Saturday, May 18, 2024
Homeതകര്‍ന്നുവീണത് 47 വര്‍ഷത്തിനിടെ റഷ്യയുടെ ആദ്യ ദൗത്യം

തകര്‍ന്നുവീണത് 47 വര്‍ഷത്തിനിടെ റഷ്യയുടെ ആദ്യ ദൗത്യം

മോസ്കോ: നീണ്ട ഇടവേളക്കു ശേഷം വീണ്ടും ചാന്ദ്രദൗത്യത്തിനിറങ്ങിയ റഷ്യക്ക് അപ്രതീക്ഷിത മോഹഭംഗം. ഭ്രമണപഥം തെറ്റി പേടകം ചന്ദ്രോപരിതലത്തില്‍ ഇടിച്ചുവീണ് തകരുമ്ബോള്‍ ബഹിരാകാശത്തെ വൻശക്തിപ്പോരില്‍ മുന്നിലേക്ക് കയറിനില്‍ക്കാനുള്ള ക്രൈംലിന്റെ ശ്രമങ്ങള്‍ക്കാണ് സഡൻ ബ്രേക്ക് വീഴുന്നത്.

1957ല്‍ സ്പുട്നിക് പറന്നുയരുമ്ബോള്‍ ഭൂമിയെ ചുറ്റുന്ന ആദ്യ കൃത്രിമ ഉപഗ്രഹമായിരുന്നു അത്. അവിടെ തുടങ്ങിയ റഷ്യ നാലു വര്‍ഷം കഴിഞ്ഞ് 1961ല്‍ യൂറി ഗഗാറിനെ ബഹിരാകാശത്തയച്ച്‌ പിന്നെയും ഒന്നാമന്മാരായി. ശീതയുദ്ധം കൊടുമ്ബിരി കൊണ്ട കാലത്ത് എന്തുവില കൊടുത്തും അമേരിക്ക നയിക്കുന്ന എതിര്‍ശക്തിക്ക് മുന്നില്‍ നെഞ്ചുവിരിച്ചു നിന്നവര്‍ക്ക് പക്ഷേ, സമീപകാലത്ത് കരയിലും കടലിലും മാത്രമല്ല, ആകാശത്തും കൈപൊള്ളുന്നതാണ് കാഴ്ച.

കടുത്ത ഉപരോധങ്ങള്‍ തീര്‍ത്ത സാമ്ബത്തിക ഞെരുക്കത്തിനു പുറമെ, രണ്ടാം ലോക യുദ്ധത്തിനു ശേഷം യൂറോപ്പിലെ ഏറ്റവും വലിയ യുദ്ധം ഒറ്റക്കു നയിക്കുന്ന ക്ഷീണം കൂടി റഷ്യയെ അലട്ടുന്നുണ്ട്. ലൂണ-25 പേടകം വിജയകരമായി ചന്ദ്രനിലെത്തിച്ചാല്‍ തല്‍കാലം അവ മറികടക്കാമെന്ന കണക്കുകൂട്ടലാണ് അവസാന ഘട്ടത്തില്‍ പാളിയത്. തിങ്കളാഴ്ച നിലംതൊടുമെന്ന് പ്രതീക്ഷിച്ച ലൂണ-25 ചന്ദ്രനിലെ ദക്ഷിണ ധ്രുവമാണ് ലക്ഷ്യമിട്ടിരുന്നത്. ശാസ്ത്രജ്ഞര്‍ക്ക് താല്‍പര്യം ഇത്തിരി കൂടുതലുള്ള ഇടമാണ് ദക്ഷിണ ധ്രുവം. ഇവിടെ തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യമുണ്ടെന്ന സംശയം സാധൂകരിക്കാനുള്ള നീക്കം പക്ഷേ, അസമയത്ത് അസ്തമിക്കുകയായിരുന്നു.

1976ല്‍ ലിയോനിഡ് ബ്രഷ്നേവ് ലൂണ-24 അയച്ചതാണ് റഷ്യ നടത്തിയ അവസാന ചാന്ദ്രദൗത്യം. വലിയ ഇടവേളക്കു ശേഷം ചൊവ്വയുടെ ഉപഗ്രഹത്തിലേക്ക് 2011ല്‍ അയച്ച ഫോബോസ്- ഗ്രണ്ട് ദൗത്യം പരാജയപ്പെട്ടത് ഈ രംഗത്ത് റഷ്യ നേരിടുന്ന കടുത്ത പ്രയാസങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു. ഭൂമിയുടെ ഭ്രമണം പോലും കടക്കാനാവാതെ പസഫിക്കില്‍ തകര്‍ന്നുവീഴുകയായിരുന്നു. ലൂണ-25 പദ്ധതി 2010ലാണ് റഷ്യ പദ്ധതിയിടുന്നത്. വര്‍ഷങ്ങളെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കി ഒടുവില്‍ ആഗസ്റ്റ് 10ന് റഷ്യയുടെ കിഴക്കൻ മേഖലയിലെ വോസ്റ്റോക്നി നിലയത്തില്‍നിന്നായിരുന്നു വിക്ഷേപിക്കപ്പെട്ടത്.

പ്രതീക്ഷ പകര്‍ന്ന് കുതിച്ചത് അവസാനം ചന്ദ്രോപരിതലത്തില്‍ പതിക്കുകയായിരുന്നു. ഈ പരാജയം മറികടക്കാൻ റഷ്യ അടുത്ത പദ്ധതികള്‍ പ്രഖ്യാപിക്കുമോയെന്നാണ് ലോകം കാത്തിരിക്കുന്നത്.ചരിത്രത്തില്‍ മൂന്നു രാജ്യങ്ങള്‍ മാത്രമാണ് ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചത്: സോവിയറ്റ് റഷ്യക്കു പുറമെ, യു.എസും ചൈനയും.സോവിയറ്റ് ഇല്ലാത്ത റഷ്യയും ഇന്ത്യയും ഏകദേശം ഒരേ സമയം എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. 2019ല്‍ ഇന്ത്യ നടത്തിയ ദൗത്യവും അവസാന നിമിഷം പരാജയപ്പെട്ടിരുന്നു.

Dailyhunt
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular