Saturday, July 27, 2024
HomeIndiaഫൈനല്‍ റൗണ്ടിലെത്തിയില്ലെങ്കിലും ട്വിറ്ററില്‍ ഇന്ത്യന്‍ റിലേ ടീമിന് അഭിനന്ദന പ്രവാഹം

ഫൈനല്‍ റൗണ്ടിലെത്തിയില്ലെങ്കിലും ട്വിറ്ററില്‍ ഇന്ത്യന്‍ റിലേ ടീമിന് അഭിനന്ദന പ്രവാഹം

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ ഫൈനല്‍ റൗണ്ടിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യന്‍ പുരുഷ വിഭാഗം 4 x 400 മീറ്റര്‍ റിലേ ടീമിന് ട്വിറ്ററില്‍ അഭിനന്ദന പ്രവാഹം. ഏഷ്യന്‍ റെക്കോഡ് തിരുത്തി കുറിച്ച ഇന്ത്യന്‍ റിലേ ടീമിന് സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ഫൈനല്‍ യോഗ്യത നഷ്ടമായത്. മൂന്ന് മലയാളി താരങ്ങള്‍ ഇന്ത്യക്കു വേണ്ടി ബാറ്റണ്‍ കൈയ്യിലേതി മികച്ച പ്രകടനമാണ് ടോക്കിയോയില്‍ കാഴ്ചവച്ചത്. എന്നാല്‍, 0.88 സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ ഇന്ത്യക്ക് ഫൈനല്‍ റൗണ്ട് യോഗ്യത നഷ്ടമാവുകയായിരുന്നു.

റിലേ ടീമിന്റെ മികച്ച പ്രകടനത്തില്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് ആവേശം പങ്കിട്ടത്. ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ അത്‌ലറ്റുകളുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് പുരുഷ റിലേ ടീമിന്റെ പ്രകടനത്തെ ട്വിറ്ററില്‍ നിരവധി ആളുകള്‍ വിലയിരുത്തിയത്. മികച്ച പ്രകടനത്തിന് അഭിനന്ദന സന്ദേശങ്ങള്‍ അയക്കുന്നതോടൊപ്പം റിലേ ടീമിന്റെ മികച്ച ഭാവിക്കായി ആശംസകള്‍ നേര്‍ന്നുമാണ് ട്വിറ്ററില്‍ ഇന്ത്യന്‍ റിലേ ടീമിന്റെ പ്രകടനത്തെ ആരാധകര്‍ ആഘോഷമാക്കി മാറ്റിയത്.

രണ്ടാം ഹീറ്റ്‌സില്‍ ട്രാക്കിലിറങ്ങിയ ഇന്ത്യന്‍ ടീം നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പോളണ്ട്, ജമൈക്ക, ബെല്‍ജിയം എന്നിവരാണ് രണ്ടാം ഹീറ്റ്‌സില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയത്. രണ്ട് ഹീറ്റ്‌സുകളിലായി മികച്ച സമയം കുറിച്ച ആദ്യ എട്ട് ടീമുകള്‍ക്കാണ് ഫൈനല്‍ യോഗ്യത നേടാനാവുക. ഇതില്‍ 3:00:25 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ട ഇന്ത്യ രണ്ട് ഹീറ്റ്‌സുകളിലായി ഒമ്പതാമതാണെത്തിയത്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഫൈനല്‍ റൗണ്ട് യോഗ്യത നഷ്ടമായെങ്കിലും ഏഷ്യന്‍ റെക്കോഡ് സ്ഥാപിച്ച് ചരിത്രമെഴുതിയാണ് ഇന്ത്യന്‍ പുരുഷ വിഭാഗം റിലേ ടീം നാട്ടിലേക്ക് മടങ്ങുന്നത്.

2018ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 3:00:56 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഖത്തര്‍ സ്ഥാപിച്ച ഏഷ്യന്‍ റെക്കോഡാണ് മലയാളി താരങ്ങളുള്‍പ്പെടെയുള്ളവരുടെ പ്രകടനത്തിന് മുന്നില്‍ പഴങ്കഥയായത്. ശക്തരായ ജപ്പാന്‍, ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക, കൊളംബിയ എന്നിവരെ പിന്നിലാക്കിയായിരുന്നു ഹീറ്റ്‌സില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തിയത്. നാല് പേരില്‍ മൂന്നും മലയാളി താരങ്ങളാണ് റിലേയില്‍ ഇന്ത്യക്കു വേണ്ടി ബാറ്റണ്‍ കൈയ്യിലെടുത്തത്. മുഹമ്മദ് അനസ്, നോഹ നിര്‍മല്‍ ടോം, അമോജ് ജേക്കബ് എന്നിവരാണ് മലയാളി താരങ്ങള്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള ആരോക്യ രാജീവാണ് റിലേ ടീമിലെ നാലാമന്‍.

RELATED ARTICLES

STORIES

Most Popular