ടോക്കിയോ ∙ ആവേശത്തോടെ, ആകാംക്ഷയോടെ, പ്രാർഥനയോടെ കാത്തിരുന്ന ജനകോടികളെ നീരജ് ചോപ്ര നിരാശരാക്കിയില്ല. ഈ ഒളിംപിക്സിലെ ഏറ്റവും മികച്ച പ്രകടനം ഫൈനലിലേക്ക് കാത്തുവച്ച ഇന്ത്യയ്ക്ക്, ഇരുപത്തിമൂന്നുകാരൻ നീരജ് ചോപ്രയിലൂടെ ടോക്കിയോയിൽ ആദ്യ സ്വർണം. പുരുഷൻമാരുടെ ജാവലിൻ ത്രോയിലാണ് ചരിത്രം കുറിച്ച് നീരജ് ചോപ്ര സ്വർണം നേടിയത്. ഫൈനലിന്റെ ആദ്യ റൗണ്ടിൽ രണ്ടാം ശ്രമത്തിൽ കുറിച്ച 87.58 മീറ്റർ ദൂരമാണ് നീരജിന് സ്വർണം നേടിക്കൊടുത്തത്. നീരജ് ആദ്യ ശ്രമത്തിൽ 87.03 മീറ്റർ ദൂരം പിന്നിട്ടിരുന്നു. ചെക്ക് റിപ്പബ്ലിക് താരങ്ങളായ ജാകൂബ് വാദ്‌ലെഷ് 86.67 മീറ്ററോടെ വെള്ളിയും വെസ്‌ലി വിറ്റെസ്‌ലാവ് 85.44 മീറ്റർ ദൂരത്തോടെ വെങ്കലവും നേടി.

2017ലെ ലോക ചാംപ്യനും ഈ ഒളിംപിക്സിൽ സ്വർണം നേടാൻ ഏറ്റവുമധികം സാധ്യത കൽപിക്കപ്പെട്ട താരവുമായ ജർമനിയുടെ ജൊഹാനസ് വെറ്റർ യോഗ്യതാ റൗണ്ടിനു പിന്നാലെ ഫൈനലിലും നിറംമങ്ങി. ആദ്യ ശ്രമത്തിൽ 82.52 മീറ്റർ ദൂരം പിന്നിട്ട വെറ്റർ, അടുത്ത രണ്ടു ശ്രമങ്ങളിലും അയോഗ്യനായതോടെ ഫൈനൽ ആദ്യ റൗണ്ടിൽത്തന്നെ പുറത്തായി. യോഗ്യതാ റൗണ്ടിലും അവസാന ശ്രമത്തിലാണു വെറ്റർ യോഗ്യതാ മാർക്ക് കടന്നത്. ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ 5 പേരിൽ നീരജും വെറ്ററും മാത്രമായിരുന്നു ഫൈനലിനു യോഗ്യത നേടിയത്.
സ്വർണത്തിലേക്കുള്ള നീരജ് ചോപ്രയുടെ ഏറ്, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലേക്കുള്ള ഏറു കൂടിയായി. നീരജിലൂടെ ടോക്കിയോയിലെ ഏഴാം മെഡൽ കുറിച്ച ഇന്ത്യ, ഒളിംപിക് ചരിത്രത്തിൽ ഒറ്റ പതിപ്പിൽ നേടുന്ന ഏറ്റവുമുയർന്ന മെഡലെണ്ണമാണിത്. 2012ൽ ലണ്ടനിൽ കൈവരിച്ച ആറു മെഡലുകൾ എന്ന നേട്ടമാണ് ഏഴിലേക്ക് ഉയർത്തിയത്. പുരുഷൻമാരുടെ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 65 കിലോ വിഭാഗത്തിൽ ബജ്‌രംഗ് പൂനിയ വെങ്കലം നേടിയതോടെ ഇന്ത്യ ലണ്ടനിലെ റെക്കോർഡിന് ഒപ്പമെത്തിയിരുന്നു.
ടോക്കിയോയിൽ വനിതകളുടെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു, ഗുസ്തിയിൽ രവികുമാർ ദാഹിയ എന്നിവർ ഇന്ത്യയ്ക്കായി വെള്ളി നേടിയിരുന്നു. ബജ്‌രംഗ് പൂനിയയ്ക്കു പുറമെ ബാഡ്മിന്റൻ സിംഗിൾസിൽ പി.വി. സിന്ധു, ബോക്സിങ്ങിൽ ലവ്‌ലിന ബോർഗോഹെയ്ൻ, ഇന്ത്യൻ പുരുഷ ഹോക്കി ടീം എന്നിവർ വെങ്കലവും നേടി.
∙ ഐതിഹാസികം, ഫൈനൽ പ്രവേശവും
നേരത്തെ, ഈ ഒളിംപിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ ഇന്ത്യ ഏറ്റവുമധികം മെഡൽ പ്രതീക്ഷ പുലർത്തിയിരുന്ന ജാവലിൻ ത്രോയിൽ വിശ്വാസം കാത്താണ് ചോപ്ര ഫൈനലിന് യോഗ്യത നേടിയത്. യോഗ്യതൗ റൗണ്ടിൽ ഗ്രൂപ്പ് എയിൽ മത്സരിച്ച നീരജ് ആദ്യ ശ്രമത്തിൽത്തന്നെ 86.65 മീറ്റർ ദൂരം കണ്ടെത്തിയാണ് ഫൈനലിന് ടിക്കറ്റെടുത്തത്. രണ്ട് ഗ്രൂപ്പുകളിലായി യോഗ്യതാ റൗണ്ടിൽ മത്സരിച്ച 32 താരങ്ങളിൽ ഏറ്റവും മികച്ച ദൂരവും എ ഗ്രൂപ്പിൽനിന്ന് ഒന്നാം സ്ഥാനക്കാരനായി യോഗ്യത നേടിയ നീരജിന്റേതായിരുന്നു. 86.65 മീറ്റർ ദൂരം ക്ലിയർ ചെയ്ത നേരിട്ട് ഫൈനലിന് യോഗ്യത നേടിയതോടെ തുടർന്നുള്ള രണ്ട് അവസരങ്ങൾ താരം വിനിയോഗിച്ചുമില്ല.
ഗ്രൂപ്പ് ബിയിൽ പാക്കിസ്ഥാൻ താരം അർഷാദ് നദീം 85.16 മീറ്റർ ദൂരം കണ്ടെത്തി ഒന്നാം സ്ഥാനത്തോടെ ഫൈനലിലെത്തി. ജർമനിയുടെ സുവർണ പ്രതീക്ഷയായ ലോക ചാംപ്യനും ലോക ഒന്നാം നമ്പർ താരവുമായ ജോഹാനസ് വെറ്റർ മൂന്നാം ശ്രമത്തിൽ 85.64 മീറ്റർ ദൂരം കണ്ടെത്തി ഇരു ഗ്രൂപ്പുകളിലുമായി രണ്ടാം സ്ഥാനത്തായിരുന്നു. ഈ വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 90 മീറ്ററിനു മുകളിൽ ദൂരത്തേക്ക് ഏഴു തവണ ജാവലിൻ പായിച്ച താരമാണ് വെറ്റർ. നീരജിന്റെ ഏറ്റവും മികച്ച പ്രകടനമാകട്ടെ ഈ വർഷം മാർച്ചിൽ കുറിച്ച 88.07 മീറ്ററും.