Thursday, May 9, 2024
HomeEditorialനിര്‍മാണം അന്തിമ ഘട്ടത്തില്‍; രാമക്ഷേത്രം വിസ്മയങ്ങളുടെ കലവറ

നിര്‍മാണം അന്തിമ ഘട്ടത്തില്‍; രാമക്ഷേത്രം വിസ്മയങ്ങളുടെ കലവറ

ഉത്തര്‍പ്രദേശിലെ അയോധ്യയിലുള്ള രാമജന്‍മ ഭൂമിയില്‍ നിര്‍മാണം ധൃതഗതിയില്‍ പുരോഗമിക്കുന്ന രാമക്ഷേത്രം അഭുതങ്ങളുടെ ആരാധനാ സ്ഥാനമാണ്. മൂന്ന് നിലകളായി രൂപകല്പന ചെയ്ത ക്ഷേത്രത്തിന്റെ ആദ്യനിലയുടെ നിര്‍മാണം വരുന്ന ഡിസംബറില്‍ പൂര്‍ത്തിയാക്കി, ജനുവരിയില്‍ മകര സംക്രാന്തിയോടനുബന്ധിച്ച് ദര്‍ശനം ആരംഭിക്കുമെന്ന് ക്ഷേത്ര നിര്‍മാണസമിതി അധികൃതര്‍ അറിയിച്ചു. 2025 ഡിസംബറോടെ സമുച്ചയം ഉള്‍പ്പെടെ രാമക്ഷേത്രത്തിന്റെ എല്ലാ നിര്‍മാണവും പൂര്‍ത്തിയാക്കും.

ഗര്‍ഭഗൃഹവും (ശ്രീകോവില്‍) അഞ്ച് മണ്ഡപങ്ങളും അടങ്ങുന്നതാണ് താഴത്തെ നില. പ്രധാന പ്രതിഷ്ഠയുള്ള ആദ്യത്തെ നിലയില്‍ അഞ്ച് മണ്ഡപങ്ങളുണ്ട്. ഗുധ മണ്ഡപം, രംഗ മണ്ഡപം, നൃത്യ മണ്ഡപം, പ്രാര്‍ത്ഥനാ മണ്ഡപം, കീര്‍ത്തന മണ്ഡപം എന്നിവയാണിവ. പൂര്‍ത്തിയായ അഞ്ച് മണ്ഡപങ്ങളുടെയും കുംഭ ഗോപുരങ്ങള്‍ക്ക് 34 അടി വീതിയും 32 അടി നീളവുമുണ്ട്. കൂടാതെ 69 അടി മുതല്‍ 111 അടി വരെ ഉയരവും ഉണ്ടാകും. ശില്പശാസ്ത്രപ്രകാരമുള്ള 160 തൂണുകളാണുള്ളത്. ഇതില്‍ കൊത്തുപണികളും ശില്പങ്ങളുടെ നിര്‍മാണജോലികളും പുരോഗമിക്കുന്നു.

2.8 ഏക്കറിലുള്ള രാമക്ഷേത്രം പ്രദക്ഷിണ വേദി ഉള്‍പ്പെടെ എട്ടേക്കര്‍ വരും. തീര്‍ഥാടകര്‍ക്കുള്ള മറ്റ് സൗകര്യങ്ങളും ചേര്‍ത്തുള്ള ക്ഷേത്രസമുച്ചയം 75 ഏക്കറുണ്ട്. മൊത്തം ക്ഷേത്രത്തിന്റെ നീളം 380 അടിയും വീതി 250 അടിയും ഉയരം 171 അടിയുമാണ്. 403.34 ചതുരശ്ര അടിയാണ് ശ്രീകോവിലിന്റെ ആകെ വിസ്തീര്‍ണ്ണം. രാമക്ഷേത്രം പൂര്‍ത്തീകരിക്കുമ്പോള്‍ ലോക തീര്‍ത്ഥാടക ഭൂപടത്തില്‍ അയോധ്യയ്ക്ക് പ്രമുഖസ്ഥാനം ഉണ്ടാകും. രാമക്ഷേത്രത്തില്‍ പ്രധാന ദിവസങ്ങളില്‍ അഞ്ച് ലക്ഷം വരെ ഭക്തരെ ഉള്‍ക്കൊള്ളാനാവും.

ശ്രീകോവിലില്‍ രണ്ട് രാമ വിഗ്രഹവുണ്ടാവും. രാംലല്ല വിഗ്രഹത്തിനൊപ്പം വിശ്വാസികളുടെ ദര്‍ശന സൗകര്യത്തിനായി ശ്രീരാമന്റെ മറ്റൊരു ബാലവിഗ്രഹവും പ്രതിഷ്ഠിക്കും. രാമനവമിക്ക് രാംലല്ല വിഗ്രഹത്തില്‍ സൂര്യരശ്മികള്‍ പതിയുന്ന വിധത്തിലാണ് ഗര്‍ഭഗൃഹത്തിന്റെ രൂപകല്പന.

രാമക്ഷേത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് പ്രശസ്തമായ ചന്ദ്രപൂര്‍ തേക്ക് തടിയാണ്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ഏറെ ആവശ്യക്കാരുള്ള തേക്കാണ് ചന്ദ്രപൂര്‍ തേക്ക്. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍, ഗഡ്ചിരോളി എന്നിവിടങ്ങളിലെ ഉള്‍ക്കാടുകളിലാണ് ഇതുള്ളത്.

ഒട്ടേറെ സവിശേഷതകളുള്ളതാണ് ചന്ദ്രപൂര്‍ തേക്ക്. തടിയില്‍ എണ്ണയുടെ അംശം വളരെ കൂടുതലായതിനാല്‍ വര്‍ഷങ്ങളോളം ചിതലെടുക്കില്ല. കുറഞ്ഞത് 500 മുതല്‍ 600 വര്‍ഷം വരെ ഈ തടിയില്‍ ചിതലിന്റെ ആക്രമണം ഉണ്ടാകില്ല. കൂടാതെ തടി വളരെ മിനുസമുള്ളതാണ്. തവിട്ട് നിറമാണ് ഈ തേക്കിന്‍ തടിയ്ക്ക്. കാഴ്ചയിലും വളരെ ആകര്‍ഷകമാണ്. തേക്കുതടി കൊണ്ടുണ്ടാക്കിയ 46 വാതിലുകളും ക്ഷേത്രത്തില്‍ ഉണ്ടാകും.

താജ്മഹല്‍ പണിയാന്‍ ഉപയോഗിച്ച മക്രാന മാര്‍ബിളിലാണ് തൂണുകള്‍, ബീമുകള്‍, സീലിംഗ്, മതില്‍ എന്നിവ നിര്‍മിക്കുന്നത്. കാലാവസ്ഥാ വെല്ലുവിളികള്‍ കണക്കിലെടുത്ത് 392 തൂണുകളും രൂപകല്പന ചെയ്തിട്ടുണ്ട്. ബന്‍സി-പഹാര്‍പൂരില്‍ നിന്നുള്ള കല്ലുകളും തൂണുകളിലും ചുമരിലും 14,132 ചതുരശ്രഅടിയില്‍ കൊത്തിയ മക്രാന മാര്‍ബിള്‍ കല്ലുകളുമാണ് ഉപയോഗിച്ചിട്ടുള്ളത്. മക്രാന മാര്‍ബിള്‍ തന്നെയാണ് നിലത്ത് വിരിച്ചിട്ടുള്ളത്.

ശ്രീരാമന്റെയും സീതാദേവിയുടെയും വിഗ്രഹങ്ങള്‍ കൊത്തിയെടുക്കാനുള്ള രണ്ട് കൂറ്റന്‍ സാളഗ്രാമ ശിലകള്‍ നേപ്പാളില്‍ നിന്നുള്ളതാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് നിരവധി ടണ്‍ ഭാരമുള്ള ഈ ശിലകള്‍. മഹാവിഷ്ണുവിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഒരിനം കല്ലാണ് സാളഗ്രാമം. സനാതന ധര്‍മ്മത്തില്‍ സാളഗ്രാമശിലകളെ പുണ്യമായി കണക്കാക്കുന്നു.

അതുകൊണ്ട് എല്ലാ കാലത്തും വിഷ്ണു കുടികൊള്ളുന്ന ഇടമായാണ് ഈ ശിലകളെ കാണുന്നത്. പവിത്രമായി കരുതപ്പെടുന്ന നേപ്പാളിലെ ഗണ്ഡകീ നദിയിലാണ് ശില ആദ്യമായി കണ്ടെത്തിയത്. അതിനാലാണ് അയോധ്യയിലേയ്ക്ക് നേപ്പാളില്‍ നിന്ന് തന്നെ ഈ ശില കൊണ്ടുവന്നത്. ഈ ശില എവിടെ സൂക്ഷിച്ചിരിക്കുന്നുവോ അവിടെ വിഷ്ണുവും ലക്ഷ്മീ ദേവിയും വസിക്കുന്നു എന്നാണ് വിശ്വാസം. അവിടെ എല്ലാ ഐശ്വര്യങ്ങളും കുടികൊള്ളുമെന്നും കരുതപ്പെടുന്നു.

21 അടി ഉയരമുള്ള തൂണിന്‍ മേലാണ് ക്ഷേത്രത്തിന്റെ സൂപ്പര്‍ സ്ട്രക്ചര്‍ നിലകൊള്ളുന്നത്. ഏകദേശം 17,000 കല്ലുകള്‍ തൂണിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ഓരോ കല്ലിനും മൂന്നു ടണ്‍ വീതം ഭാരമുണ്ട്. കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് കല്ലുകളെത്തിച്ചത്. കാലാവസ്ഥാ വ്യതിയാനങ്ങളെയും പ്രളയത്തെയും അതിജീവിക്കാന്‍ ശേഷിയുള്ള തരത്തിലാണ് ക്ഷേത്രത്തിന്റെ നിര്‍മാണം. 2.8 ഏക്കറിലുള്ള രാമക്ഷേത്രം പ്രദക്ഷിണ വേദി ഉള്‍പ്പെടെ എട്ടേക്കര്‍ വരും. തീര്‍ഥാടകര്‍ക്കുള്ള മറ്റ് സൗകര്യങ്ങളും ചേര്‍ത്തുള്ള ക്ഷേത്രസമുച്ചയം 75 ഏക്കറുണ്ട്.

ഇതുകൂടാതെ ക്ഷേത്രത്തിന് അകത്തും പുറത്തും ലൈറ്റിംഗ് ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അതിനായി ഗ്രൗണ്ട് അപ് ലൈറ്റര്‍, കോവ് ലൈറ്റിംഗ്, സ്പോട്ട് ലൈറ്റിംഗ്, ഫ്ലെക്സിബിള്‍ ലീനിയര്‍ ലൈറ്റിംഗ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.  ക്ഷേത്ര നിര്‍മാണത്തിനായി മാത്രം 650-ലേറെ ജീവനക്കാരാണ് ജോലിചെയ്യുന്നത്. 1,800 കോടി രൂപ ചെലവ് വരുമെന്ന് നിര്‍മാണ ചുമതലയുള്ള ശ്രീരാം ജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ വ്യക്തമാക്കി.

അതിനുപുറമേ, തീര്‍ഥാടകര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ക്ഷേത്രത്തോടനുബന്ധിച്ച മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരത്തോളം തൊഴിലാളികള്‍ വേറെയുമുണ്ട്. രാമക്ഷേത്രം തുറക്കാന്‍ നഗരം തയ്യാറെടുക്കുന്നതിനാല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അയോധ്യ ശ്രീരാം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും റെയില്‍വേ സ്റ്റേഷന്റെയും വിപുലീകരണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തിലാക്കിയിട്ടുണ്ട്.

വരുന്ന ഒക്ടോബറില്‍ ആദ്യ വിമാന സര്‍വീസ് ആരംഭിക്കുമെങ്കിലും, നവംബര്‍ മുതലാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് തുടക്കമാവുക. വിമാനത്താവളത്തിലെ റണ്‍വേയും മറ്റു പ്രവര്‍ത്തനങ്ങളും അതിവേഗത്തിലാണ് നടക്കുന്നത്. നിലവില്‍, വിമാനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. കര്‍ശന സുരക്ഷയ്ക്കായി അതിര്‍ത്തി ഭിത്തികളില്‍ മുള്ളുകമ്പികള്‍ സ്ഥാപിക്കുന്നുണ്ട്. ഐസൊലേഷന്‍ വേ, രണ്ട് ടാക്സി വേകള്‍, 3 എയര്‍ ബസുകള്‍ പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിംഗ് സൗകര്യം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വാദം പൂര്‍ത്തിയാക്കുകയും നവംബര്‍ 9ന് വിധി പുറപ്പെടുവിക്കുകയും ചെയ്തു. അയോധ്യയിലെ തര്‍ക്കമുള്ള 2.77 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം രാമജന്മഭൂമി ട്രസ്റ്റിന് സുപ്രീം കോടതി ഏകകണ്ഠമായ തീരുമാനത്തിലൂടെ വിട്ടുകൊടുത്തു. 2020 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമി പൂജാ ചടങ്ങ് നടത്തുകയും മന്ദിരത്തിന്റെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ നിര്‍മ്മാണത്തിന് തറക്കല്ലിട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular