Sunday, May 19, 2024
Homeതുടര്‍ച്ചയായി റേഷന്‍ വാങ്ങിയില്ല; 54,764 കുടുംബങ്ങള്‍ പുറത്ത്

തുടര്‍ച്ചയായി റേഷന്‍ വാങ്ങിയില്ല; 54,764 കുടുംബങ്ങള്‍ പുറത്ത്

തിരുവനന്തപുരം: മൂന്നുമാസം തുടര്‍ച്ചയായി റേഷൻ വാങ്ങാത്തതിനെ തുടര്‍ന്ന് 54,764 മുൻഗണനാ വിഭാഗം കാര്‍ഡുകാരെ നിലവിലെ പട്ടികയില്‍നിന്ന് സര്‍ക്കാര്‍ ഒഴിവാക്കി.

എ.എ.വൈ വിഭാഗത്തില്‍നിന്ന് 6248 പേരെയും മുൻഗണന വിഭാഗത്തില്‍നിന്ന് 48,516 കാര്‍ഡുകളെയുമാണ് മുൻഗണനേതര (നോണ്‍ സബ്സിഡി) വിഭാഗത്തിലേക്ക് മാറ്റിയത്. 4265 നീല കാര്‍ഡുകാരെയും റേഷൻ വാങ്ങാത്തതിനെ തുടര്‍ന്ന് വെള്ള കാര്‍ഡിലേക്ക് മാറ്റി.

ഏറ്റവും കുടുതല്‍ മഞ്ഞ കാര്‍ഡുകാര്‍ പുറത്തായത് തിരുവനന്തപുരം ജില്ലയിലാണ് -858. പാലക്കാട് -761, തൃശൂര്‍ -760, ആലപ്പുഴ -732 പേരും വയനാട് 339 കുടുംബങ്ങളും പുറത്തായി. പിങ്ക് കാര്‍ഡുകാരില്‍ ഏറ്റവും കൂടുതല്‍ പുറത്തായത് എറണാകുളം ജില്ലയിലാണ് -7424. തിരുവനന്തപുരം -6439, തൃശൂര്‍ -6095, കൊല്ലം -5132, ആലപ്പുഴ -4123, ഇടുക്കി -3106, വയനാട് -570 കാര്‍ഡുകാര്‍ പുറത്തായി. ഭക്ഷ്യവകുപ്പിന്‍റെ നടപടിയില്‍ അപേക്ഷമുള്ളവര്‍ക്ക് അതാത് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് രേഖാമൂലം പരാതി നല്‍കാം. പരാതികള്‍ റേഷനിങ് കണ്‍ട്രോളര്‍മാര്‍ നേരിട്ടെത്തി പരിശോധിച്ചശേഷമാകും ഇവരെ ഇനി മുൻഗണന പട്ടികയില്‍ ഉള്‍പ്പെടുത്തുക. പുറത്താക്കിയവര്‍ക്ക് പകരം മുൻഗണന വിഭാഗത്തില്‍ ഉള്‍പ്പെടാൻ അര്‍ഹതയുള്ള നീല, വെള്ള കാര്‍ഡുകാരില്‍നിന്ന് അപേക്ഷ സ്വീകരിക്കാൻ തീരുമാനിച്ചു. നിലവിലുള്ള ഒഴിവുകളിലേക്ക് ജൂലൈ 18 മുതല്‍ ആഗസ്റ്റ് 10 വരെ ഓണ്‍ലൈൻ വഴി അപേക്ഷിക്കാം.

ഡെപ്യൂട്ടി റേഷനിങ് കണ്‍ട്രോളര്‍ക്കാണ് മേല്‍നോട്ട ചുമതല. വരുമാന സര്‍ട്ടിഫിക്കറ്റ്, വീടിന്‍റെ വിസ്തീര്‍ണം കാണിക്കുന്ന സാക്ഷ്യപത്രം (പഞ്ചായത്ത് സെക്രട്ടറി നല്‍കുന്നത്), ഏറ്റവും പുതിയ നികുതി ചീട്ടിന്‍റെ പകര്‍പ്പ്, 2009ലെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട കുടുംബമാണെങ്കില്‍ അര്‍ഹതയുള്ളതാണെന്ന് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, സ്ഥലമില്ലെങ്കില്‍ അത് കാണിക്കുന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം, വീടില്ലെങ്കില്‍ ഇതുസംബന്ധിച്ച പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, രോഗാവസ്ഥ/ ഭിന്നശേഷിയുള്ളവര്‍ ഇതുസംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയാണ് മുൻഗണന പട്ടികയില്‍ ഉള്‍പ്പെടാൻ ഹാജരാക്കേണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular