Friday, March 29, 2024
HomeKeralaമുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; തമിഴ്നാടുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷ: ഗവര്‍ണര്‍

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; തമിഴ്നാടുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷ: ഗവര്‍ണര്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം ആവശ്യമാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. “നിലവിലെ അണക്കെട്ടിന് കാലപ്പഴക്കം ഉണ്ട്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ ഒരു ശാശ്വതമായ പരിഹാരം എങ്ങനെ കാണാമെന്നാണ് നോക്കേണ്ടത്. പരിഹാരം കാണാനായില്ലെങ്കില്‍ കോടതിയുണ്ട്. തമിഴ്നാടുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്,” ഗവര്‍ണര്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്കയായി തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ന് കേരള-തമിഴ്നാട് സര്‍ക്കാരുകളുടെ ഉന്നതതല യോഗം ചേരും. വൈകിട്ട് മൂന്ന് മണിക്കാണ് യോഗം. ഇതിന് പുറമെ ഇടുക്കി വണ്ടിപ്പെരിയാറില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ രാവിലെ 11 മണിക്കും യോഗം ചേരും. കനത്ത മഴയ്ക്ക് ശമനം വന്നതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ജലനിരപ്പ് 137.55 അടിയായി ഉയര്‍ന്നു.

തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിനേക്കാള്‍ കൂടുതലാണ് ഡാമിലേക്കുള്ള നീരൊഴുക്ക്. ഇന്നലെ വൈകിട്ട് പെയ്ത ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാനുള്ള കാരണം. കാലാവസ്ഥ പ്രതികൂലമായി തുടരുകയാണെങ്കില്‍ ഡാമിന്റെ പരമാവധി സംഭരണ ശേഷിയിലേക്ക് വേഗം എത്തുമെന്നാണ് വിലയിരുത്തല്‍. പ്രസ്തുത സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം കൊണ്ടു പോകാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് യോഗത്തില്‍ കേരളം ആവശ്യപ്പെടും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് ഉടന്‍ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. മേല്‍നോട്ട സമിതിയോട് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നതും. കേരളവും തമിഴ്നാടും ചര്‍ച്ച ചെയ്ത് തീരുമാനം സ്വീകരിക്കുകയാണെങ്കില്‍ കോടതിക്ക് ഇടപെടേണ്ട സഹാചര്യം ഇല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസ് എ.എന്‍. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് നാളെ വീണ്ടും പരിഗണിക്കും.

ചര്‍ച്ചകള്‍ക്കായി കേരളം തയാറാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. കേരളവും മേല്‍നോട്ട സമിതിയുമായി ചര്‍ച്ച ചെയ്യാമെന്ന് തമിഴ്നാട് കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാമിന്റെ ചുറ്റുവട്ടത്ത് താമസിക്കുന്നവര്‍ പരിഭ്രാന്തിയിലാണെന്നും ജലനിരപ്പ് 139 അടിയാക്കി നിര്‍ത്തണമെന്നും കേരളം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ വിഷയം ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന ഒന്നാണെന്നും ഇതൊരു രാഷ്ട്രീയ വിഷയമാക്കരുതെന്നും കോടതി വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular