Thursday, May 2, 2024
HomeKeralaലാറ്റക്സ് വിലയില്‍ നേട്ടം, ഷീറ്റ് വില ഉയര്‍ന്നില്ല

ലാറ്റക്സ് വിലയില്‍ നേട്ടം, ഷീറ്റ് വില ഉയര്‍ന്നില്ല

കോട്ടയം: കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി റബര്‍ ലാറ്റക്സ് വില ഉയര്‍ന്നു. ഇന്നലെ 172 രൂപയായിരുന്നു ഒരു കിലോ ലാറ്റക്‌സിന്‍റെ വിപണി വില.
തോട്ടങ്ങളില്‍നിന്നു 161 രൂപയ്ക്കാണു വ്യാപാരികള്‍ ലാറ്റക്സ് വാങ്ങിയത്.

ഇന്നലെ രാവിലെ കച്ചവടം ആരംഭിച്ചപ്പോള്‍ 160 രൂപയായിരുന്നു വിലയെങ്കിലും ഉച്ചയോടെ 161 രൂപയ്ക്കു വരെ വ്യാപാരം നടന്നു. ലാറ്റക്സിന്‍റെ ലഭ്യത കുറഞ്ഞതും കയറ്റുമതിക്ക് ആവശ്യമായ ഉത്പന്നം വിപണിയില്‍ ലഭ്യമല്ലാതെ വന്നതുമാണു വില ഉയരാന്‍ ഇടയാക്കിയത്.

കഴിഞ്ഞ മാര്‍ച്ച്‌ ആദ്യവാരം മുതല്‍ ലാറ്റക്സിന്‍റെ വില നേരിയ തോതില്‍ ഉയര്‍ന്നു വരികയായിരുന്നു. 115-120 രൂപയ്ക്കായിരുന്നുമാര്‍ച്ച്‌ ആദ്യവാരം കച്ചവടം തുടങ്ങിയത്. പിന്നീട് ഓരോദിവസവും വില ഉയര്‍ന്നു. ഏപ്രില്‍ 27 വരെ ഉയര്‍ന്നു നിന്ന വില പിന്നീട് കുറഞ്ഞു. 150-152 രൂപ വില ഉണ്ടായിരുന്ന ലാറ്റക്‌സിനു കഴിഞ്ഞ 20നുശേഷം വില വീണ്ടും ഉയര്‍ന്നു. രണ്ടാഴ്ച കൂടി വില വര്‍ധനയുണ്ടാകുമെന്നാണു വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സെന്‍റിഫ്യൂജ് ലാറ്റക്സ് (60 ശതമാനം ലാറ്റക്സ്) ഇറക്കുമതിയുണ്ടാകുമെന്ന സൂചനയും കച്ചവടക്കാര്‍ നല്‍കുന്നു. ഇത് ആഭ്യന്തര ലാറ്റക്‌സ് വില കുറയാന്‍ ഇടയാക്കും. മുന്‍വര്‍ഷങ്ങളില്‍ ഇതേ രീതിയില്‍ വില വന്‍തോതില്‍ ഉയര്‍ന്നതിനുശേഷം കൂപ്പുകുത്തുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. വില ഉയരുമെന്നു കരുതി തോട്ടങ്ങളില്‍ ലാറ്റക്സ് സൂക്ഷിക്കുന്ന കര്‍ഷകര്‍ക്ക് പിന്നീട് നഷ്ടവും സംഭവിച്ചു.

അതേസമയം ലാറ്റക്സ് വില വര്‍ധനയ്ക്ക് ആനുപാതികമായി ഷീറ്റ് വില വര്‍ദ്ധിച്ചിട്ടില്ല. നേരിയ തോതില്‍ ഷീറ്റ് വില ഉയര്‍ന്നെങ്കിലും കച്ചവടം നടക്കുന്നത് 150 രൂപയ്ക്കു താഴെയാണ്. റബര്‍ ബോര്‍ഡ് ഇന്നലെ നല്‍കിയത് ആര്‍എസ്‌എസ് നാലിനു 154 രൂപയും അഞ്ചിന് 151 രൂപയുമാണ്.

എന്നാല്‍ കോട്ടയം മാര്‍ക്കറ്റില്‍ വ്യാപാരം നടന്നത് ആര്‍എസ്‌എസ് നാലിന് 149 രൂപയും അഞ്ചിനു 146 രൂപയുമാണ്. കോട്ടയം മാര്‍ക്കറ്റിനെക്കാള്‍ രണ്ടു മുതല്‍ അഞ്ചു രൂപവരെ കൂടുതലാണു കൊച്ചി മാര്‍ക്കറ്റില്‍. കോട്ടയം മാര്‍ക്കറ്റില്‍ വില്‍പന നടത്തുന്ന കര്‍ഷകര്‍ക്ക് ഉയര്‍ന്ന നിരക്കിലെ വില ലഭിക്കാറില്ലെന്നും കര്‍ഷകര്‍ പറയുന്നു.

ജോമി കുര്യാക്കോസ്
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular