Saturday, April 20, 2024
HomeEuropeയുണൈറ്റഡിനെ വിജയത്തിലെത്തിച്ച് റൊണാൾഡോ; ബാഴ്സയ്ക്കും ചെൽസിക്കും ജയം

യുണൈറ്റഡിനെ വിജയത്തിലെത്തിച്ച് റൊണാൾഡോ; ബാഴ്സയ്ക്കും ചെൽസിക്കും ജയം

മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. 3-2ന് അറ്റ്ലാന്റയെയാണ് യുണൈറ്റഡ് തകർത്തത്. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് യുണൈറ്റഡിന്റെ വിജയ ഗോൾ നേടിയത്. മറ്റു മത്സങ്ങളിൽ ബാഴ്‌സലോണ, ചെൽസി, ബയേൺ മ്യൂണിക്ക്, യുവന്ററസ് ടീമുകളും ജയിച്ചു.

ഓൾഡ് ട്രാഫോഡിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ മാരിയോ പസാലിച്ച്, മെരിഹ് ഡെമിറാള്‍ എന്നിവരുടെ ഗോളുകളിലാണ് അറ്റ്ലാന്റ ലീഡ് നേടിയത്. അതോടെ യുണൈറ്റഡ് അടുത്ത തോൽവി മണത്തെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാര്‍കസ് റാഷ്‌ഫോഡിലൂടെ യുണൈറ്റഡ് ഒരു ഗോൾ തിരിച്ചടിച്ചു തിരിച്ചുവരവ് അറിയിച്ചു.

പിന്നീട് ചില അവസരങ്ങൾ നഷ്ടമായെങ്കിലും ഹാരി മഗ്വയര്‍ രണ്ടാം ഗോളും വലയിൽ എത്തിച്ച് സമനിലയിലാക്കി. അധികം വൈകാതെ വിമർശകരുടെ വായടപ്പിച്ചു കൊണ്ട് മൂന്നാം ഗോൾ നേടി റൊണാൾഡോ യുണൈറ്റഡിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ജയത്തോടെ യുണൈറ്റഡ് ഗ്രൂപ്പ് പട്ടികയിൽ ഒന്നാമതെത്തി.

അതേസമയം, ലീഗിലെ ആദ്യ ജയമാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്. എതിരില്ലാത്ത ഒരു ഗോളിന് ഡൈനാമോ കീവിനെയാണ് തോൽപിച്ചത്. ജെറാര്‍ഡ് പിക്വേയാണ് ബാഴ്‌സക്കായി ഗോൾ നേടിയത്. നേരത്തേ ബെന്‍ഫിക്കയോടും ബയേണിനോടും ബാഴ്‌സ പരാജയപ്പെട്ടിരുന്നു.

മറ്റൊരു മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് ചെൽസി മാൽമോയെ തകർത്തു. സൂപ്പര്‍താരം ജോര്‍ജീന്യോ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ആന്‍ഡ്രിയാസ് ക്രിസ്റ്റിയന്‍സെനും കൈ ഹാവെര്‍ട്‌സും ഓരോ ഗോളുകൾ വീതം നേടി.

എതിരില്ലാത്ത നാല് ഗോളുകൾക്ക് ബെൻഫിക്കയെ തകർത്താണ് ജർമൻ വമ്പൻമാരായ ബയേൺ മ്യുണിക്കിന്റെ ജയം. എഴുപത് മിനിറ്റുവരെ ഒരു ഗോൾരഹിതമായിരുന്ന മത്സരത്തിന്റെ അവസാന 20 മിനിറ്റിലാണ് എല്ലാ ഗോളുകളും പിറന്നത്. ബയേണിനായി ലിറോയ് സനെ ഇരട്ട ഗോളുകളും സൂപ്പര്‍താരം റോബര്‍ട്ട് ലെവെന്‍ഡോവ്‌സ്‌കിയും ഒരു ഗോളും നേടി. മറ്റൊരു ഗോൾ എവര്‍ട്ടണ്‍ സോറസിന്റെ സെല്‍ഫ് ഗോളായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular