Friday, July 26, 2024
HomeEditorialമണിപ്പൂരിന്റെ മുന്നറിയിപ്പ്

മണിപ്പൂരിന്റെ മുന്നറിയിപ്പ്

ണ്ടര മാസത്തിലേറെയായി മണിപ്പൂരില്‍ നടക്കുന്ന ക്രൂരമായ വംശഹത്യയും പൈശാചികമായ പീഡനങ്ങളും ഗൗരവമേറിയ ചില മുന്നറിയിപ്പുകളും താക്കീതും നല്‍കുന്നുണ്ട്.

സമീപഭാവിയില്‍ ഇന്ത്യൻ തെരുവുകളില്‍ കലാപങ്ങളുണ്ടായാല്‍ എന്തായിരിക്കും ഭരണകൂട സമീപനം എന്നതിന്റെ സൂചനയാണ് അതിലൊന്ന്.

അക്രമത്തിന് നേതൃത്വം നല്‍കുന്നവരോട് ചേര്‍ന്നുനിന്ന് രക്ഷപ്പെടാം എന്ന് തെറ്റിദ്ധരിക്കുന്ന വ്യക്തികളെയും സമൂഹങ്ങളെയും കാത്തിരിക്കുന്ന ദുരന്തമാണ് മറ്റൊന്ന്. എല്ലാറ്റിനും പുറമെ രാജ്യത്തിന് സംഭവിക്കുന്ന മുറിവുകളും.

മേയ് മാസം ആദ്യത്തില്‍ ആരംഭിച്ച ആസൂത്രിത കലാപങ്ങളോട് ക്രൂരമായ മൗനവും നിസ്സംഗതയും പുലര്‍ത്തിയ പ്രധാനമന്ത്രി മേയ് നാലിന് നടന്ന കൊടിയ സ്ത്രീപീഡനങ്ങളുടെ ചിത്രം ഈയിടെ ലോകത്തിനുമുന്നില്‍ അനാവൃതമായപ്പോള്‍ മാത്രമാണ് പാര്‍ലമെന്റിനുപുറത്ത് ചില വാചോടാപങ്ങള്‍ നടത്തിയത്.

രാജസ്ഥാനിലോ ഛത്തിസ്ഗഢിലോ മണിപ്പൂരിലോ രാജ്യത്തിന്റെ ഏത് പ്രദേശത്തായാലും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കുകയില്ല എന്നതായിരുന്നു മോദിയുടെ വാക്കുകള്‍. പ്രതിപക്ഷ ഭരണമുള്ള രണ്ട് സംസ്ഥാനങ്ങളുടെ പേര് മുമ്ബേപറഞ്ഞ് മണിപ്പൂരിനെ വെള്ളപൂശാനുള്ള ദുഷ്ടലാക്ക് ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. മൗനത്തേക്കാള്‍ ഭയാനകമാണ് പ്രധാനമന്ത്രിയുടെ പ്രസംഗം എന്ന ‘സ്ക്രോള്‍ ഡോട്ട് ഇൻ’ എക്സിക്യൂട്ടിവ് എഡിറ്റര്‍ സുപ്രിയ ശര്‍മയുടെ പ്രതികരണം, ആ കാപട്യം അനാവരണം ചെയ്യുന്നതാണ്.

ആയിരത്തിലേറെ വരുന്ന സായുധ കലാപകാരികളുടെ ആക്രമണത്തില്‍നിന്ന് ജീവനുംകൊണ്ട് വനത്തിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച അഞ്ചുപേരടങ്ങുന്ന ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച ശേഷം നഗ്നരാക്കി തെരുവില്‍ നടത്തിച്ച സംഭവം എന്തുകൊണ്ട് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ടില്ല എന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ടെലിഫോണ്‍ അഭിമുഖത്തിലെ ചോദ്യത്തിന്, സമാനമായ നൂറുകണക്കിന് കേസുകള്‍ ഇവിടെ നടന്നിട്ടുണ്ട് എന്ന മുഖ്യമന്ത്രി ബിരേൻസിങ് നല്‍കിയ മറുപടി കേട്ടപ്പോഴാണ് മഞ്ഞുമലയുടെ അഗ്രം മാത്രമാണ് പുറത്തുവന്നതെന്ന മാധ്യമ പ്രമുഖൻ ജോണ്‍ ബ്രിട്ടാസ് എം.പിയുടെ പ്രതികരണത്തിന്റെ പ്രസക്തി മനസ്സിലാവുന്നത്.

24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു കലാപം നിയന്ത്രണ വിധേയമാകുന്നില്ലെങ്കില്‍ അതിനുപിന്നില്‍ ഭരണകൂട പിന്തുണയുണ്ടെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്.

എക്ലീസിയ യുനൈറ്റഡ് ഫോറം പ്രസിഡന്റ് ഫാ. ജോണ്‍സണ്‍ തെക്കടയില്‍ പുറത്തുവിട്ട വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ നടുക്കം ഉളവാക്കുന്നവയാണ്. മെയ്തേയി കലാപകാരികള്‍ക്ക് എല്ലാ പിന്തുണയും നല്‍കാൻ പൊലീസിന് നിര്‍ദേശം ലഭിച്ചിരുന്നുവത്രെ. പൊലീസിന്റെ ആയുധങ്ങളും യൂനിഫോമുകളുമാണ് കലാപകാരികള്‍ ഉപയോഗിക്കുന്നത്. കലാപകാരികളെയും പൊലീസിനെയും ജനങ്ങള്‍ക്ക് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയുണ്ടവിടെ.

മെയ്തേയി വിഭാഗത്തില്‍നിന്ന് ഒരു സ്ത്രീ കലാപത്തില്‍ പങ്കാളിത്തം വഹിച്ചില്ലെങ്കില്‍ 500 രൂപ പിഴയൊടുക്കണംപോലും. 112 മൃതദേഹങ്ങള്‍ സംസ്കരിക്കപ്പെടാതെ ദുര്‍ഗന്ധം വമിച്ചുകിടക്കുന്നത് കണ്ടുവെന്നാണ് വസ്തുതാന്വേഷണ സംഘം അറിയിക്കുന്നത്. മണിപ്പൂരില്‍ ഇപ്പോള്‍ ഒരു സര്‍ക്കാര്‍ ഉണ്ടെന്ന് പറയാനാവില്ല. മെയ്തേയികളും കുക്കികളും നാഗാകളും പ്രത്യേകം ഭരണം നടത്തുന്നു. സംസ്ഥാന സര്‍ക്കാര്‍ കലാപകാരികള്‍ക്കൊപ്പവും.

ശത്രുക്കളുടെ പട്ടിക കൃത്യമായ മുൻഗണനാ ക്രമത്തില്‍ തയാറാക്കി ആസൂത്രിതമായി ഉന്മൂലന പരിപാടി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭീകര വിഭാഗങ്ങള്‍ക്ക് സഹായകമായ സമീപനം സ്വീകരിച്ചാല്‍ രക്ഷപ്പെടാം എന്ന് ധരിക്കുന്നവര്‍ക്ക് മണിപ്പൂര്‍ നല്‍കുന്ന പാഠം വലുതാണ്. പൗരത്വ നിഷേധ നിയമവും ഏകവ്യക്തി നിയമവും ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെക്കുന്നുവെന്ന തോന്നല്‍ ഉളവാക്കപ്പെടുന്നുവെങ്കില്‍ അത് അവരുടെ മുൻഗണനാ തന്ത്രത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

മണിപ്പൂരില്‍ നടന്നത് ഇനി മറ്റൊരിടത്തും സംഭവിക്കരുത്. അപ്രകാരം സംഭവിച്ചാല്‍ വ്യാപകമായ ആഭ്യന്തര കലാപത്തിനും അരാജകത്വത്തിനുമായിരിക്കും രാജ്യം സാക്ഷ്യംവഹിക്കുക. നമ്മുടെ നാടിനെ തകര്‍ക്കാൻ, അതിന്റെ പരമാധികാരം അടിയറവെക്കാൻ, സ്വാതന്ത്ര്യം നഷ്ടമാക്കാൻ നാം ആരെയും അനുവദിച്ചുകൂടാ.

RELATED ARTICLES

STORIES

Most Popular