Saturday, July 27, 2024
HomeEditorialഓഹരി സൂചിക ഉയരങ്ങളിലേക്ക്‌

ഓഹരി സൂചിക ഉയരങ്ങളിലേക്ക്‌

ഹരി സൂചിക റെക്കോഡുകള്‍ ഒന്നിന്‌ പുറകെ ഒന്നായി പുതുക്കി പുതിയ ഉയരങ്ങളിലേക്ക്‌ ചുവടുവച്ചു. വിദേശഫണ്ടുകളുടെ പിന്തുണ സെന്‍സെക്‌സ്‌ 623 പോയിന്റും നിഫ്‌റ്റി സൂചിക 180 പോയിന്റും പിന്നിട്ടവാരം സമ്മാനിച്ചു.

തുടര്‍ച്ചയായ നാലാം ആഴ്‌ചയാണ്‌ ഇന്ത്യന്‍ വിപണി കരുത്ത്‌ നിലനിര്‍ത്തുന്നത്‌. മുന്‍നിര ഓഹരി സൂചികകള്‍ ഈ കാലയളവില്‍ അഞ്ച്‌ ശതമാനം ഉയര്‍ന്നു. വെള്ളിയാഴ്‌ച ഹെവി വെയിറ്റ്‌ ഓഹരികളില്‍ ലാഭമെടുപ്പിനു ഫണ്ടുകള്‍ ഉത്സാഹിച്ചത്‌ സൂചികയില്‍ വന്‍ ചാഞ്ചാട്ടം സൃഷ്‌ടിച്ചു.

കാലവര്‍ഷം അനുകൂലമെന്ന വിലയിരുത്തല്‍ നിഫ്‌റ്റി എഫ്‌.എം.സി.ജി സൂചികയെ റെക്കോഡ്‌ തലമായ 54,308 ലേക്ക്‌ ഉയര്‍ത്തി. മിഡ്‌ ക്യാപ്‌, സമോള്‍ ക്യാപ്‌ ഇന്‍ഡക്‌സുകളിലും മുന്നേറ്റം. കഴിഞ്ഞ മൂന്ന്‌ മാസത്തില്‍ മിഡ്‌ ക്യാപ്‌ സൂചിക 18 ശതമാനവും സ്‌മോള്‍ ക്യാപ്‌ സൂചിക 20 ശതമാനവും നേട്ടം കൈവരിച്ചു.

നിഫ്‌റ്റിയില്‍ എസ്‌.ബി.ഐ, ഐ.ടി.സി, എല്‍ ആന്‍ഡ്‌ ടി, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, ഐ.സി.ഐ.സി.ഐ.സി, ഇന്‍ഡ്‌ ബാങ്ക്‌, ആര്‍.എ.എല്‍, സിപ്ല, ഡോ: റെഡീസ്‌, സണ്‍ ഫാര്‍മ, ബി.പി.സി.എല്‍, മാരുതി, വിപ്രോ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ വില്‍പ്പന സമ്മര്‍ദവും ലാഭമെടുപ്പും മൂലം ആറ്‌ ശതമാനം തകര്‍ച്ചയെ ഇന്‍ഫോസീസ്‌ ടെക്‌നോജി അഭിമുഖീകരിച്ചു. റി.സി.എസ്‌, എച്ച്‌.സി.എല്‍, ടെക്‌ മഹീന്ദ്ര, ഹിന്‍ഡാല്‍ക്കോ, കോള്‍ ഇന്ത്യ ഓഹരി വിലകള്‍ താഴ്‌ന്നു.

ബോംബെ സെന്‍സെക്‌സ്‌ 66,060 പോയിന്റില്‍നിന്നും മികവോടെയാണ്‌ ട്രേഡിങ്ങിനു തുടക്കം കുറിച്ചത്‌. ഒരവസരത്തില്‍ സൂചിക സര്‍വകാല റെക്കോഡായ 67,619 പോയിന്റ്‌് വരെ കയറി. എന്നാല്‍ വെള്ളിയാഴ്‌ച അലയടിച്ച വില്‍പ്പന സമ്മര്‍ദം സെന്‍സെക്‌സിനെ 66,533ലേക്കു തളര്‍ത്തിയെങ്കിലും വ്യാപാരാന്ത്യം 66,684 പോയിന്റിലാണ്‌. ഈ വാരം 65,900 സപ്പോര്‍ട്ട്‌ നിലനിര്‍ത്തി 67,530 ലേക്ക്‌ ഉയരാന്‍ ശ്രമിക്കാം. ഈ നീക്കത്തിനു വിദേശ പിന്തുണ ലഭിച്ചാല്‍ 68,168 വരെ മുന്നേറാം. വില്‍പ്പന സമ്മര്‍ദമുണ്ടായാല്‍ 65,168 പോയിന്റ്‌ വരെ തളരാം. നിഫ്‌റ്റി സൂചിക 19,564 ല്‍നിന്നും പ്രതിരോധങ്ങള്‍ തകര്‍ത്ത്‌ 20,000 നെ ലക്ഷ്യമാക്കി ചുവടുവച്ചെങ്കിലും 19,991 വരെ ഉയരാനായുള്ളു. ടെക്‌നോജി വിഭാഗം ഓഹരികളിലെ വില്‍പ്പന സമ്മര്‍ദം ഈ അവസരത്തില്‍ നിഫ്‌റ്റിലെ സര്‍വകാല റെക്കോഡില്‍നിന്നും 19,700 ലേക്ക്‌ തളര്‍ത്തിലെങ്കിലും മാര്‍ക്കറ്റ്‌ ക്ലോസിങ്ങില്‍ 19,745 പോയിന്റിലാണ്‌.

ജൂണില്‍ അവസാനിച്ച മൂന്ന്‌ മാസത്തില്‍ ഹിന്ദുസ്‌ഥാന്‍ യുണിലിവര്‍ 2472 കോടി രൂപ അറ്റാദായം സ്വന്തമാക്കി. ഇതേ മൂന്ന്‌ മാസ കാലയളവില്‍ ഇന്‍ഫോസീസ്‌ ടെക്‌നോളജിയുടെ അറ്റാദായം 11 ശതമാനം വര്‍ധിച്ച്‌ 5945 കോടി രൂപയായി. ആദ്യ നാല്‌ ദിവസങ്ങളില്‍ വിദേശ ഓപ്പറേറ്റര്‍മാര്‍ ഏകദേശം 6723 കോടി രൂപയുടെ നിക്ഷേപം നടത്തി. വെള്ളിയാഴ്‌ച അവര്‍ 1999 കോടി രൂപയുടെ ഓഹരി വിറ്റു. ഈ മാസം രണ്ട്‌ ദിവസം ഒഴിക്കേ മറ്റ്‌ എല്ലാ ദിവസങ്ങളിലുമായി അവര്‍ മൊത്തം 43,804 കോടി രൂപ നിക്ഷേപിച്ചു. ഫോറെക്‌സ്‌ മാര്‍ക്കറ്റില്‍ ഡോളറിന്‌ മുന്നില്‍ രൂപയുടെ മൂല്യം 82.16ല്‍നിന്നും 81.86 ലേക്ക്‌ മികവ്‌ കാഴ്‌ച്ചവച്ച ശേഷം 82.16 ലാണ്‌.

വിദേശനാണ്യ കരുതല്‍ ശേഖരം 15 മാസത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍. 1274 കോടി ഡോളര്‍ ഉയര്‍ന്ന്‌ 2022 മേയ്‌ക്ക്‌ ശേഷം ആദ്യമായി കരുതല്‍ ധനം 60000 കോടി ഡോളറിലെ നിര്‍ണായക പ്രതിരോധം കടന്ന്‌ 60900 കോടി ഡോളറിലെത്തിയെന്ന്‌ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ. വാരമദ്ധ്യം നടക്കുന്ന ഫെഡ്‌ റിസര്‍വ്‌ യോഗം പലിശ നിരക്കില്‍ 25 ബേസീസ്‌ പോയിന്റ്‌് വര്‍ധനയ്‌ക്ക്‌ സാധ്യത. അമേരിക്കയില്‍ പണപ്പെരുപ്പം നിയന്ത്രണത്തിലേക്ക്‌ നീങ്ങുന്നതായി ഫെഡ്‌ വ്യക്‌താക്കള്‍. ഇത്തവണത്തെ വര്‍ധനവിനു ശേഷം താല്‍ക്കാലം പലിശ വര്‍ധന നിര്‍ത്തുമെന്നാണ്‌ പൊതുവേയുള്ള വിലയിരുത്തല്‍. രാജ്യാന്തര വിപണിയില്‍ ക്രൂഡ്‌ ഓയില്‍ വില ബാരലിന്‌ 76.58 ഡോളര്‍. ന്യൂയോര്‍ക്കില്‍ സ്വര്‍ണ വില ട്രോയ്‌ ഔണ്‍സിന്‌ 1954 ഡോളറില്‍നിന്നും 1984 വരെ കയറിയ ശേഷം 1960 ഡോളറില്‍ ക്ലോസിങ്‌ നടന്നു.

കെ.ബി. ഉദയഭാനു

RELATED ARTICLES

STORIES

Most Popular