Sunday, May 19, 2024
Homeരണ്ടുമാസത്തിനിടെ കണ്ടെത്തിയത് 17,052 ഗതാഗത നിയമലംഘനങ്ങള്‍

രണ്ടുമാസത്തിനിടെ കണ്ടെത്തിയത് 17,052 ഗതാഗത നിയമലംഘനങ്ങള്‍

തൊടുപുഴ: 2023 ജൂണ്‍ അഞ്ച് മുതല്‍ ജൂലൈ 30വരെ ജില്ലയില്‍ കണ്ടെത്തിയത് 17,052 ഗതാഗത നിയമലംഘനങ്ങള്‍. ജില്ലയില്‍ സ്ഥാപിച്ചിട്ടുള്ള 38 എ.ഐ കാമറകളില്‍നിന്നാണ് രണ്ടുമാസത്തിനിടെ ഇത്രയധികം നിയമലംഘനം കണ്ടെത്തിയത്.

സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, ഹെല്‍മറ്റില്ലാതെ സഞ്ചരിക്കുക, ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നീ കുറ്റകൃത്യങ്ങളാണ് കൂടുതല്‍ കണ്ടെത്തിയത്. ഇവയില്‍ പിഴ ഈടാക്കുന്ന നടപടികളടക്കം പുരോഗമിക്കുകയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.

5293 നിയമലംഘനങ്ങള്‍ ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതാണ്. വണ്ടി ഓടിക്കുന്ന ആള്‍ ഹെല്‍മറ്റ് ധരിക്കാത്ത 3458 കേസുകളും പിന്നില്‍ ഇരിക്കുന്ന ആള്‍ ഹെല്‍മറ്റില്ലാതെ സഞ്ചരിച്ചതിന് 1249 നിയമലംഘനകളും കണ്ടെത്തി.

ഇരുചക്ര വാഹനങ്ങളില്‍ മൂന്നുപേര്‍ യാത്ര ചെയ്തതിന് 103 നിയമലംഘനങ്ങളും വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 63 കേസുകളും കണ്ടെത്തി. ഒന്നിലധികം നിയമലംഘനങ്ങളില്‍ ഏര്‍പ്പെട്ട 2518 പേരെയും കാമറ കണ്ടെത്തി. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിച്ച്‌ പിടികൂടിയാല്‍ ലൈസൻസ് റദ്ദാക്കുന്ന നടപടികളടക്കം സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

ഇരുചക്ര വാഹനങ്ങളിലെ മുന്നിൻ സീറ്റ്‌ യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാത്തതും മൂന്നുപേര്‍ യാത്ര ചെയ്യുന്നതും വാഹനം ഓടിക്കുമ്ബോള്‍ ഉള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും ഡ്രൈവറോ യാത്രക്കാരനോ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വരുന്നതും കാമറ ഒപ്പിയെടുക്കുന്ന നിയമലംഘനകളില്‍ ചിലതാണ്. കൂടാതെ നമ്ബര്‍ പ്ലേറ്റ് മറയ്ക്കുക, നമ്ബര്‍ വ്യക്തമാകാതിരിക്കുവാനായി കൃത്രിമത്വം കാണിക്കുക, കുട്ടികളെക്കൊണ്ട് വാഹനം ഓടിപ്പിക്കുക പോലുള്ള കുറ്റകൃത്യങ്ങളും പെര്‍മിറ്റ്, രജിസ്ട്രേഷൻ, റോഡ് ടാക്സ്, ഫിറ്റ്നസ് എന്നിവയുടെ സാധുത ഇല്ലാത്ത വാഹനങ്ങള്‍ക്കുകൂടി പിഴ ചുമത്തുന്നതാണ്.

അതേസമയം, കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങളടക്കം വിശ്വസിച്ച്‌ നിയമംലംഘിച്ച്‌ നിരത്തുകളില്‍ ഇറങ്ങുന്നവരുടെ എണ്ണംകൂടി വരുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ചില വ്യാജ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കാമറകള്‍ പ്രവര്‍ത്തനക്ഷമമല്ല എന്നും ചെല്ലാനുകള്‍ വരില്ല എന്നുമുള്ള മിഥ്യാധാരണയോടെ വാഹനം ഓടിക്കുന്ന പ്രവണതയും നിലനില്‍ക്കുന്നു. പലരും ചെല്ലാനുകള്‍ ലഭിക്കുമ്ബോഴാണ് ഇത് തിരിച്ചറിയുന്നത്.

വാഹനം ഉപയോഗിക്കുന്ന എല്ലാവരും ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനായി ശ്രദ്ധ പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular