബി.ജെ.പിയെ താഴെയിറക്കാനുള്ള ലക്ഷ്യവുമായി നേതൃയോഗം ഇന്ന്

പട്നയില്‍ കൈകോര്‍ക്കാന്‍ പ്രതിപക്ഷം; ബി.ജെ.പിയെ താഴെയിറക്കാനുള്ള ലക്ഷ്യവുമായി നേതൃയോഗം ഇന്ന്

ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് വിജയത്തിന്‍റെ ഊര്‍ജവും ആത്മവിശ്വാസവുമായി വെള്ളിയാഴ്ച വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ ഐക്യ ചര്‍ച്ച.

മനപ്പൊരുത്തം ആദ്യം, നേതാവ് പിന്നെ എന്ന പൊതു നിലപാട് തുടക്കത്തില്‍ തന്നെ പ്രകടിപ്പിച്ചാണ് ഓരോരുത്തരും പട്നയില്‍ സമ്മേളിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിലെ തന്ത്രം, സീറ്റ് പങ്കിടല്‍, പൊതുമിനിമം പരിപാടി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചക്ക് വെക്കുന്നില്ല.

ബി.ജെ.പിയെ അധികാരത്തില്‍നിന്ന് പുറത്താക്കുകയെന്ന പൊതുലക്ഷ്യത്തിലേക്കുള്ള പ്രാരംഭ കേന്ദ്രമായാണ് പട്നയെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ വിശേഷിപ്പിച്ചത്. അടുത്ത യോഗം എവിടെയാകണം, എന്തൊക്കെ കാര്യങ്ങള്‍ അവിടെ ചര്‍ച്ചചെയ്യണം തുടങ്ങിയവ പട്ന യോഗത്തില്‍ തീരുമാനിക്കും. കേന്ദ്രസര്‍ക്കാര്‍ വിളിച്ച മണിപ്പൂര്‍ സര്‍വകക്ഷി യോഗം ശനിയാഴ്ച നടക്കാനിരിക്കേ, യോഗത്തില്‍ സ്വീകരിക്കേണ്ട പൊതുനിലപാട്, കേന്ദ്രസര്‍ക്കാറിന്‍റെ ജനാധിപത്യ വിരുദ്ധ നടപടികള്‍ എന്നിവയും മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ഔദ്യോഗിക വസതിയില്‍ ചേരുന്ന യോഗം ചര്‍ച്ച ചെയ്യും.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഇടതു പാര്‍ട്ടികള്‍, സമാജ്വാദി പാര്‍ട്ടി, ശിവസേന എന്നിങ്ങനെ കൈകൊടുക്കാൻ മടിയുള്ള പാര്‍ട്ടികള്‍ ബി.ജെ.പിയെ തുരത്തുകയെന്ന പൊതുലക്ഷ്യത്തിന് ഒന്നിക്കുന്ന അപൂര്‍വതയാണ് പട്ന സമ്മേളനത്തിന്‍റെ പ്രത്യേകത. ഇവക്കൊപ്പം എൻ.സി.പി, ജനതാദള്‍-യു, നാഷനല്‍ കോണ്‍ഫറൻസ് തുടങ്ങി 20ഓളം പാര്‍ട്ടികളുടെ നായകര്‍ പട്ന യോഗത്തിനുണ്ട്.

ഡല്‍ഹിയിലെ ഉദ്യോഗസ്ഥ നിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാറില്‍ നിക്ഷിപ്തമാക്കുന്ന കേന്ദ്ര ഓര്‍ഡിനൻസിനെതിരെ കോണ്‍ഗ്രസ് പരസ്യ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ യോഗത്തില്‍ ഇറങ്ങിപ്പോക്ക് നടത്തുമെന്നാണ് ആം ആദ്മി പാര്‍ട്ടി കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. നയിക്കുന്നതാര് എന്ന ചോദ്യമുയര്‍ത്തിയാണ് പട്ന സമ്മേളനത്തെയും പ്രതിപക്ഷ ഐക്യ നീക്കത്തെയും ബി.ജെ.പി നേരിടുന്നത്. അത് പ്രധാനമല്ലെന്നും, ബി.ജെ.പിയെ 2024ല്‍ തോല്‍പിച്ച ശേഷം അക്കാര്യം കൂട്ടായി തീരുമാനിക്കാവുന്നതേയുള്ളൂ എന്നുമാണ് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചത്.

ബി.എസ്.പി നേതാവ് മായാവതി, ബി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര റാവു, ആര്‍.എല്‍.ഡി നേതാവ് ജയന്ത് ചൗധരി എന്നിവര്‍ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കും. നയം വ്യക്തമല്ലാത്ത പ്രതിപക്ഷ യോഗം വെറും കൈകൊടുപ്പ് വേദിയാണെന്നും മാനസിക ഐക്യമില്ലെന്നും മായാവതി കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് പങ്കിടല്‍ തര്‍ക്കത്തെ തുടര്‍ന്ന് സഖ്യകക്ഷിയായ സമാജ്വാദി പാര്‍ട്ടിയുമായി അകന്നതാണ്, ചില കുടുംബ പരിപാടികളുണ്ടെന്ന വിശദീകരണത്തോടെ ജയന്ത് ചൗധരി വിട്ടുനില്‍ക്കാൻ കാരണം. ചന്ദ്രശേഖര റാവുവാകട്ടെ, മൂന്നാം മുന്നണി നടപ്പില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുനില്‍ക്കുന്നു. കേരളത്തില്‍നിന്ന് മുസ്ലിംലീഗ്, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ നേതാക്കളും പട്നയില്‍ എത്തുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular