Monday, July 1, 2024
HomeUSAകമല ഹാരിസ് സ്വന്തമാക്കിയത് അപൂർവ നേട്ടങ്ങൾ; ചരിത്രം കുറിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

കമല ഹാരിസ് സ്വന്തമാക്കിയത് അപൂർവ നേട്ടങ്ങൾ; ചരിത്രം കുറിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

ഇന്ത്യൻ വംശജയായ കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കിയാണ്. യുഎസ് വൈസ് പ്രസിഡന്റാവുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. ഈ സ്ഥാനത്തേക്കെത്തുന്ന ആദ്യ ഇന്ത്യൻ വംശജയെന്ന നേട്ടവും കമല ഹാരിസിന് സ്വന്തം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്ന വെളുത്ത വംശജനോ വംശജയോ അല്ലാത്ത ആദ്യ വ്യക്തിയെന്ന നേട്ടത്തിനും കമല ഹാരിസ് ഉടമയായി. അമേരിക്കയിൽ സുപ്രധാന സ്ഥാനത്തേക്ക് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി നിർദേശിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയെന്ന പ്രത്യേകതയുമുണ്ട് 55 വയസുകാരിയായ കമലയ്ക്ക്.

ഡെമോക്രാറ്റിക് പാർട്ടിയാണ് കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിച്ചത്. പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബെെഡൻ ജയമുറപ്പിച്ചതോടെ കമല ഹാരിസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുമെന്നും ഉറപ്പിച്ചിരിക്കുകയാണ്. പെൻ‌സിൽ‌വാനിയയിലും ജയം നേടിയതോടെയാണ് ബൈഡൻ പ്രസിഡന്റ് സ്ഥാനമുറപ്പിച്ചത്.

ബൈഡൻ ജയമുറപ്പിച്ചതോടെ കമല ഹാരിസ് തന്റെ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചു. “ഈ തിരഞ്ഞെടുപ്പ് ജോ ബൈഡനോ ഞാനോ പോലുള്ള വ്യക്തികളെക്കുറിച്ചല്ല. ഇത് അമേരിക്കയുടെ ആത്മാവിനെക്കുറിച്ചും അതിനായി പോരാടാനുള്ള ഞങ്ങളുടെ സന്നദ്ധതയെക്കുറിച്ചുമാണ്. ഞങ്ങൾക്ക് വളരെയധികം ജോലിയുണ്ട്. നമുക്ക് തുടങ്ങാം,” അവർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.

കാലിഫോർണിയയിലെ ഓക്‌ലൻഡിലാണ് കമലയുടെ ജനനം. നേരത്തെ കാലിഫോർണിയയുടെ അറ്റോർണി ജനറലായും സാൻ ഫ്രാൻസിസികോ ഡിസ്ട്രിക് അറ്റോർണിയുമായിരുന്ന കമല ഹാരിസ് 2016 മുതൽ അമേരിക്കൻ സെനറ്റിന്റെ ഭാഗമാണ്. 2019ൽ മാർട്ടിൻ ലൂഥർ കിങ്ങിന്റെ ജന്മദിനത്തിലാണ് തിരഞ്ഞെടുപ്പിലേക്ക് കമല തന്റെ പേര് സ്വയം നിർദേശിക്കുന്നത്. ചരിത്രം സൃഷ്ടിക്കുന്ന സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ചായിരുന്നു അവരുടെ കടന്നുവരവ്.

RELATED ARTICLES

STORIES

Most Popular