Wednesday, May 8, 2024
HomeKeralaകുട്ടിയെ തറയിലിരുത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

കുട്ടിയെ തറയിലിരുത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തിരുവനന്തപുരം: ഫീസ് അടക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സ്കൂള്‍ പ്രിൻസിപ്പലിന്‍റെ നടപടിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

പരാതി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡറയക്ടര്‍ എസ്. ഷാനവാസിന് മന്ത്രി വി. ശിവൻകുട്ടി നിര്‍ദേശം നല്‍കി.

തിരുവനന്തപുരം ആല്‍ത്തറയിലെ ശ്രീവിദ്യാധിരാജ സ്കൂളിലാണ് സംഭവം. വിവാദമായതോടെ പ്രിൻസിപ്പല്‍ ആര്‍. ജയരാജിനെ സസ്പെന്‍ഡ് ചെയ്തതായി സ്കൂള്‍ മാനേജ്മെന്‍റ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി. സ്കൂള്‍ ഫീസ് അടക്കാൻ വൈകിയതിനാണ് ഏഴാംക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി ഉയര്‍ന്നത്. രക്ഷാകര്‍ത്താവ് പരാതിപ്പെട്ടതോടെ പ്രിൻസിപ്പലിന് തെറ്റുപറ്റിയെന്നാണ് മാനേജ്മെന്റ് ആദ്യം വിശദീകരിച്ചത്. ജനറല്‍ സയൻസ് പരീക്ഷ എഴുതുന്നതിനിടെ, പരീക്ഷ ഹാളിലേക്ക് കടന്നുവന്ന പ്രിൻസിപ്പല്‍ ജയരാജ് ഫീസ് അടക്കാത്ത കുട്ടികളോട് എഴുന്നേറ്റ് നില്‍ക്കാൻ ആവശ്യപ്പെട്ടു. ‘ഫീസ് അച്ഛനോടല്ലേ ചോദിക്കേണ്ടത്’ എന്ന് കുട്ടി പറഞ്ഞെങ്കിലും കുട്ടിയോട് തറയിലിരുന്ന് പരീക്ഷ എഴുതാൻ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് പരാതി.

വിവരമറിഞ്ഞ കുട്ടിയുടെ പിതാവ് വിളിച്ചപ്പോള്‍ നല്ല ഭംഗിയുള്ള തറയിലാണ് ഇരുത്തിയതെന്നായിരുന്നു പ്രിൻസിപ്പലിന്റെ പരിഹാസ മറുപടി. കുടുംബം ഈ വിഷയം പുറത്ത് പറഞ്ഞതോടെയാണ് പ്രിൻസിപ്പലിനെ തള്ളി മാനേജ്മെന്റ് രംഗത്തെത്തിയത്. കുട്ടിയുടെ പിതാവിനെ വിളിച്ച വിദ്യാധിരാജ സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രിൻസിപ്പലാണ് തെറ്റുചെയ്തതെന്നും പ്രശ്നം ഒത്തുതീര്‍ക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടിയെ സ്കൂള്‍ മാറ്റാമെന്ന നിലപാടിലാണ് രക്ഷിതാക്കള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular