Wednesday, April 24, 2024
HomeEditorialനുഴഞ്ഞ് കയറിയത് ചാരവൃത്തിയ്ക്കല്ല; കാമുകനൊപ്പം ജീവിക്കാനെന്ന് പാകിസ്താനി യുവതി

നുഴഞ്ഞ് കയറിയത് ചാരവൃത്തിയ്ക്കല്ല; കാമുകനൊപ്പം ജീവിക്കാനെന്ന് പാകിസ്താനി യുവതി

ബോളിവുഡില്‍ 2004 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘വീര്‍സാര’. സിനിമയില്‍ സൂപ്പര്‍താരം ഷാരൂഖ്ഖാൻ അവതരിപ്പിച്ച കഥാപാത്രം ഇന്ത്യയില്‍ നിന്ന് തന്റെ പ്രണയിനി ആയ പാകിസ്താനി യുവതിയെ (പ്രീതി സിന്റ അഭിനയിച്ച കഥാപാത്രം) കാണാൻ അതിര്‍ത്തി കടന്ന് പോകുന്നതാണ് പ്രമേയം.

സ്നേഹത്തിന്റെയും ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും വേര്‍പിരിയലിന്റെയും കഥപറയുന്ന ആ സിനിമയുമായി സാമ്യമുള്ള ഒന്നാണ് ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ അടുത്തിടെ സംഭവിച്ചതും. പക്ഷെ ഇവിടെ പാകിസ്ഥാനില്‍ നിന്ന് തന്റെ കാമുകനെ തേടി ഒരു യുവതി ഇന്ത്യയിലേക്കാണ് വന്നത്. എന്നാല്‍ സീമ ഗുലാം ഹൈദര്‍ എന്ന ഈ യുവതി അതിര്‍ത്തി കടന്നെത്തിയത് ചാരവൃത്തിയ്ക്കാണെന്നും ചില റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. സീമയ്ക്കും കാമുകൻ സച്ചിൻ മീണയ്ക്കും സച്ചിന്റെ പിതാവിനുമെതിരെ പാസ്‌പോര്‍ട്ട് ആക്‌ട്, ഫോറിനേഴ്‌സ് ആക്‌ട് എന്നിവ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ സച്ചിനും സീമയുംമാധ്യമങ്ങളോട് സംസാരിക്കുകയും തങ്ങളുടെ കഥ വിവരിക്കുകയും ചെയ്തു. താൻ കറാച്ചി സ്വദേശിയാണെന്നും 2019ലാണ് സച്ചിനുമായി പ്രണയത്തിലായതെന്നുംസീമ പറഞ്ഞു.

“അന്നുമുതല്‍ സീമയും സച്ചിനും ഒരുമിച്ച്‌ ജീവിക്കാൻ തീരുമാനിച്ചിരുന്നുവത്രേ, എങ്ങനെ ഇന്ത്യയില്‍ എത്താമെന്ന് അന്ന് തൊട്ട് തന്നെ പ്ലാൻ ചെയ്യാൻ തുടങ്ങി. യൂട്യൂബില്‍ ലഭ്യമായ റൂട്ടുകളുടെ സഹായത്തോടെ സച്ചിൻ സീമയെ ഇന്ത്യയിലേക്ക് കടക്കാൻ സഹായിക്കുകയായിരുന്നു. “ഞങ്ങള്‍ ചാരന്മാരല്ല, ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്ന സാധാരണ മനുഷ്യരാണ്. ഞങ്ങളുടെ ജീവിതകാലം മുഴുവൻ ഒരുമിച്ച്‌ ജീവിക്കാൻ ആഗ്രഹിക്കുന്നു. ദയവായി ഞങ്ങളെ സഹായിക്കൂ, ഞങ്ങള്‍ക്ക് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല, ഞങ്ങള്‍ക്ക് ഒരു ഹിഡൻ അജണ്ടയുമില്ല; ദയവായി ഞങ്ങളുടെ ബന്ധത്തെ രാഷ്ട്രീയവത്കരിക്കരുത്. എനിക്ക് ഇന്ത്യയില്‍ തന്നെ തുടരണം ” സീമ മാധ്യമങ്ങളോട് പറഞ്ഞു.

നിയമവിരുദ്ധമായി ഇന്ത്യൻ അതിര്‍ത്തിയില്‍ പ്രവേശിച്ചതിന് സീമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. യുവതിയെ സഹായിച്ചതിനും വിദേശ പൗരന് അഭയം നല്‍കിയതിനും സച്ചിനും പിതാവിനുമെതിരെയും കേസെടുത്തിട്ടുണ്ട്. തന്റെ നാല് കുട്ടികളുമായി അനധികൃതമായി അതിര്‍ത്തി കടന്ന സീമ ഗുലാം ഹൈദര്‍ എന്ന വനിതാ വീഡിയോ ഗെയിമര്‍ക്കെതിരെ പാസ്‌പോര്‍ട്ട് നിയമത്തിലെയും വിദേശി നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ശത്രുരാജ്യത്തിലെ പൗരന്മാര്‍ക്ക് അഭയം നല്‍കിയതിന് യുവതിയുടെ കാമുകൻ സച്ചിൻ മീണയ്ക്കും പിതാവിനുമെതിരെയും കേസെടുത്തിട്ടുണ്ട് എന്ന് ഗ്രേറ്റര്‍ നോയിഡ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ് കെ ഖാൻ പറഞ്ഞു.

പോലീസ് പറയുന്നതനുസരിച്ച്‌ ഇതിനെല്ലാം തുടക്കം കുറിച്ചത് 2019ലാണ്. സീമയ്ക്ക് ഏതാണ്ട് 20 വയസുള്ളപ്പോള്‍ PUBG എന്ന ഓണ്‍ലൈൻ ഗെയിമിലൂടെ സച്ചിനെ കണ്ടുമുട്ടി. ഇരുവരും മണിക്കൂറുകളോളം ഓണ്‍ലൈനില്‍ ഗെയിം കളിക്കുന്നതിനിടയില്‍ പ്രണയത്തിലാവുകയും, അവരുടെ ബന്ധം ശക്തമായി വളരുകയും സച്ചിനെ കാണാൻ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഏത് വിധേനയും എത്താൻ സീമ തീരുമാനിക്കുകയും ചെയ്തു. മെയ് 11 ന് നേപ്പാള്‍ വഴി സീമ അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചുവെന്നും അതിനുശേഷം ഗ്രേറ്റര്‍ നോയിഡയില്‍ വെച്ച്‌ സച്ചിനെ കാണാൻ ഗ്രേറ്റര്‍ നോയിഡയിലേക്ക് ബസില്‍ കയറിയെന്നും ഖാൻ പറഞ്ഞു. മെയ് 13 മുതല്‍ റബുപുരയിലാണ് താമസം. ഇരുവരും ഒരു പ്രാദേശിക അഭിഭാഷകനെ കാണുകയും വിവാഹം നടത്താൻ സഹായം തേടുകയും ചെയ്തു. അഭിഭാഷകനാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകമായിരുന്നുവെന്ന് ഖാൻ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ചില്‍ കാഠ്മണ്ഡുവിലെ ഒരു ഹോട്ടലില്‍ ഇരുവരും ഒരാഴ്ച തങ്ങുകയും തുടര്‍ന്ന് ഇന്ത്യയിലേക്ക് കടക്കാനും വിവാഹം കഴിക്കാനും തീരുമാനിച്ചതായും ഇരുവരും ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞതായി ഡിസിപി പറഞ്ഞു. സീമ 2014ല്‍ വിവാഹിതയായതാണ്. 2019 ആയപ്പോള്‍ സീമയ്ക്ക് നാല് കുട്ടികളും ഉണ്ടായിരുന്നു. അവരുടെ ഭര്‍ത്താവ് കറാച്ചിയില്‍ ജോലി ചെയ്യുകയാണ്. 2019ല്‍ ഭര്‍ത്താവ് സൗദി അറേബ്യയിലേക്ക് പോയി. തുടര്‍ന്ന് സീമ ഓണ്‍ലൈൻ ഗെയിമുകള്‍ കളിക്കാൻ തുടങ്ങി. അങ്ങനെ സച്ചിനുമായുള്ള ബന്ധം തുടങ്ങി. മാര്‍ച്ചില്‍ ഇരുവരും നേപ്പാളില്‍ കണ്ടുമുട്ടാൻ തീരുമാനിക്കുകയായിരുന്നു.

അഞ്ചാം ക്ലാസ് വിദ്യാഭ്യാസമേ സീമയ്ക്ക് ഉള്ളൂ എങ്കിലും വീഡിയോ ഗെയിമുകളിലും സോഷ്യല്‍ മീഡിയകളിലും അവള്‍ക്ക് നല്ല പരിചയമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അവളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് 50 ഓളം ഗെയിമുകള്‍ പോലീസ് കണ്ടെത്തി. കൂടാതെ യുവതിയുടെ വിവാഹത്തിന്റെ രണ്ട് വീഡിയോകള്‍, കുട്ടികളുടെ നാല് ജനന സര്‍ട്ടിഫിക്കറ്റുകള്‍, പാകിസ്ഥാൻ നാഷണല്‍ ഡാറ്റാബേസ് ആൻഡ് രജിസ്ട്രേഷൻ അതോറിറ്റി നല്‍കിയ ഐഡി കാര്‍ഡ്, അഞ്ച് വാക്സിനേഷൻ കാര്‍ഡുകള്‍, ഒരു ബസ് ടിക്കറ്റ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

2019 മുതല്‍ താൻ ഭര്‍ത്താവിനെ കണ്ടിട്ടില്ലെന്നും ഇന്ത്യയിലേക്ക് പോകുന്നതിന് മുമ്ബ് തുടര്‍ച്ചയായി മൂന്ന് തവണ തലാഖ് പറഞ്ഞ് അദ്ദേഹത്തില്‍ നിന്ന് വേര്‍പിരിഞ്ഞെന്നും സീമ പോലീസിനോട് പറഞ്ഞു. യാത്രാച്ചെലവ് വഹിക്കാൻ തന്റെ കൃഷിഭൂമി 12 ലക്ഷം രൂപയ്ക്ക് വിറ്റതായും അവര്‍ പോലീസിനോട് പറഞ്ഞു. മൂന്ന് പ്രതികളെയും സൂരജ്പൂരിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സീമയുടെ പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികള്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരം അമ്മയ്‌ക്കൊപ്പം താമസിക്കുമെന്ന് കേസുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular